റെഡ്ക്രസന്റിന്റെ കാരുണ്യ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തിയിട്ടായാലും, സര്‍ക്കാരിനെ കരിതേക്കാനാണ് ശ്രമം : കോടിയേരി

റെഡ്ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണെന്ന് കോടിയേരി പറയുന്നു
റെഡ്ക്രസന്റിന്റെ കാരുണ്യ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തിയിട്ടായാലും, സര്‍ക്കാരിനെ കരിതേക്കാനാണ് ശ്രമം : കോടിയേരി
Updated on
1 min read

തിരുവനന്തപുരം:   വടക്കാഞ്ചേരിയില്‍ വീടു നിര്‍മാണത്തിന് റെഡ് ക്രസന്റിനെ ഏല്‍പ്പിച്ച നടപടി വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ ആഗോള മുദ്രയായ റെഡ്ക്രസന്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ അവരുടെ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതി വടക്കാഞ്ചേരിയില്‍ നടപ്പാക്കിവരികയാണ്. വീട് നിര്‍മിക്കാനുള്ള ഏജന്‍സിയെ നിര്‍ണയിച്ചതില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ല. റെഡ്ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണെന്ന് കോടിയേരി പറയുന്നു. 

'വേണ്ടത് വിവാദമല്ല വികസനം' എന്ന തലക്കെട്ടില്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം. റെഡ്ക്രസന്റിന്റെ കാരുണ്യ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തിയിട്ടായാലും വേണ്ടില്ല സര്‍ക്കാരിനുമേല്‍ കരിതേച്ചാല്‍ മതിയെന്ന ചിന്തയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രതിപക്ഷവും.  സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീയുടെ മൊഴി ഉപയോഗപ്പെടുത്തി സര്‍ക്കാരിനെ സംശയത്തിന്റെ പുകമറയിലാക്കാനാണ് പ്രതിപക്ഷത്തിന്റെയും അവരുടെ ഒത്താശക്കാരായ മാധ്യമങ്ങളുടെയും ശ്രമമെന്നും കോടിയേരി ആരോപിക്കുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റേയും ആര്‍എസ്എസ് നയിക്കുന്ന ബിജെപിയുടേയും മുദ്രാവാക്യം വികസനം മുരടിച്ചാലും വേണ്ടില്ല, വിവാദം വളര്‍ത്തി എല്‍ഡിഎഫ് ഭരണത്തെ ദുര്‍ബലപ്പെടുത്തണം എന്നതാണ്. വികസനത്തിന് വഴിതെളിക്കുന്ന എല്‍ഡിഎഫ് വേണോ വഴി മുടക്കുന്ന യുഡിഎഫ് -ബിജെപി വേണോ എന്നതാണ് ചോദ്യം. നാടിന് ആവശ്യം വിവാദമല്ല, വികസനമാണ്. കോര്‍പറേറ്റുകള്‍ക്ക് കീഴ്‌പ്പെട്ടുകൊണ്ടോ സ്വകാര്യവല്‍ക്കരണം വ്യാപകമാക്കിക്കൊണ്ടോ ഉള്ള നവ ഉദാരണവല്‍ക്കരണ സാമ്പത്തിക നയമല്ല സര്‍ക്കാര്‍ നടപ്പാക്കുന്നത്. കെയിന്‍സിന്റെ മുതലാളിത്തസിദ്ധാന്തമാണോ ട്രംപിന്റെ അമേരിക്കന്‍ മോഡലാണോ ചൈനയുടെ വഴിയാണോ എന്നെല്ലാമുള്ള അക്കാദമിക് ചര്‍ച്ചകളില്‍പ്പോലും കേരളമാതൃക പരിഗണിക്കപ്പെടുന്നു എന്നും കോടിയേരി അഭിപ്രായപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com