വണ്ണപ്പുറം കൂട്ടക്കൊല : അടുത്ത പരിചയക്കാരായ രണ്ടുപേര്‍ പിടിയില്‍ ; സംശയമുള്ള 15 പേരുടെ പട്ടിക തയ്യാറാക്കി 

കമ്പകക്കാനത്ത് ഗൃഹനാഥനെയും കുടംബത്തെയും കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചിട്ട സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലായി
വണ്ണപ്പുറം കൂട്ടക്കൊല : അടുത്ത പരിചയക്കാരായ രണ്ടുപേര്‍ പിടിയില്‍ ; സംശയമുള്ള 15 പേരുടെ പട്ടിക തയ്യാറാക്കി 
Updated on
2 min read

ഇടുക്കി : തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്ത് ഗൃഹനാഥനെയും കുടംബത്തെയും കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചിട്ട സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലായി. കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത് പരിചയമുള്ള രണ്ടുപേരാണ് കസ്റ്റഡിയിലായത്. മന്ത്രവാദവുമായി ബന്ധപ്പെട്ട് കൃഷ്ണനുമൊത്ത് പ്രവര്‍ത്തിച്ചിരുന്നവരെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. ഇവരെ ഉന്നത പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംശയമുള്ള 15 പേരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കി. കേസുമായി ബന്ധപ്പെട്ട് വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അമ്പതിലേറെ പേരെ ചോദ്യം ചെയ്തിരുന്നു. 

തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിന്റെ നേതൃത്വത്തില്‍ കാളിയാര്‍, തൊടുപുഴ, കഞ്ഞിക്കുഴി സിഐമാരും പൊലീസുകാരും സൈബര്‍ വിഭാഗവും ഉള്‍പ്പെട്ട 40 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അഞ്ച് സംഘങ്ങളായാണ് അന്വേഷണം.  ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്. 

കൊല്ലപ്പെട്ട നാലുപേരുടെയും മൊബൈല്‍ ഫോണ്‍ വീട്ടില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആര്‍ഷയുടേത് മാത്രം പാസ് വേർഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത നിലയിലാണ്. ഇത് തുറക്കാനായിട്ടില്ല. മറ്റുള്ളവരുടെ ഫോണില്‍നിന്ന് കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ വിളിച്ച കോളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അടുത്തകാലത്ത് കൃഷ്ണന്‍ വാങ്ങിയ സ്വകാര്യ കമ്പനിയുടെ സിമ്മോടുകൂടിയുള്ള ഫോണും കണ്ടെത്തിയിട്ടുണ്ട്.

മൊബൈൽ ഫോണിലൂടെയുള്ള ആശയ വിനിമയങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് സേന ഉപയോഗിക്കുന്ന നൂതന സംവിധാനമായ സ്പെക്ട്ര സംവിധാനം ഈ കേസിലും ഉപയോ​ഗിക്കാൻ പൊലീസ് തീരുമാനിച്ചു. മലപ്പുറം പൊലീസിന്റെ കൈവശമാണ് ‘സ്പെക്ട്ര’ സംവിധാനമുള്ളത്. ജില്ലാ സൈബർ സെല്ലുകളാണ് സ്പെക്ട്രയെത്തിച്ച് കേസ് അന്വേഷിക്കുന്നത്. മലപ്പുറത്തു നിന്ന് അടിയന്തരമായി സ്പെക്ട്ര എത്തിക്കുമെന്ന് ജില്ലാ പൊലീസ് അധികൃതർ സൂചിപ്പിച്ചു. 

​ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിക്കുന്നതിനിടെ  പ്രതികൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഏറെനേരത്തെ മൽപ്പിടിത്തത്തിന് ഒടുവിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൃഷ്ണൻ 20 വർഷമായി കൈയിൽ കരുതുന്ന കത്തി ചോരപുരണ്ട നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതക ശ്രമത്തിനിടെ കൃഷ്ണന്റെ ഭാഗത്തുനിന്ന് ശക്തമായ ചെറുത്തുനിൽപ്പ് ഉണ്ടായിട്ടുണ്ടായിരിക്കാമെന്നും ഈ കത്തി ഉപയോഗിച്ച് പ്രതികൾക്ക് പരിക്കേറ്റിരിക്കാമെന്നുമാണ് പോലീസ് നിഗമനം. ഇവിടെനിന്ന് കണ്ടെത്തിയ ചുറ്റികയും കൃഷ്ണന്റെ വീട്ടിൽനിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു. 

വീടും പരിസരവും കൃത്യമായി അറിയാവുന്ന ഒന്നോ അതിലധികമോ ആളുകൾ കൊല നടത്തുംമുമ്പ് കൃഷ്ണന്റെ വീട്ടിലെത്തിയിരുന്നതായാണ് പോലീസിന്റെ നിഗമനം. ഇതുകൊണ്ടാണ് മുൻവാതിൽ തകർക്കാതെ വീടിനുള്ളിൽ കടക്കാനായത്. വീട്ടിലെത്തിയവരുമായി തർക്കമുണ്ടാകുകയും,  വാക്കേറ്റം രൂക്ഷമായപ്പോൾ വീട്ടിലെത്തിയവരിൽനിന്നുള്ള സൂചനയുടെ അടിസ്ഥാനത്തിൽ കാത്തുനിന്നവർ ഇവിടേക്ക് എത്തിയെന്നുമാണ് പ്രാഥമിക നി​ഗമനം. ഇവർകൂടി ചേർന്ന് കൃഷ്ണനെയും കുടുംബത്തെയും  വധിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

അർജുനെ കൊലപ്പെടുത്തിയത് ഏറെനേരത്തെ ബലപ്രയോഗത്തിനു ശേഷമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന. അർജുന്റെ തലയിൽ മാത്രം പതിനേഴ് വെട്ടുകളുണ്ട്. മുഖവും മറ്റും ഇരുമ്പുപോലുള്ള വസ്തു ഉപയോഗിച്ചുള്ള അടിയേറ്റ് തകർന്നിട്ടുണ്ട്. കൃഷ്ണനെ ആക്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചതാവാം വീട്ടിലെ മറ്റംഗങ്ങളെയും കൊലപ്പെടുത്താൻ കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. എല്ലാവരുടെയും ശരീരത്തിൽ വെട്ടേറ്റിട്ടുണ്ട്. വീട്ടിൽനിന്ന് കണ്ടെത്തിയ കത്തി കൂടാതെ മറ്റ് ആയുധങ്ങളും കൊലയ്ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന സൂചനയാണുള്ളത്.

മോഷണശ്രമമല്ല, കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസ്. അതേസമയം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയതായി ബന്ധുക്കൾ പറയുന്നു. വീട്ടിൽ 35 പവനോളം സ്വർണം ഉണ്ടായിരുന്നതായി സുശീലയുടെ സഹോദരി ഓമന പറഞ്ഞു. എന്നാൽ ഇവയൊന്നും മൃതദേഹത്തില്‍ നിന്നോ വീട്ടില്‍നിന്നോ കണ്ടെത്താനായിട്ടില്ല. ഇത് പോലീസും സ്ഥിരീകരിക്കുന്നു. കൃത്യത്തിനുശേഷം ഈ സ്വര്‍ണവും അക്രമികൾ കൊണ്ടുപോയെന്നാണ് പോലീസ് കരുതുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com