

മുംബൈ: ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റീജോഷിന്റെ മരണത്തില്‍ പ്രതികളായ വസീമിന്റെയും ലിജിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. റിജോഷിന്റെ രണ്ടരവയസ്സുകാരിയായ മകളുടെ സംസ്‌കാരം ഇന്ന് വൈകീട്ട് മുംബൈയില്‍ നടക്കും. റിജോഷിന്റെ ബന്ധുക്കള്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്. ഭര്‍ത്താവ് റിജോഷിനെ കൊന്ന ശേഷമായിരുന്നു വസീമും ലിജിയും കുഞ്ഞിനെയുമായി മുംബൈയിലേക്ക് നാടുവിട്ടത്.
ശനിയാഴ്ച ഉച്ചയ്ക്കാണു പന്‍വേലിലെ ലോഡ്ജില്‍ ജൊവാനയെ മരിച്ച നിലയിലും ഇവരെ അവശ നിലയിലും കണ്ടെത്തിയത്. ആരോഗ്യ നില മെച്ചപ്പെട്ടാല്‍ ലിജിയുടെയും വസീമിന്റെയും അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഒക്ടോബര്‍ 31 നാണു റിജോഷിനെ കാണാതായത്. തുടര്‍ന്നു നവംബര്‍ ഏഴിനു റിജോഷിന്റെ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കേസില്‍ വസീമാണ് ഒന്നാം പ്രതി. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനു വസീമിന്റെ സഹോദരന്‍ ഫഹാദ്(25) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോടതി ഫഹാദിനെ റിമാന്‍ഡ് ചെയ്തു. വസീമിന്റെ വാട്‌സാപ് സന്ദേശം പിന്തുടര്‍ന്നാണ് അന്വേഷണ സംഘം പന്‍വേലില്‍ എത്തിയത്.
പുത്തടി മഷ്‌റൂം ഹട്ട് എന്ന ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജരുമായ വസീമും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. 11 വര്‍ഷം മുന്‍പ് പ്രണയിച്ചു വിവാഹം ചെയ്ത റിജോഷിന്റെയും ലിജിയുടെയും വീടുകള്‍ പുത്തടിയില്‍ അടുത്തടുത്താണ്. ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാര്‍ ആദ്യം എതിരായിരുന്നു എന്നാണു പറയപ്പെടുന്നത്. റിജോഷിന്റെ നിര്‍ബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടില്‍ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വര്‍ഷം മുന്‍പാണ് ഫാം ഹൗസില്‍ ജോലിക്കു പോയി തുടങ്ങിയത്.
ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുന്‍പ് ലിജി ഫാമിലെ ഏലത്തോട്ടത്തില്‍ ജോലിക്കു പോയി തുടങ്ങി. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാന്‍ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു. വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല. ഒക്ടോബര്‍ 31ന് കാണാതായ റിജോഷ് പിറ്റേന്ന് വീട്ടില്‍ എത്താത്തത് വീട്ടുകാരില്‍ സംശയമുണ്ടാക്കിയതും ഇതുകൊണ്ടാണ്. റിജോഷിന്റെ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ മക്കള്‍ക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും ഇല്ല. ലത്തീന്‍ സഭയിലെ വൈദികനായ മൂത്ത സഹോദരന്‍ വിജോഷും ഇളയ സഹോദരന്‍ ജിജോഷും റിജോഷുമായി പിരിയാനാവാത്ത സ്‌നേഹ ബന്ധത്തിലായിരുന്നു. സഹോദരങ്ങളെ പോലെ തന്നെ അച്ഛന്‍ വിന്‍സെന്റിനും അമ്മ കൊച്ചുറാണിക്കും റിജോഷിന്റെയും കൊച്ചുമകള്‍ ജൊവാനയുടെയും വേര്‍പാട് താങ്ങാവുന്നതിലധികമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates