റീബില്‍ഡ് കേരള: ലോകബങ്കില്‍നിന്ന് 3500 കോടി വായ്പയെടുക്കും

റീബില്‍ഡ് കേരള: ലോകബങ്കില്‍നിന്ന് 3500 കോടി വായ്പയെടുക്കും
റീബില്‍ഡ് കേരള: ലോകബങ്കില്‍നിന്ന് 3500 കോടി വായ്പയെടുക്കും
Updated on
1 min read

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തെ പുനര്‍ നിര്‍മിക്കുന്നതിന് ലോകബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ലോകബാങ്കിന്റെ ആദ്യ വികസന വായ്പയായി ഏകദേശം 3500 കോടി രൂപ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ പഠനം യു.എന്‍ ഏജന്‍സികളും ലോക ബാങ്കും ചേര്‍ന്ന് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ കേരള നിര്‍മ്മിതിക്ക് ഏകദേശം 32,000 കോടി രൂപ ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്ന പുനര്‍നിര്‍മ്മാണ സംവിധാനത്തിന് രൂപം നല്‍കുകയുണ്ടായി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകബാങ്കിന്റെ ആദ്യ വികസന വായ്പയായി ഏകദേശം 3500 കോടി രൂപ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. 70:30 അനുപാതത്തിലാകും വായ്പ ലഭ്യമാക്കുക. ലോകബാങ്ക് 3500 കോടി രൂപ ലഭ്യമാക്കുമ്പോള്‍ പദ്ധതി പ്രവര്‍ത്തനത്തിനായി ആകെ 5000 കോടിയിലധികം രൂപ കേരളത്തിന് ഉപയോഗിക്കാനാകും. ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസത്തോടെ വായ്പ ലഭിക്കുന്നതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഇതിനു പുറമെ, ബൃഹത്തായ പുനര്‍നിര്‍മ്മാണത്തിനായി ദുരന്തനിവാരണം, പരിസ്ഥിതി, സ്ഥാപന ശാക്തീകരണം, വിവര സമുച്ചയങ്ങളുടെ ഉപയോഗം എന്നീ നാലു തലങ്ങളും ജലവിഭവം, ജലവിതരണം, സാനിറ്റേഷന്‍, നഗരമേഖല, റോഡുകളും പാലങ്ങളും, ഗതാഗതം, വനം, കൃഷിയും അനുബന്ധ മേഖലകളും, മത്സ്യബന്ധനം, ഉപജീവനം, ഭൂവിനിയോഗം എന്നീ 11 മേഖലകളും ഉള്‍പ്പെടുന്ന റീബില്‍ഡ് കേരള വികസന പദ്ധതിയുടെ കരട് രേഖ മന്ത്രിസഭ പരിഗണിച്ചു. 

ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി ഈ രേഖ ഇന്ന് വൈകുന്നേരം വിലയിരുത്തും. പൊതുജനങ്ങളുടെയും വിദേശ മലയാളികളുടെയും പ്രൊഫഷണലുകളുടെയും ആര്‍.കെ.ഐ ഉപദേശകസമിതിയുടെയും അഭിപ്രായനിര്‍ദ്ദേശങ്ങള്‍ കൂടി ശേഖരിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും അംഗീകാരങ്ങള്‍ നല്‍കാനും ചീഫ് സെക്രട്ടറിയെയും ആര്‍.കെ.ഐ സി.ഇ.ഒയെയും മന്ത്രിസഭ ചുമതലപ്പെടുത്തി.

വായ്പ ലഭ്യമാക്കുന്നതിനു മുന്നോടിയായി അംഗീകരിക്കേണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കുകയും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അതത് വകുപ്പുകളെ ചുമതലപ്പെടുത്തുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com