കോഴിക്കോട് : കേരളത്തെ ഞെട്ടിച്ച കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍ക്ക് പിണറായിയിലെ കൂട്ടക്കൊലപാതകങ്ങളുമായി സാമ്യതകളേറെ. പിണറായിയില്‍ സൗമ്യ തന്റെ മക്കളെയും സ്വന്തം അച്ഛനെയും അമ്മയെയുമാണ് പലപ്പോഴായി വിഷം കൊടുത്തുകൊന്നത്. വഴി വിട്ട ബന്ധങ്ങള്‍ ചോദ്യം ചെയ്യുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു സൗമ്യ അരുംകൊലയ്ക്ക് മുതിര്‍ന്നത്. കൂടത്തായിയിലും അടുത്ത ബന്ധു തന്നെയാണ് പ്രതിസ്ഥാനത്തെത്തുന്നത്. കൊല്ലപ്പെട്ട ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യ ജോളിയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകന്റെ മകളായ ആല്‍ഫൈന്‍(2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്.റോയി തോമസിന്റെ ഭാര്യ ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ ദുരൂഹതയുടെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച് ജോളിയെ വിശദമായി അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.
ഇതിന് സമാനമായ കൊലപാതകം ഏഴു വര്‍ഷം മുമ്പാണ് പിണറായിയില്‍ ഉണ്ടായത്. കൂടത്തായിയില്‍ സംഭവിച്ചതു പോലെ ഒരു വീട്ടില്‍ നാലു മാസത്തിനിടെ മൂന്നു മരണങ്ങള്‍ സംഭവിച്ചു. എല്ലാവരും മരിച്ചത് ഛര്‍ദിയെത്തുടര്‍ന്ന്. വീട്ടില്‍ അവശേഷിച്ച യുവതിയും ഛര്‍ദിച്ച് ആശുപത്രിയിലായതോടെ നാട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസാണ് സംഭവത്തിലെ ഗൂഡാലോചന വെളിയില്‍ കൊണ്ടുവന്നത്. കേസില്‍ അറസ്റ്റിലായി ജയിലിലായ സൗമ്യ വിചാരണ നടക്കുന്നതിനിടെ, ജയില്‍വളപ്പിലെ കശുമാവില്‍ സാരിത്തുമ്പില്‍ തൂങ്ങി ജീവനൊടുക്കുകയും ചെയ്തു.
2012 സെപ്റ്റംബറിലാണ് പിണറായി പടന്നക്കരയില്‍ കുഞ്ഞിക്കണ്ണന്റെ വീട്ടില്‍ ആദ്യ മരണം സംഭവിക്കുന്നത്. കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യയുടെ മകളായ ഒരു വയസുള്ള കീര്‍ത്തന ഛര്‍ദിയെത്തുടര്‍ന്ന് മരിച്ചു. സംശയമില്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയില്ല. 2018 ജനുവരി 21ന് സൗമ്യയുടെ മൂത്ത മകള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഐശ്വര്യയും ഛര്‍ദിയെത്തുടര്‍ന്നു മരിച്ചു. പരാതിയില്ലാത്തതിനാല്‍ ഐശ്വര്യയെയും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയില്ല.
കുഞ്ഞിക്കണ്ണന്റെ ഭാര്യ കമല (68) മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍(76) ഏപ്രില്‍ 13നും ഛര്‍ദിയെത്തുടര്‍ന്നു മരിച്ചു. ഛര്‍ദിയെത്തുടര്‍ന്നാണ് എല്ലാ മരണങ്ങളും എന്നു മനസിലായതോടെ നാട്ടുകാരും ആശങ്കാകുലരായി. ഇതോടെ കിണറിലെ വെള്ളത്തില്‍ വിഷമുണ്ടെന്നായിരുന്നു സൗമ്യയുടെ പ്രചരണം. വീട്ടിലെയും പ്രദേശത്തെ കിണറുകളിലെയും വെള്ളം പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. മരണങ്ങള്‍ക്കു പിന്നില്‍ അസ്വഭാവികതയുണ്ടെന്ന നിലപാടിലായിരുന്നു അയല്‍ക്കാരും നാട്ടുകാരും.
മരണത്തില്‍ സംശയമുണ്ടെന്നു ബന്ധു പരാതി നല്‍കിയതിനെത്തുടര്‍ന്ന് സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ (9) മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. പരിയാരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ഇതിനു ദിവസങ്ങള്‍ക്ക് മുന്‍പ് സൗമ്യയുടെ അമ്മ കമലമ്മയുടേയും അച്ഛന്‍ കുഞ്ഞിക്കണ്ണന്റെയും പോസ്റ്റുമോര്‍ട്ടവും നടത്തിയിരുന്നു. ശരീരത്തില്‍ അലുമിനീയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയത് പൊലീസില്‍ കൂടുതല്‍ സംശയം ഉണ്ടാക്കി.
എലിവിഷത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുവായ അലൂമിനിയം ഫോസ്‌ഫേറ്റ് ചെറിയ അളവില്‍ ശരീരത്തില്‍ പ്രവേശിച്ചാലും അപകടകരമാണ്. ഏപ്രില്‍ 17ന് ഛര്‍ദിയെത്തുടര്‍ന്ന് സൗമ്യയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. പരിശോധനയില്‍ സൗമ്യയ്ക്ക് ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലെന്നു തെളിഞ്ഞു. സൗമ്യയുടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ്, ഭര്‍ത്താവുമായി അകന്നു കഴിയുന്ന സൗമ്യയ്ക്ക് പല പുരുഷന്‍മാരുമായും ബന്ധമുണ്ടെന്നു മനസിലാക്കി. സൗമ്യയുടെ മൊബൈലില്‍നിന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചു. ആശുപത്രിയില്‍ നിന്നു തലശ്ശേരി റെസ്റ്റ്ഹൗസിലേക്ക് കൊണ്ടു പോയ സൗമ്യ ചോദ്യം ചെയ്യലില്‍ ആദ്യം പിടിച്ചു നിന്നെങ്കിലും പൊലീസ് തെളിവുകള്‍ നിരത്തിയതോടെ കുറ്റസമ്മതം നടത്തി.
മനസാസ്ത്രപരമായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സൗമ്യ കുറ്റസമ്മതം നടത്തിയത്. ജീവിതപശ്ചാത്തലം മനസിലാക്കി സൗമ്യയുമായി അടുപ്പം സ്ഥാപിച്ച് മനഃശാസ്ത്രപരമായി കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന രീതിയാണ് കേസില്‍ പൊലീസ് സ്വീകരിച്ചത്. 'ഭര്‍ത്താവ് വല്ലാതെ ഉപദ്രവിക്കുമായിരുന്നല്ലേ' എന്ന ഡിവൈഎസ്പി പി പി സദാനന്ദന്റെ ചോദ്യമാണ് കുറ്റസമ്മതത്തിലേക്ക് സൗമ്യയെ നയിച്ചത്. പ്രേമിച്ച് കല്യാണം കഴിച്ച ഭര്‍ത്താവിന്റെ ക്രൂരതകള്‍ വിവരിച്ച സൗമ്യ, കൊലയിലേക്ക് നയിച്ച കാരങ്ങളും വിശദീകരിച്ചു. 'ഭര്‍ത്താവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു. സ്‌നേഹിച്ചാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ നാള്‍മുതല്‍ സംശയമായിരുന്നു. ഇളയ മകള്‍ തന്റേതല്ലെന്ന് ഒരിക്കല്‍ അയാള്‍ പറഞ്ഞു. വിഷം കുടിച്ചു മരിക്കാന്‍ തീരുമാനിച്ചതാണ്. അയാള്‍ കുടിച്ചില്ല. താന്‍ കുടിച്ചു. ആശുപത്രിയിലായി.'
'ഭര്‍ത്താവില്ലാതായതോടെ വരുമാനം നിലച്ചു. അച്ഛന് ജോലിക്ക് പോകാന്‍ ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അമ്മ ജോലിക്കുപോയെങ്കിലും വീട്ടിലെ സ്ഥിതി മാറിയില്ല. പിന്നീട് താന്‍ ജോലിക്ക് പോയി തുടങ്ങി. ജോലിസ്ഥലത്തെ ഒരു സ്ത്രീയാണ് ചില പുരുഷന്‍മാരെ പരിചയപ്പെടുത്തിയത്. വരുമാനം കിട്ടിയതോടെ കൂടുതല്‍ പുരുഷ സുഹൃത്തുക്കളുണ്ടായി. ഒരിക്കല്‍ തന്റെ വീട്ടിലെത്തിയ പുരുഷ സുഹൃത്തിനെ മകള്‍ കണ്ടു. അവള്‍ തന്റെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതോടെ അവളോടും അമ്മയോടും ദേഷ്യമായി.' സൗമ്യ പറഞ്ഞു.
'മകളെ ഒഴിവാക്കിയാല്‍ പ്രശ്‌നം തീരുമെന്ന് കരുതി അല്ലേ?' എന്ന ചോദ്യത്തിന് 'അതേ'യെന്ന് സൗമ്യ മറുപടി നല്‍കി. ഇളയ മകളെയും കൊല്ലുകയായിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് മറുപടി നല്‍കി. അച്ഛനേയും അമ്മയേയും മകളേയും എങ്ങനെ വിഷം കൊടുത്തു കൊന്നു എന്ന് വിവരിച്ചു. കുടുംബത്തെ ഇല്ലാതാക്കിയാല്‍ കാമുകനോടൊപ്പം താമസിക്കാമെന്നായിരുന്നു സൗമ്യ ചിന്തിച്ചത്. ഇളയ കുട്ടിയെ കൊന്നത് സൗമ്യ അല്ലെന്നും അസുഖബാധിതയായാണു കുട്ടി മരിച്ചതെന്നും പൊലീസ് കണ്ടെത്തി. രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പിക്കാനിരിക്കേ 2018 ഓഗസ്റ്റ് 24നാണ് കണ്ണൂര്‍ വനിതാ ജയില്‍ വളപ്പിലെ കശുമാവില്‍ സാരി ഉപയോഗിച്ച് സൗമ്യ തൂങ്ങി മരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates