

തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഖത്തറിലെ വ്യവസായി സത്താറിനെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് യുവതിയുടെ മുൻ ഭർത്താവായ സത്താറാണെന്ന് കേസിലെ മുഖ്യപ്രതി അലിഭായി പൊലീസിനോട് സമ്മതിച്ചിരുന്നു. സത്താറിന് ഖത്തറിൽ നാലരക്കോടിരൂപയുടെ സാമ്പത്തിക ബാധ്യതയുള്ളതിനാൽ നാട്ടിലേക്ക് വരുന്നതിന് യാത്രാവിലക്കുണ്ട്. അത് മറികടക്കാനുള്ള സാധ്യതകൾ പൊലീസ് തേടുന്നുണ്ട്.
അതിനിടെ കേസിൽ അറസ്റ്റിലായ രണ്ടാംപ്രതി അലിഭായ് എന്ന മുഹമ്മദ് സ്വാലിഹ്, നാലാംപ്രതി തൻസീർ, അഞ്ചാംപ്രതി സ്വാതിസന്തോഷ്, ഏഴാം പ്രതി യാസീൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഏപ്രിൽ 25വരെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നാല് സംഘങ്ങളായാണ് തെളിവെടുപ്പ് നടക്കുന്നത്.
കേസിലെ രണ്ടും നാലും പ്രതികളായ സ്വാലിഹിനെയും തൻസീറിനെയും മജിസ്ട്രേറ്റിന് മുന്നിൽ ഒന്നാം സാക്ഷി കുട്ടൻ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇവർക്കൊപ്പം കേസിൽ നേരിട്ട് ബന്ധമുള്ള അപ്പുണ്ണിയെ കൂടി ഒന്നാം സാക്ഷി തിരിച്ചറിയേണ്ടതുണ്ട്. അപ്പുണ്ണിയെ രണ്ടുദിവസത്തിനകം കസ്റ്റഡിയിൽ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ മാർച്ച് 27ന് പുലർച്ചെ രണ്ടോടെയാണ് നാടൻപാട്ട് കലാകാരൻകൂടിയായ മടവൂർ രാജേഷ് ഭവനിൽ രാജേഷ് കൊല്ലപ്പെട്ടത്. രാജേഷ് നേരത്തേ ഗൾഫിൽ ആയിരുന്ന സമയത്ത് പരിചയപ്പെട്ട നൃത്താധ്യാപികയുമായുള്ള സൗഹൃദമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates