

ആലപ്പുഴ: ബിജെപി സഖ്യം വിട്ട ജെഎസ്എസ് നേതാവ് എഎന്‍ രാജന്‍ ബാബു കോണ്‍ഗ്രസിലേക്കെന്നു സൂചന. കോണ്‍ഗ്രസില്‍ ചേരുന്നതു സംബന്ധിച്ച് രാജന്‍ ബാബു നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് അറിയുന്നത്. രാജന്‍ ബാബു കോണ്‍ഗ്രസില്‍ എത്തിയാല്‍ ആറ്റിങ്ങല്‍ സീറ്റില്‍ മത്സരിപ്പിക്കുന്നതിന് പ്രാഥമിക ധാരണയായിട്ടുണ്ട്.
യുഡിഎഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജന്‍ ബാബു വിഭാഗം എന്‍ഡിഎയുമായി ബന്ധം അവസാനിപ്പിച്ചത്. കേന്ദ്ര ഭരണസഖ്യമായിരുന്നിട്ടും എന്‍ഡിഎയില്‍ വേണ്ട വിധത്തില്‍ പരിഗണിക്കപ്പെട്ടില്ലെന്നാണ് രാജന്‍ ബാബു വിഭാഗത്തിന്റെ വിലയിരുത്തല്‍. ഘടകകക്ഷികളില്‍ ബിഡിജെഎസിനു മാത്രമാണ് ഭരണത്തിന്റെ ഭാഗമായ പദവികള്‍ ലഭിച്ചത്. ഇതിനു പിന്നാലെ ജില്ലാതല മുന്നണി നേതൃപദവികളില്‍ പോലും അവഗണിക്കപ്പെട്ട സാഹചര്യത്തിലാണ് എന്‍ഡിഎ വിടാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ പറയുന്നു.
യുഡിഎഫുമായി സഹകരിക്കുക എന്ന ലക്ഷ്യത്തോടെ രാജന്‍ ബാബു കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതൃത്വമാണ് ലയനം എന്ന ആശയം മുന്നോട്ടുവച്ചത്. കോണ്‍ഗ്രസില്‍ ലയിക്കുകയാണെങ്കില്‍ ആറ്റിങ്ങല്‍ സീറ്റില്‍ സ്ഥാനാര്‍ഥിയാക്കാം എന്ന വാഗ്ദാനം അവര്‍ മുന്നോട്ടുവച്ചതായാണ് സൂചനകള്‍. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
ഈഴവ വിഭാഗത്തില്‍നിന്ന് ഒരാളെ സ്ഥാനാര്‍ഥിത്വത്തിലേക്കു കൊണ്ടുവരിക, ഒപ്പം വെള്ളാപ്പള്ളി നടേശനുമായുള്ള അടുപ്പം മുതലെടുക്കുക എന്ന ദ്വിമുഖ തന്ത്രമാണ് രാജന്‍ ബാബുവിനെ ക്ഷണിക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇതു ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
അതേസമയം കോണ്‍ഗ്രസില്‍ ചേരുകയെന്ന നിര്‍ദേശത്തോട് രാജന്‍ ബാബു അന്തിമമായി പ്രതികരിച്ചിട്ടില്ല. യുഡിഎഫിനോടു സഹകരിച്ചുകൊണ്ട് പാര്‍ട്ടിയായി തന്നെ നിലനില്‍ക്കുക എന്നതിനാണ് ജെഎസ്എസില്‍ മുന്‍തൂക്കമെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണ് എന്ന സംശയം നേതാക്കള്‍ തന്നെ മുന്നോട്ടുവയ്ക്കുന്നുണ്ട്. രാജന്‍ ബാബുവിനു സ്ഥാനാര്‍ഥിത്വം ലഭിക്കുകയാണെങ്കില്‍ ലയനം തള്ളിക്കളയേണ്ട കാര്യമല്ലെന്ന് ഇവര്‍ വാദിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates