പത്തനംതിട്ട : ശബരിമലയിൽ പോകുന്ന അയ്യപ്പ ഭക്തർ ഇനി ബിസ്ക്കറ്റ് കയ്യിൽ കരുതേണ്ട. ശബരിമലയിലും പരിസരത്തും ബിസ്കറ്റിന് വനം- വന്യജീവി വകുപ്പ് നിരോധനം ഏർപ്പെടുത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കടകളിൽ ബിസ്കറ്റ് വിൽക്കുന്നതും നിരോധിച്ചു. പ്ലാസ്റ്റിക് ചേർന്ന കവറുകളിലാണ് ബിസ്കറ്റ് പായ്ക്ക് ചെയ്തു വരുന്നതെന്നും ഇതു വന്യജീവികളുടെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.
ദീർഘദൂരത്ത് നിന്നും വരുന്ന തീർഥാടകരിൽ നല്ലൊരുഭാഗവും യാത്രയിൽ ലഘുഭക്ഷണമായി ബിസ്കറ്റാണു കഴിച്ചുവരുന്നത്. എന്നാൽ ഇതിന് ബദൽ സംവിധാനങ്ങൾ ഒന്നും ഏർപ്പെടുത്താതെയാണ് നിരോധനം. ഇതിനു പുറമേ പ്ലാസ്റ്റിക് ചേരുവയോടു കൂടിയ കവറുകളിൽ പായ്ക്കു ചെയ്തുവരുന്ന ശീതളപാനിയങ്ങൾ, പേസ്റ്റ്, വെളിച്ചെണ്ണ എന്നിവയുടെ വിൽപനയും തടഞ്ഞു.
മൂന്നു വർഷം മുമ്പ് ഇതുപോലെ പെട്ടെന്നായിരുന്നു കടകളിലെ കുപ്പിവെളള വിൽപനയും നിരോധിച്ചത്. ദേവസ്വം ബോർഡും ജല അതോറിറ്റിയും ബദൽ സംവിധാനം ഒരുക്കിയ ശേഷം കഴിഞ്ഞ വർഷം മുതലാണ് ഇതിന്റെ ബുദ്ധിമുട്ടു മാറിയത്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തീർഥാടകരുടെ തിരക്കു കുറഞ്ഞതും കാരണം ഇത്തവണ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കടകൾ ലേലത്തിൽ പോയില്ല. ഇതിനിടെ ബിസ്ക്കറ്റ്, ശീതള പാനീയങ്ങൾ, പേസ്റ്റ് തുടങ്ങിയവ നിരോധിച്ചത് കടക്കാർക്ക് ഇരുട്ടടിയായി മാറിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates