

ദുബായ്: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള 'വന്ദേഭാരത്' ദൗത്യം മൂന്നാംഘട്ടത്തിൽ ഇന്ന് കേരളത്തിലെത്തുക ആയിരത്തോളം പ്രവാസികൾ. യുഎഇയിൽ നിന്നാണ് പ്രവാസി മലയാളികൾ നാട്ടിലെത്തുക. ദുബായിൽനിന്നും അബുദാബിയിൽനിന്നും മൂന്നുവീതം വിമാനങ്ങളാണുള്ളത്.
ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് ഐ. എക്സ് 1434 വിമാനം പ്രാദേശികസമയം രാവിലെ 11.50-ന് പുറപ്പെടും. ദുബായ്-കണ്ണൂർ എയർഇന്ത്യ എക്സ്‌പ്രസ് ഐ.എക്സ് 1746 ഉച്ചയ്ക്ക് 12.50-നാണ് യാത്ര തിരിക്കുക. ദുബായ്-കോഴിക്കോട് ഐ.എക്സ് 1344 ഉച്ചതിരിഞ്ഞ് 3.20-ന് പുറപ്പെടും. അബുദാബി-കോഴിക്കോട് ഐ.എക്സ് 1348 ഉച്ചയ്ക്ക് 12.20-നും അബുദാബി-കൊച്ചി ഐ. എക്സ് 1452 ഉച്ചയ്ക്ക് 1.50-നും അബുദാബി-തിരുവനന്തപുരം ഐ. എക്സ് 1538 ഉച്ചതിരിഞ്ഞ് 3.20-നും യാത്രതിരിക്കും. കൂടാതെ അബുദാബിയിൽനിന്ന് രാവിലെ 11.25-ന് എയർഇന്ത്യ എക്സ്‌പ്രസ് ഐ.എക്സ് 1116 വിമാനം അമൃത്‌സറിലേക്കും അവിടെനിന്ന് ഡൽഹിയിലേക്കും സർവീസ് നടത്തും.
വിമാനത്താവളത്തിലെ ക്രമീകരണങ്ങൾക്കനുസരിച്ച് സമയക്രമങ്ങളിൽ നേരിയ വ്യത്യാസമുണ്ടാകാം. ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കോവിഡ് 19 റാപ്പിഡ് ടെസ്റ്റും തെർമൽ സ്കാനിങും ഉണ്ടായിരിക്കും. യാത്രക്കാർ നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണം. 27 ആഴ്ചയോ അതിൽ കൂടുതലോ ആയ ഗർഭിണികൾ 72 മണിക്കൂർ വരെ സാധുതയുള്ള ഫിറ്റ് ടു ഫ്ളൈ സർട്ടിഫിക്കറ്റ് കരുതണം.
ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും എംബസി ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ നേരിട്ടെത്തി യാത്രക്കാർക്കുവേണ്ട നിർദേശങ്ങൾ നൽകും. തൊഴിൽനഷ്ടപ്പെട്ടവർ, രോഗികൾ, ഗർഭിണികൾ, സന്ദർശകർ തുടങ്ങിയവർക്കുതന്നെയാണ് ആദ്യ രണ്ട് ഘട്ടങ്ങളിലേതുപോലെ ഇത്തവണയും മടക്കയാത്രയിൽ മുൻഗണന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates