രാഖിയും അഖിലും നേരത്തെ വിവാഹിതരെന്ന് പൊലീസ്; കല്യാണം നടന്നത് എറണാകുളത്തെ ക്ഷേത്രത്തില്‍ 

രാഖിയും അഖിലും നേരത്തെ വിവാഹിതരെന്ന് പൊലീസ്; കല്യാണം നടന്നത് എറണാകുളത്തെ ക്ഷേത്രത്തില്‍ 

ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്ന് മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു
Published on

തിരുവനന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും മുഖ്യപ്രതി അഖിലും വിവാഹിതരായിരുന്നുവെന്ന് പൊലീസ്. ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്ന് മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.

രണ്ടാം വിവാഹം രാഖി എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനിടെ കേസില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.  കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍്ഡ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21 ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും അച്ഛന്‍ സ്ഥിരീകരിച്ചു. 

എറണാകുളത്തേയ്ക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ രാഖി, സുഹൃത്തായ അഖിലിനെ കാണാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണിതെന്ന് പൊലീസ് പറയുന്നു. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്റെ വീടിനോട് ചേര്‍ന്ന പറമ്പില്‍ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെടുത്തത്. ഫോണ്‍കോളുകളും മറ്റും പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

അതേസമയം പൊലീസ് തിരയുന്ന സൈനികന്‍ അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്ന് പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ ലഡാക്കിലെ സൈനികകേന്ദ്രത്തില്‍ നിന്നെന്ന മട്ടില്‍ അഖില്‍ ഫോണില്‍ സംസാരിച്ചത് പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.

പുത്തന്‍കട സ്വദേശിനി രാഖിയെ കാറില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം മറവു ചെയ്യാനുള്ള കുഴി നേരത്തെ തയാറാക്കിയിരുന്നു. ഷാളോ!, കയറോ പോലുള്ള വസ്തുവാണു കഴുത്തുമുറുക്കാന്‍ ഉപയോഗിച്ചതെന്നാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍ നിന്നുള്ള സൂചനയെന്നും പൊലീസ് പറഞ്ഞു. പ്രതിയെന്ന് പൊലീസ് സംശയിക്കുന്നത് അഖിലിനെയും സഹോദരന്‍ രാഹുലിനെയുമാണ്. അടുത്തിടെ അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ് രാഖി പെണ്‍കുട്ടിയെ കണ്ടുവിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമായി പൊലീസ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com