ലൈംഗിക ചൂഷണത്തിന് 'ലൗ പില്‍' ; സിന്തറ്റിക് ഡ്രഗ്‌സ് സജീവം ; ആടിപ്പാടി രസിക്കാന്‍ പ്രത്യേക 'പാര്‍ട്ടികള്‍'

പുതിയ അംഗങ്ങളെ കൊണ്ടു വരുന്നവര്‍ക്ക് ചില 'ആനുകൂല്യങ്ങളും' പാര്‍ട്ടിയില്‍ ലഭിക്കും
ലൈംഗിക ചൂഷണത്തിന് 'ലൗ പില്‍' ; സിന്തറ്റിക് ഡ്രഗ്‌സ് സജീവം ; ആടിപ്പാടി രസിക്കാന്‍ പ്രത്യേക 'പാര്‍ട്ടികള്‍'
Updated on
1 min read

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ നിന്നും ലഹരിമരുന്നുമായി യുവാവ് പിടിയിലായതോടെ, പുറത്തുവരുന്നത് ലഹരി മാഫിയയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍.  മടവൂര്‍ പുല്ലാളൂര്‍ മേലെ മഠത്തില്‍ ഉഷസ് നിവാസില്‍ രജിലേഷ് എന്ന അപ്പുവിനെ (27വയസ്സ്) നെയാണ് പൊലീസും ആന്റി നാര്‍ക്കോട്ടിക് സംഘവും ചേര്‍ന്ന് പിടികൂടിയത്. 

നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍ക്കാനായി കൊണ്ടുവന്ന 6 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ യും 35 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നു കണ്ടെടുത്തു. ഇയാള്‍ക്കു ലഹരിമരുന്ന് എത്തിച്ചു കൊടുക്കുന്നവരെ കുറിച്ചും, ഇയാളില്‍ നിന്നു വാങ്ങിക്കുന്നവരെക്കുറിച്ചുള്ള സൂചനകള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. 

ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണു സിന്തറ്റിക് ഡ്രഗ്‌സ് നഗരത്തിലെത്തുന്നത്. നഗരത്തിലെ പുതുതലമുറക്കാരെയും വിദ്യാര്‍ഥികളെയുമാണ് മാഫിയസംഘം ലക്ഷ്യമിടുന്നത്. പുതുതലമുറക്കാര്‍ക്കായി നഗരത്തില്‍ പലേടത്തും ഇവര്‍ പാര്‍ട്ടികള്‍ നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം പാര്‍ട്ടികളില്‍ വച്ചു ചെറിയ തോതില്‍ സിന്തറ്റിക് ലഹരി വിതരണം ചെയ്യുകയാണ് പതിവ്. അതിനായി പ്രത്യേക പാക്കേജാണ്. 

പുതുമുഖങ്ങള്‍ക്കു ചെറിയ തുകയ്ക്കു പ്രവേശനം അനുവദിക്കും. തുക നല്‍കിയാല്‍ പാര്‍ട്ടിയില്‍ പാടിയും ആടിയും രസിക്കാം. ഒപ്പം ലഹരിയും നുകരാം. ആവശ്യപ്പെടുന്ന ലഹരിയുടെ അളവ് അനുസരിച്ചു പ്രവേശന ഫീസ് വര്‍ധിക്കും. ഇത്തരം പാര്‍ട്ടികളില്‍ പെണ്‍കുട്ടികളും പങ്കെടുക്കുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഒന്നോ രണ്ടോ തവണ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ അതിന്റെ അടിമകളായി മാറും. അവര്‍ പിന്നീട് എവിടെ പാര്‍ട്ടി നടന്നാലും അവര്‍ എങ്ങനെയും പണമുണ്ടാക്കി അവിടെയെത്തും. 

പൊലീസിന്റെ ശ്രദ്ധ പതിയും എന്നതിനാല്‍ ഇത്തരം പാര്‍ട്ടികള്‍ ഒരേ സ്ഥലത്തു തുടര്‍ച്ചയായി നടത്താറില്ല. സ്ഥലം മാറ്റിക്കൊണ്ടിരിക്കും. അതിന്റെ വിശദാംശങ്ങള്‍ സ്ഥിരം അംഗങ്ങളെ യഥാസമയം അറിയിക്കും. സ്ഥിരം അഗങ്ങളിലൂടെയാണ് പുതിവര്‍ക്കി പ്രവേശനം നല്‍കുക. പുതിയ അംഗങ്ങളെ കൊണ്ടു വരുന്നവര്‍ക്ക് ചില 'ആനുകൂല്യങ്ങളും' പാര്‍ട്ടിയില്‍ ലഭിക്കും. ലഹരി ഉപയോഗിച്ചു ആടി പാടി രസിക്കാം എന്നതിലപ്പുറം ഒന്നും അനുവദിക്കില്ല. 

സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്നവര്‍ ചുറ്റുപാടുകളെ മറന്നു പ്രവര്‍ത്തിക്കും. അപകടങ്ങളെക്കുറിച്ചു പോലും ബാധമുണ്ടാകില്ല. കുറച്ചു കാലം ഉപയോഗിക്കുന്നതോടെ ആത്മഹത്യ പ്രവണത, അക്രമ സ്വഭാവം തുടങ്ങിയവ ഉണ്ടാകും. കൂടുതല്‍ കാലം ഉപയോഗിക്കുന്നതോടെ ആന്തരികാവയവങ്ങള്‍ തകരാറിലാകുകയും ചെയ്യും. പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും ലൗ പില്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എംഡിഎംഎ ഉപയോഗിക്കുന്നുണ്ട്. കൂടിയ അളവില്‍ സിന്തറ്റിക് ഡ്രഗ് ഉപയോഗിച്ചാല്‍ മരണം വരെ സംഭവിക്കും.നഗരത്തിലെ ചില ലോഡ്ജുകള്‍ കേന്ദ്രീകരിച്ചു നിശാപാര്‍ട്ടികള്‍ നടക്കുന്നതായും അതുവഴി ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്നു ടൗണ്‍ സിഐ ഉമേഷ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com