

പുരോഗമിച്ചു എന്ന് അഹങ്കരിക്കുന്ന കേരളസമൂഹത്തില്‍ നാറ്റത്തിന്റെ കാറ്റടിക്കുകയാണെന്ന് കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. 'എല്ലാം തികഞ്ഞ' കേരളസമൂഹത്തിന്റെ ലേറ്റസ്റ്റ് പരിണാമം നന്മയുടെ ദിശയിലേക്കല്ലെന്ന് പ്രശാന്ത് നായര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. അഹങ്കാരവും ദേഷ്യവും താന്‍പെരുമയും ധാര്‍ഷ്ട്യവും പരസ്പരം അപമാനിക്കലും തെറി പറയലും പരിഹസിക്കലും വേദനിപ്പിക്കലും കൊല്ലലും എല്ലാം ഫാഷനബിളായ നല്ല ബെസ്റ്റ് സമൂഹമായി കേരളം മാറിയെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിമര്‍ശനം.
പ്രശാന്ത് നായരുടെ കുറിപ്പ്:
കേരള മോഡല്‍ കൊലമാസ്സാണ്.
ഇരുന്നൂറുവര്‍ഷം മുന്‍പ് ആധുനിക അമേരിക്കയില്‍ അടിമക്കച്ചവടം സ്വീകാര്യമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലാണ് പലയിടത്തും സ്ത്രീകള്‍ വോട്ടാവകാശം നേടിയത്. മാറ്റം പൊതുവേ നന്മയുടെ ദിശയിലേക്കായിരുന്നുവെങ്കിലും 'എന്താ വാര്യരേ നന്നാവാത്തേ?' എന്ന് ചോദിപ്പിക്കുന്ന ഒറ്റപ്പെട്ട പോക്കറ്റുകളും ഉണ്ട്. ഉദാഹരണത്തിന് ശൈശവ വിവാഹം ഇന്നും നടക്കുന്ന ചെറുസമൂഹങ്ങളുണ്ട്. ജാതിഭ്രാന്തും മതഭ്രാന്തും മൂത്ത് മനുഷ്യര്‍ തമ്മില്‍ കൊല്ലുന്ന നാടുകളുണ്ട്. സതി അനുഷ്ഠിക്കുന്നത് കിടിലമാണെന്ന് വിശ്വസിക്കുന്ന ടീംസുണ്ട്. കഴിഞ്ഞ ആഴ്ച പോലും മോചിപ്പിക്കപ്പെട്ട അടിമകളുണ്ട്. എന്നാല്‍ ഈ കൂതറ പോക്കറ്റുകള്‍ സത്യത്തില്‍ നമ്മളെ വല്ലാതെ അസ്വസ്ഥരാക്കേണ്ടതില്ല. ബൗധികമായും ഭൗതികമായും പിന്നോക്കം നില്‍ക്കുന്ന, മാറ്റങ്ങള്‍ എത്താന്‍ വൈകിയ സ്ഥലങ്ങളില്‍ അധികം വൈകാതെ മാറ്റത്തിന്റെ കാറ്റടിച്ചോളും.
പക്ഷേ നാറ്റത്തിന്റെ കാറ്റടിക്കുന്നുണ്ട്, പുരോഗമിച്ചു എന്ന് അഹങ്കരിക്കുന്ന കേരളസമൂഹത്തില്‍. 'എല്ലാം തികഞ്ഞ' കേരളസമൂഹത്തിന്റെ ലേറ്റസ്റ്റ് പരിണാമം നേരത്തെ പറഞ്ഞ നന്മയുടെ ദിശയിലേക്കല്ല. ഒറ്റപ്പെട്ട പോക്കറ്റുകളുടെ കാര്യവുമല്ല പറഞ്ഞ് വരുന്നത്. അഹങ്കാരവും, ദേഷ്യവും, താന്‍പെരുമയും, ധാര്‍ഷ്ട്യവും, പരസ്പരം അപമാനിക്കലും, തെറി പറയലും, പരിഹസിക്കലും, വേദനിപ്പിക്കലും, കൊല്ലലും എല്ലാം ഫാഷനബിളായ നല്ല ബെസ്റ്റ് സമൂഹമായി കേരളം മാറി എന്ന് നമ്മള്‍ ഇനിയെങ്കിലും വ്യസനസമേതം തിരിച്ചറിയണം. പ്രതിലോമപരമായ ഒരു വലിയ സാമൂഹ്യ പരിവര്‍ത്തനത്തിന് നമ്മള്‍ സാക്ഷ്യം വഹിക്കുകയാണ്. ജിമിക്കിക്കമ്മല്‍ പോലെ ഇതും ചര്‍ച്ച ചെയ്യപ്പെടണം. പക്ഷേ നമ്മള്‍ ചര്‍ച്ച ചെയ്യില്ല. നമ്മള്‍ പകരം രാഷ്ട്രീയപ്പാര്‍ട്ടി പറയും (ആരും ഇക്കാലത്ത് രാഷ്ട്രീയം പറയാറില്ല. കാരണം രാഷ്ട്രീയത്തെയും, രാഷ്ട്രീയ പാര്‍ട്ടിയെയും, രാഷ്ട്രീയനേതാവിനെയും തമ്മില്‍ തിരിച്ചറിയാത്ത പിഞ്ച് മനസ്സുകളാണ് എല്ലായിടത്തും)
വ്യക്തികളോ, പാര്‍ട്ടികളോ, സംഘടനകളോ, പ്രസ്ഥാനങ്ങളോ അല്ല ഇന്നത്തെ പ്രശ്‌നം കാരണം, അവയൊക്കെ തിരിച്ചറിയാന്‍ പറ്റാത്ത വിധം വെറുപ്പും അസഹിഷ്ണുതയും ക്രൗര്യവും മാല്‍സര്യവും ലാവിഷായി കുത്തിനിറച്ചവയാണ്. സത്യത്തില്‍ അവയൊന്നും വേര്‍തിരിച്ചറിയാന്‍ പോലും പറ്റുന്നില്ല. പോരാത്തതിന് പല ഐറ്റംസും വ്യാജമാണ്. ലേബലില്‍ സ്‌കോച്ച് വിസ്‌കിയും അകത്ത് പട്ടച്ചാരായവും എങ്കിലും ലേബലിനോടുള്ള വിധേയത്തം കാരണം മിണ്ടാന്‍ പറ്റാത്ത മദ്യപാനിയുടെ അവസ്ഥയിലാണ് ശരാശരി മലയാളി.
ഇന്നത്തെ ശത്രുവായി നിങ്ങള്‍ കാണുന്നതല്ല യഥാര്‍ത്ഥ കാലിക ശത്രു. എന്റെയും നിന്റെയും ഉള്ളിലെ, വറ്റിക്കൊണ്ടിരിക്കുന്ന, ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആര്‍ദ്രതയാണ് പ്രശ്‌നം. പരസ്പരം കൂടിവരുന്ന അകാരണമായുള്ള വെറുപ്പാണ് ഇഷ്യു. അസഹിഷ്ണുതയാണ് പ്രോബ്ലം. അതിന്റെ പരിഹാരം തിരിച്ച് ഇരട്ടി വെറുപ്പും അസഹിഷ്ണുതയും പ്രകടിപ്പിച്ച് ചേരിതിരിയലാണെന്ന് വിശ്വസിക്കുന്ന നിഷ്‌കുകളാണ് ഇന്നത്തെ സാമൂഹ്യഅധഃപതനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഒരുത്തന്റെ ജനനവും, ജീവിതവും, വേഷവും, വിശ്വാസവും, എന്തിന് പേരുപോലും അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന, മറ്റൊരു വ്യക്തിയുടെ പെഴ്‌സണല്‍ വിഷയങ്ങളില്‍ നിര്‍ലജ്ജം ഇടപെടാമെന്ന് ശഠിക്കുന്ന മതവിശ്വാസികളും സമാന സ്വഭാവം കാണിക്കുന്ന വ്യാജപുരോഗമനബുജികളുമാണ് കേരളത്തിന്റെ ഐശ്വര്യം. രണ്ടും തീവ്ര ലൈന്‍!
കരുണയും ആര്‍ദ്രതയും ഇല്ലെങ്കില്‍ പിന്നെന്ത് ഉണ്ടായിട്ടെന്ത് കാര്യം? സമൂഹത്തിന്റെ പൊതുബോധത്തില്‍ നിന്ന് ആര്‍ദ്രത വറ്റിയാല്‍, ഇപ്പൊ സാരമില്ല, നമുക്കത് പിന്നീട് സൗകര്യം പോലെ വീണ്ടെടുക്കാം എന്ന് കരുതുന്നത് മൗഢ്യമാണ്. ഈയൊരു സാധനം പോയാല്‍ പോയതാണ്. പരിണാമത്തില്‍ മനുഷ്യന് വാല് എന്നെന്നേക്കും നഷ്ടപ്പെട്ട പോലെ.
ആര്‍ദ്രതയും സ്‌നേഹവും കരുണയും ഇല്ലാത്തിടത്ത് മനുഷ്യര്‍ അപമാനിക്കപ്പെടും, തെറി പറയപ്പെടും, വേദനിക്കപ്പെടും, കൊല്ലപ്പെടും. അച്ഛന്‍ മകളെ കൊല്ലും, മകന്‍ അമ്മയെ കൊല്ലും, മക്കളെയും, മരുമക്കളെയും പേരക്കുട്ടികളെയും കൊല്ലും, പോലീസുകാര്‍ ആരെയും കൊല്ലും ഇതെല്ലാം അവരവരുടെ ശരികളായി ആഘോഷിക്കപ്പെടും. ഇത് കണ്ടും കേട്ടും പഠിച്ച് നാളെ നമ്മുടെ മക്കളുടെ തലമുറക്ക് തീരെ ഇല്ലാത്ത ഒന്നായിരിക്കുമോ കരുണയുള്ള മനസ്സ്?
ഇത്രയും പറഞ്ഞ് വെച്ചാലും, 'ഞാനല്ല ടീച്ചറേ അടി തുടങ്ങിയത്, മറ്റവനാ കുഴപ്പക്കാരന്‍' എന്ന് പറയുന്ന ഒന്നാം ക്ലാസ്സുകാരന്‍ ചെക്കന്റെ പക്വതയാണ് ഒരു ശരാശരി മലയാളി പ്രദര്‍ശിപ്പിക്കുക. നമ്മളൊക്കെ പണ്ടേ പെര്‍ഫെക്റ്റ് എന്ന ഭാവം. അതുകൊണ്ട് തന്നെയാണ് കേരള മോഡല്‍ ഓഫ് അധഃപതനം കൊലമാസ്സായി തുടരുന്നത്. ഈ ഫേസ്ബുക്ക് തന്നെ കേരളസമൂഹത്തിന്റെ പരിച്ഛേദമാണ്. ഒരാളും അവനവന്റെ അധഃപതനം മറ്റാരുടെയും അധഃപതനം കൊണ്ട് ന്യായീകരിക്കരുത് എന്നേ പറയാനുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates