

കൊച്ചി: രാഷ്ട്രീയത്തിനും അതീതമായ സൗഹൃദത്തിന്റെ സംഗമവേദിയായി മുന്‍കേന്ദ്രമന്ത്രി കെ വി തോമസിന്റെ കുമ്പളങ്ങിയിലെ വീട്. കോണ്‍ഗ്രസ് നേതാക്കളായിരുന്നില്ല, വിരുദ്ധചേരിയില്‍ നില്‍ക്കുന്ന സിപിഎമ്മിന്റെ സമുന്നത നേതാക്കളായിരുന്നു തോമസ് മാഷിന്റെ വിരുന്നുകാര്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം എംഎ ബേബിയും.
കെ വി തോമസിന്റെ നേതൃത്വത്തിലുള്ള വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദ ലീഡേഴ്‌സ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു യെച്ചൂരി കൊച്ചിയില്‍ എത്തിയത്. യെച്ചൂരി വരുന്ന കാര്യം അറിയിച്ച് എം എ ബേബിയേയും ഭാര്യയേയും തോമസ് അത്താഴത്തിന് ക്ഷണിക്കുകയായിരുന്നു. ''ഇത് കരിമീനാ... കുമ്പളങ്ങി സ്‌റ്റൈലില്‍ തയ്യാറാക്കിയതാ...'' വാഴയിലയില്‍ പൊതിഞ്ഞ് ചുട്ടെടുത്ത കരിമീന്‍ യെച്ചൂരിയുടെ മുന്നിലേക്ക് നീക്കി വെച്ച് കെ വി തോമസ് പറഞ്ഞു.
വീട്ടുവളപ്പിലുള്ള കുളത്തില്‍നിന്ന് പിടിച്ചതാണ് കരിമീനെന്നും തോമസ് പറഞ്ഞു. പിന്നാലെ ചെമ്മീന്‍ ഉലര്‍ത്തിയതും കക്കയിറച്ചിയും വന്നു. കക്കയിറച്ചി കേമമെന്ന് യെച്ചൂരി. എന്നാലും ചര്‍ച്ച കരിമീനിനെക്കുറിച്ചായി. തീന്‍മേശയ്ക്കു മുന്നില്‍ രാഷ്ട്രീയത്തിന്റെ ചൂട് കലരാത്ത ചര്‍ച്ചകള്‍. രാത്രി താമസവും കെ വി തോമസിന്റെ വീട്ടില്‍ത്തന്നെ.
പിറ്റേന്ന് രാവിലെ യെച്ചൂരിക്കായി കെ വി തോമസ് പ്രത്യേക പ്രാതലൊരുക്കിയിരുന്നു. നൂലപ്പവും കടലക്കറിയും പിന്നെ നാടന്‍ മുട്ടയും. നൂലപ്പം പാത്രത്തിലേക്ക് വയ്ക്കുമ്പോള്‍, തേങ്ങാപ്പാല്‍ എവിടെയെന്നായി യെച്ചൂരി. പിന്നെ കഷണങ്ങളാക്കി പുഴുങ്ങിയ ഏത്തപ്പഴവും. കാപ്പിയാണ് സഖാവിന് പ്രിയമെന്ന് മാഷിന്റെ കമന്റ്. ഇതിനിടെ കുമ്പളങ്ങിയില്‍ തങ്ങിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ കാണാന്‍ സിപിഎം ഏരിയാ സെക്രട്ടറി പിഎ പീറ്ററും പഞ്ചായത്തംഗം കെ കെ സുരേഷ് ബാബുവുമെത്തി. ഇവര്‍ക്കെല്ലാമൊപ്പം ഗ്രൂപ്പ് ഫോട്ടോയെടുത്ത ശേഷം യെച്ചൂരി വിമാനത്താവളത്തിലേക്ക് പോകാന്‍ ഇറങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates