'രാജ്യം ആ മനുഷ്യരുടേതാണ്; ഭരണകൂടങ്ങള്‍ക്ക് അതെങ്ങനെ മനസ്സിലാക്കിക്കൊടുക്കും?' 

'രാജ്യം ആ മനുഷ്യരുടേതാണ്; ഭരണകൂടങ്ങള്‍ക്ക് അതെങ്ങനെ മനസ്സിലാക്കിക്കൊടുക്കും?' 
'രാജ്യം ആ മനുഷ്യരുടേതാണ്; ഭരണകൂടങ്ങള്‍ക്ക് അതെങ്ങനെ മനസ്സിലാക്കിക്കൊടുക്കും?' 
Updated on
1 min read

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി കെആര്‍ മീര. രാജ്യം യഥാര്‍ഥത്തില്‍ ദരിദ്രരും സാധാരണക്കാരുമായ മനുഷ്യരുടേതാണെന്ന് കോര്‍പ്പറേറ്റ് കമ്പനികളുടെ ഉടമസ്ഥര്‍ക്കും ഭരണകൂടത്തിനും മനസിലാക്കിക്കൊടുക്കാന്‍ എന്തുണ്ട് മാര്‍ഗമെന്ന് കെആര്‍ മീര ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

കെആര്‍ മീരയുടെ കുറിപ്പ്:


കഥയുടെ രാഷ്ട്രീയവും രാഷ്ട്രീയത്തിന്റെ കഥയും വ്യക്തമാക്കാന്‍ ഒരു ചെറിയ കഥ പറയാം.

കാലം 1947. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിനു തൊട്ടടുത്ത ദിവസങ്ങളിലൊന്ന്.

ഒരു ദിവസം ഗാന്ധിജിയുമായി - ഗാന്ധിജിയെക്കുറിച്ച് കേട്ടുകാണുമല്ലോ-ദീര്‍ഘദര്‍ശിയായ നമ്മുടെ ഗോഡ്‌സെജി വെടി വച്ചു കൊന്ന അര്‍ധനഗ്‌നനായ ആ ഫക്കീര്‍ - കൂടിക്കാഴ്ച നടത്താന്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റന്‍ പ്രഭു എത്തുന്നു.

ആ നേരത്തു ഗാന്ധിജി ഒരു കൂട്ടം ഗ്രാമീണരോടു സംസാരിക്കുകയായിരുന്നു.

ഗ്രാമീണര്‍ എന്നു പറഞ്ഞാല്‍ ഇന്ന് ഉത്തരേന്ത്യയില്‍ കാണുന്ന ഗ്രാമീണരെപ്പോലെയല്ല. അവരെക്കാള്‍ ഉണങ്ങി വരണ്ടവര്‍, കീറി മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചവര്‍, അക്ഷരാഭ്യാസമില്ലാത്തവര്‍.

ഗാന്ധിജി അവരോടുള്ള സംഭാഷണത്തില്‍ മുഴുകിയിരിക്കെ, മൗണ്ട് ബാറ്റന്‍ പ്രഭു അക്ഷമനായി.

ഏറെ കഴിഞ്ഞ്, എല്ലാ ഗ്രാമീണര്‍ക്കും പറയാനുള്ളതു കേട്ട്, അവരെ സമാശ്വസിപ്പിച്ച ശേഷം ഗാന്ധിജി പ്രഭുവിനെ സ്വീകരിക്കാന്‍ പുറത്തു വന്നു.

പ്രഭു അമര്‍ഷത്തോടെ പറഞ്ഞു : You forget that I am the Governor General of this coutnry.

അതായത്, ഞാന്‍ ഈ രാജ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആണെന്നു നിങ്ങള്‍ മറക്കുന്നു.

ഒരു നിമിഷം പോലും വൈകാതെ ഗാന്ധിജി മറുപടി കൊടുത്തു : But the coutnry belongs to them!

അര്‍ത്ഥം : പക്ഷേ, രാജ്യം അവരുടേതാണ്.

ആ പാവപ്പെട്ടവരുടേത്. ഗ്രാമീണരുടേത്. ഉടുക്കാന്‍ തുണിയും കഴിക്കാന്‍ ഭക്ഷണവും കിടക്കാന്‍ വീടും ഇല്ലാത്തവരുടേത്.

രാജ്യം അവരുടേതാണ്.

-കഥ ഇത്രയേയുള്ളൂ.

ഇതു ചരിത്രമാണോ കഥയാണോ എന്ന് എനിക്കു തീര്‍ച്ചയില്ല.

ചരിത്രമാകാതിരിക്കട്ടെ. ചരിത്രം തിരുത്തിയെഴുതപ്പെടുന്ന കാലമാണല്ലോ അത്.

പക്ഷേ, കഥയാണെങ്കില്‍, ഞാന്‍ കേട്ടിട്ടുള്ള ഏറ്റവും നല്ല രാഷ്ട്രീയ കഥയാണ് ഇത്.

ഇതാണു കഥയിലെ രാഷ്ട്രീയം.

ഇത്രയേയുള്ളൂ, ഏതു കഥയിലെയും രാഷ്ട്രീയം.

അതായത്, രാജ്യം യഥാര്‍ഥത്തില്‍ ജനങ്ങളുടേതാണ്. ദരിദ്രരും സാധാരണക്കാരുമായ മനുഷ്യരുടേതാണ്, അവര്‍ അധിവസിക്കുന്ന പ്രകൃതിയിലെ സര്‍വ ചരാചര ജീവികളുടേതുമാണ്.

എഴുപത്തിയൊന്നു വര്‍ഷത്തിനു ശേഷം,

തൂത്തുക്കുടിയിലെ കോര്‍പറേറ്റ് കമ്പനിയുടെ ഉടമസ്ഥര്‍ക്ക്, അവരുടേതാണു രാജ്യം എന്നു തെറ്റിദ്ധരിക്കുന്ന ഭരണകൂടത്തിന്, അവരുടെ ചട്ടുകങ്ങളാകുന്ന ഉദ്യോഗസ്ഥര്‍ക്ക്,

-ഈ കഥ മനസ്സിലാക്കിക്കൊടുക്കാന്‍ എന്തുണ്ടു മാര്‍ഗ്ഗം?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com