റെയിൽവേ സ്റ്റേഷനുകളിൽ ഇനി അപ്പവും മുട്ടക്കറിയും പഴംപൊരിയും ഒന്നും കിട്ടില്ല; പകരം കിട്ടുന്നത് ഇവ

റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റിരുന്ന കേരളീയ വിഭവങ്ങളിൽ മിക്കതും പുറത്ത്
റെയിൽവേ സ്റ്റേഷനുകളിൽ ഇനി അപ്പവും മുട്ടക്കറിയും പഴംപൊരിയും ഒന്നും കിട്ടില്ല; പകരം കിട്ടുന്നത് ഇവ
Updated on
1 min read

കൊച്ചി: റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റിരുന്ന കേരളീയ വിഭവങ്ങളിൽ മിക്കതും പുറത്ത്. അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊന്നും പുതുക്കിയ മെനുവിൽ ഇല്ല. റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും (വിആർആർ), റസ്റ്റോറന്റുകളിലെയും ഭക്ഷണ നിരക്ക് രണ്ടിരട്ടി കൂട്ടിയതിനു പുറമേയാണ് പുതിയ മെനുവിൽ കേരളീയ വിഭവങ്ങൾ മിക്കതും പുറത്തായത്. നാരങ്ങാ വെളളം ഉൾപ്പെടെ പാനീയങ്ങളും സ്റ്റാളുകളിൽ നിന്ന് ഒഴിവാക്കി.

ഉഴുന്നുവട, പരിപ്പുവട എന്നിവ നിലനിർത്തിയപ്പോൾ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ എന്നിവ പുറത്തായി. പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ സ്റ്റാളുകളിൽ വിൽക്കും. സ്നാക്ക് മീൽ വിഭാഗത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് മസാല ദോശയും തൈര്, സാമ്പാർ സാദവുമൊക്കെയാണുളളത്. രാജ്മ ചാവൽ, ചോള ബട്ടൂര, പാവ് ബാജി, കിച്ചടി, പൊങ്കൽ, കുൽച്ച എന്നിവയാണു പട്ടികയിലുളള മറ്റ് വിഭവങ്ങൾ.

ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിനു പിന്നാലെ സ്റ്റാളുകളിലെ നിരക്കുകളും തോന്നിയ പോലെയാണ് കൂട്ടിയിരിക്കുന്നത്. ഊണിന്റെ വില 35 രൂപയിൽ നിന്ന് ഒറ്റയടിക്ക് 70 രൂപയാക്കി. എട്ടര രൂപയുടെ ഉഴുന്നു വടയ്ക്കും പരിപ്പു വടയ്ക്കും 15 രൂപ നൽകണം. ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവ രണ്ടെണ്ണത്തിന് 20 രൂപ.

ഉത്തരേന്ത്യൻ വിഭവങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നു പരാതിയുയർന്നിട്ടുണ്ട്. ഐആർസിടിസിക്ക് ചെന്നൈയിൽ ദക്ഷിണ മേഖല ജനറൽ മാനേജരും എറണാകുളത്തു റീജനൽ മാനേജരുമുണ്ട്. മെനുവിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാൻ ഇവർ തയാറായിട്ടില്ലെന്നും ആരോപണമുണ്ട്.

ഏഴ് പൂരിയും കിഴങ്ങു കറിയും അടങ്ങുന്ന 20 രൂപയുടെ ജനതാ മീൽ മെനുവിലുണ്ടെങ്കിലും റെസ്റ്റോറന്റുകളിൽ എവിടെയും നൽകുന്നില്ല. കേരളത്തിൽ ആരും ആവശ്യപ്പെടാറില്ലെന്ന ന്യായം പറഞ്ഞാണു കരാറുകാർ ഇത് ഒഴിവാക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കു സഹായമാകുന്ന ഭക്ഷണപ്പാക്കേജാണ് ഇത്.

പ്രഭാത ഭക്ഷണത്തിൽ രണ്ട് ഇഡലിക്കൊപ്പം 30 ഗ്രാം വീതമുളള രണ്ട് ഉഴുന്നു വട നിർബന്ധമായി വാങ്ങണം. മൂന്നാമതൊരു ഇഡലി വേണമെങ്കിൽ വീണ്ടും ഇതേ കോംബോ 35 രൂപ കൊടുത്തു വാങ്ങണം. ഇത് പല സ്റ്റേഷനുകളിലും തർക്കത്തിനിടയാക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണു (ഐആർസിടിസി) മെനു പരിഷ്കരിച്ചു നിരക്കുകൾ കൂട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com