രാഹുല്‍ പ്രകൃതിയിലെ മികച്ച മാലാഖ, 'കഴിഞ്ഞുപോയത് യാത്രകളുടെ തുടക്കമെന്ന് തിരിച്ചറിയുന്ന പില്‍ക്കാലം കാത്തിരിപ്പുണ്ട്', വേറിട്ട കുറിപ്പ്, വൈറല്‍

വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ടും ബുദ്ധികൊണ്ടും തോല്‍പ്പിക്കാന്‍ കഴിയുന്ന പ്രകൃതിയിലെ മികച്ച മാലാഖമാരില്‍ ഒരാളാകുന്നു രാഹുല്‍ ഗാന്ധി
രാഹുല്‍ പ്രകൃതിയിലെ മികച്ച മാലാഖ, 'കഴിഞ്ഞുപോയത് യാത്രകളുടെ തുടക്കമെന്ന് തിരിച്ചറിയുന്ന പില്‍ക്കാലം കാത്തിരിപ്പുണ്ട്', വേറിട്ട കുറിപ്പ്, വൈറല്‍
Updated on
2 min read

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവും എഐസിസി സെക്രട്ടറിയുമായ പി സി വിഷ്ണുനാഥ് രംഗത്ത്. രാഹുല്‍ ഗാന്ധിയെ കുറിച്ച് ഒരു സുഹൃത്ത് എഴുതിയത് ഇവിടെ പങ്കു വയ്ക്കുന്നു എന്ന ആമുഖത്തോടെയാണ് പോസ്റ്റ്. ഒരു കൂട്ടര്‍ ജനതയെ ഐക്യത്തിലേക്ക് നയിക്കുമ്പോള്‍ മറുവശത്ത് ഭിന്നിപ്പിന്റെ, വിനാശത്തിന്റെ കേളികൊട്ടുയരും. ഇവിടെയാണ് രാഹുല്‍ ഗാന്ധി എന്ന നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തമാവുന്നത്. അത്യന്തം വിഷലിപ്തമായ കാഴ്ചകളാല്‍ നിറഞ്ഞുകവിഞ്ഞ ഈ വോട്ടുകാലത്തെ ഇത്തിരിയെങ്കിലും ഊഷ്മളമാക്കിയത് ഈ മനുഷ്യന്റെ വരവു പോക്കുകളായിരുന്നു. 

അര്‍ധരാത്രിയില്‍ വാതിലില്‍ മുട്ടിവിളിക്കുന്ന നോട്ടുനിരോധന ദുരന്തങ്ങളെ വീറോടെ എതിരിടാന്‍ വഴികാട്ടണം രാഹുല്‍. വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ടും ബുദ്ധികൊണ്ടും തോല്‍പ്പിക്കാന്‍ കഴിയുന്ന ഇന്നത്തെ ഇന്ത്യയുടെ പ്രകൃതിയിലെ മികച്ച മാലാഖമാരില്‍ ഒരാളാകുന്നു രാഹുല്‍ ഗാന്ധി. ഇന്ത്യയെ വീണ്ടെടുക്കാനുള്ള നെട്ടോട്ടത്തില്‍ വോട്ടുകളെ ജയിക്കാന്‍ ആ മനുഷ്യന്റെ ഒറ്റയാള്‍പോരാട്ടത്തിന് കഴിഞ്ഞില്ലെന്ന് കളിയാക്കാം. പക്ഷേ കഴിഞ്ഞുപോയത് അയാളുടെ യാത്രകളുടെ തുടക്കമാണെന്ന് തിരിച്ചറിയുന്ന പില്‍ക്കാലം കാത്തിരിപ്പുണ്ട്.' കുറിപ്പില്‍ പറയുന്നു.
 

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

രാഹുല്‍ ഗാന്ധിയെ കുറിച്ച് ഒരു സുഹൃത്ത് എഴുതിയത് ഇവിടെ പങ്കു വയ്ക്കുന്നു ...
രാഹുല്‍ : പ്രകൃതിയിലെ മികച്ച മാലാഖ
'ഓരോ യുദ്ധമുഖത്തു നിന്നും ഓരോ ദേശാഭിമാനിയുടെയും കല്ലറയില്‍ നിന്നും ഓരോ ഹൃദയത്തിലേക്കും നെരിപ്പോടിലേക്കും ഈ വിശാലരാജ്യത്തെ ഓരോ കോണിലേക്കും പടരുന്ന ഓര്‍മയുടെ ആ നിഗൂഢതന്ത്രികളെ നമ്മുടെ പ്രകൃതിയിലെ മികച്ച മാലാഖമാര്‍ തൊടുമ്പോഴാണ് ഐക്യത്തിന്റെ സ്വരലയം വീണ്ടുമുണരുന്നത്..' 1861 മാര്‍ച്ച് 4ന് പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ തന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലെ വരികള്‍. ജനാധിപത്യമെന്ന സങ്കീര്‍ണമായ ഭരണ സംഹിതയെ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ ജനങ്ങള്‍ നടത്തുന്ന ഭരണമെന്ന് ലളിതമായി നിര്‍വചിച്ച ലിങ്കണ്‍ സൂചിപ്പിച്ച പ്രകൃതിയിലെ മികച്ച മാലാഖമാര്‍ കൂടുതല്‍ പ്രസക്തമാകുന്ന കാലത്തേക്കാണ് ഇന്ത്യ കടക്കുന്നത്. ഏകാധിപത്യത്തിന്റെ അടയാളങ്ങള്‍ ഒരു വലിയ ജനാധിപത്യ രാജ്യത്തിനുമേല്‍ ആഞ്ഞുപതിക്കുന്ന ദയനീയ കാഴ്ചകളില്‍ ഒരുകൂട്ടം ജനതയാകെ പതറി നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.
ജനാധിപത്യത്തിന് ഗുണപരവും നന്മനിറഞ്ഞതും ക്രിയാത്മകവുമായ ചിന്തകളും പ്രവര്‍ത്തികളും മുന്നോട്ട് വയ്ക്കുന്നവരെയാണ് ഈ മാലാഖമാര്‍ പ്രതിനിധീകരിക്കുന്നത്. ഭയത്തിന്റെയും വെറുപ്പിന്റെയും വക്താക്കളായ യുദ്ധക്കൊതിയന്‍മാരെയാണ് തിന്‍മയുടെ മാലാഖമാര്‍ സൂചിപ്പിക്കുന്നത്. ഒരു കൂട്ടര്‍ ജനതയെ ഐക്യത്തിലേക്ക് നയിക്കുമ്പോള്‍ മറുവശത്ത് ഭിന്നിപ്പിന്റെ, വിനാശത്തിന്റെ കേളികൊട്ടുയരും. ഇവിടെയാണ് രാഹുല്‍ ഗാന്ധി എന്ന നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തമാവുന്നത്. അത്യന്തം വിഷലിപ്തമായ കാഴ്ചകളാല്‍ നിറഞ്ഞുകവിഞ്ഞ ഈ വോട്ടുകാലത്തെ ഇത്തിരിയെങ്കിലും ഊഷ്മളമാക്കിയത് ഈ മനുഷ്യന്റെ വരവുപോക്കുകളായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഉടനീളം അദ്ദേഹം പറഞ്ഞു, നരേന്ദ്രമോദിയടക്കം ആരോടും എനിക്ക് വെറുപ്പില്ല. യശ:ശരീരനായ പിതാവിനെ കള്ളനെന്ന് വിളിച്ചിട്ടും വിദ്വേഷ പ്രസംഗത്തിന് അദ്ദേഹം തയാറായില്ല. അസാമാന്യമായ നന്മയും ഹൃദയാഴങ്ങളില്‍ നിറഞ്ഞു തുളുമ്പുന്ന സ്‌നേഹവും ഉള്ളവര്‍ക്കേ ഇത് സാധ്യമാകൂ.
ഇതേ സ്‌നേഹവും സഹിഷ്ണുതയും ആയുധമാക്കിയാണ് മഹാത്മജി ഇന്ത്യയെ ബ്രിട്ടിഷുകാരില്‍ നിന്ന് മോചിപ്പിച്ചത്. വിദ്വേഷപ്രസംഗങ്ങള്‍ ഒരിക്കലും ഗാന്ധിജിയില്‍ നിന്ന് ഉണ്ടായില്ല. ഗാന്ധിയന്‍ ഇന്ത്യയുടെ ആധുനിക രൂപമാകുന്നു രാഹുല്‍. പോരായ്മകള്‍ ഏറെയുണ്ടാകും. നിങ്ങള്‍ക്ക് അദ്ദേഹത്തെ കഴിവുകെട്ടവന്‍ എന്ന് വിശേഷിപ്പിക്കാം. വര്‍ഷങ്ങളായി ചൊരിഞ്ഞ ആക്ഷേപങ്ങള്‍ ആവര്‍ത്തിക്കാം. എന്നാല്‍ പശുവിന്റെ പേരില്‍, ദലിതനായതിന്റെ പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലുന്ന, സ്ത്രീയെ രണ്ടാം തരമായി കാണുന്ന 'ആധുനിക ഇന്ത്യ'യില്‍ രാഹുലിന്റെ നേതൃത്വത്തിന് പ്രസക്തി ഏറുകയാണെന്ന് ഇനിയും ബോധ്യമായില്ലെങ്കില്‍ നിങ്ങള്‍ പുതിയ ഇന്ത്യയെ കാണുന്നത് ഹൃദയം കൊണ്ടല്ല. കപട ദേശീയതയ്ക്കും അഭിനവ സന്യാസിമാര്‍ക്കും വൈവിധ്യങ്ങളുടെ ഈ മഹാരാജ്യത്തെ ഏറെക്കാലം ഒരുമിച്ച് കൊണ്ടുപോകാനാകില്ല. വിയോജിപ്പുകളെയും എതിര്‍ സ്വരങ്ങളെയും അംഗീകരിക്കുന്നവര്‍ക്കേ 'നാനാത്വത്തിലെ ഏകത്വം' കാത്തുപരിപാലിക്കാനാകൂ. ഹൃദയവിശാലതയും ഹൃദയവിശുദ്ധിയുമാണ് രാഹുല്‍ ഗാന്ധി എന്ന നാല്‍പത്തിയെട്ടുകാരന്റെ സമ്പത്ത്. പുതിയകാലത്തെ രാഷ്ട്രീയത്തിന് അന്യമാകുന്ന നന്‍മകളുടെ ആകെത്തുകയാണ് ഈ മനുഷ്യന്‍.
ജീവനു തുല്യം സ്‌നേഹിച്ച രണ്ടു പേര്‍ അതിക്രൂരമായി കൊല്ലപ്പെടുന്നത് കണ്ടു വളര്‍ന്നിട്ടും വിദ്വേഷമോ വെറുപ്പോ ഇല്ലാതെ പെരുമാറാന്‍ കഴിയുന്നുണ്ടെങ്കില്‍ അതൊരു അദ്ഭുതം തന്നെയാണ്. കുടുംബവാഴ്ചയെക്കുറിച്ച് അട്ടഹസിക്കുന്നവര്‍ രാഹുലിന്റെ കുടുംബം ഈ രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി രക്തസാക്ഷികളായവരാണെന്നത് സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നു. പണ്ഡിറ്റിന്റെ ജീനും ഇന്ദിരയുടെയും രാജീവിന്റെയും രക്തവുമാണ് ഈ കര്‍മയോഗിയെ സൃഷ്ടിച്ചത് എന്ന് ഈ തിരഞ്ഞെടുപ്പ് കാലത്തെ വാക്കുകളില്‍, ഇടപെടലുകളില്‍ അദ്ദേഹം തെളിയിച്ചു. വിദ്വേഷവും പരിഹാസവും വാരിവിതറുന്ന സമൂഹമാധ്യമ ഇടപെടലുകള്‍ വായിച്ചുതള്ളുന്നവരും രാഹുല്‍ എന്ന മനുഷ്യനെ, അയാളിലെ മനുഷ്യപ്പറ്റിനെ കാണാതെ പോകുന്നു. ഹൃദയത്തില്‍ തൊട്ടിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്നു.
ഒന്ന് അറിയുക. നാളെ ഈ രാജ്യം ന്യൂനപക്ഷ ഭൂരിപക്ഷ പോരാട്ടത്തിലേക്ക് നീങ്ങിയാല്‍, മതത്തിന്റെ പേരില്‍ നമ്മുടെ പെണ്‍മക്കളെ മാനഭംഗപ്പെടുത്തിയാല്‍, തീവ്രവാദം നിരപരാധികളുടെ ചോരവീഴ്ത്തിയാല്‍, ഹൃദയം നിറഞ്ഞ സ്‌നേഹവും നിഷ്‌ക്കളങ്കമായ പുഞ്ചിരിയുമായി കടന്നുവരുന്ന ഈ മനുഷ്യനെ നമുക്ക് വേണ്ടിവരും. രാജ്യത്തിനെതിരെ യുദ്ധം ചെയ്ത തീവ്രവാദികളും ധീരയോദ്ധാക്കളെ അപമാനിക്കുന്നവരും ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് ഇരിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരനായി ഈ ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നെങ്കിലെന്ന് ഒരു കാലം നിങ്ങളും സങ്കടപ്പെടും.
കോടതിയും ഭരണഘടനയുമെല്ലാം ഏകാധിപതികളുടെ ഭീഷണിക്കുമുന്നില്‍ ചൂളി നില്‍ക്കുമ്പോള്‍ അത് ഉച്ചത്തില്‍ വിളിച്ചുപറയാന്‍ വിദ്യാഭ്യാസവും പരന്ന വായനയും തെളിഞ്ഞ ബുദ്ധിയും രാഹുല്‍ തല ഉയര്‍ത്തി നില്‍ക്കണം. അര്‍ധരാത്രിയില്‍ വാതിലില്‍ മുട്ടിവിളിക്കുന്ന നോട്ടുനിരോധന ദുരന്തങ്ങളെ വീറോടെ എതിരിടാന്‍ വഴികാട്ടണം രാഹുല്‍. വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ടും ബുദ്ധികൊണ്ടും തോല്‍പ്പിക്കാന്‍ കഴിയുന്ന ഇന്നത്തെ ഇന്ത്യയുടെ പ്രകൃതിയിലെ മികച്ച മാലാഖമാരില്‍ ഒരാളാകുന്നു രാഹുല്‍ ഗാന്ധി. ഇന്ത്യയെ വീണ്ടെടുക്കാനുള്ള നെട്ടോട്ടത്തില്‍ വോട്ടുകളെ ജയിക്കാന്‍ ആ മനുഷ്യന്റെ ഒറ്റയാള്‍പോരാട്ടത്തിന് കഴിഞ്ഞില്ലെന്ന് കളിയാക്കാം. പക്ഷേ കഴിഞ്ഞുപോയത് അയാളുടെ യാത്രകളുടെ തുടക്കമാണെന്ന് തിരിച്ചറിയുന്ന പില്‍ക്കാലം കാത്തിരിപ്പുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com