

തിരുവനന്തപുരം: പൊതുവേദിയില്‍ തന്നെ അധിക്ഷേപിച്ചു സംസാരിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങള്‍ സ്വന്തം നിലവാരത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിഫലനങ്ങള്‍ മാത്രമാണെന്ന് വിഎം സുധീരന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിപദത്തിലിരുന്ന് ഗുരു അരുതെന്നു പറഞ്ഞ കാര്യങ്ങള്‍ ചെയ്യുകയാണ് വെള്ളാപ്പള്ളിയെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.
കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ഓട്ടോെ്രെഡവര്‍ നൗഷാദിനെ മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമായിട്ടാണ് എല്ലാവരും കണ്ടത്. എന്നാല്‍ നൗഷാദിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ ആക്ഷേപിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. ഇതിനെതിരെ വ്യാപകവും ശക്തവുമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
നൗഷാദിന്റെ ജീവത്യാഗത്തിന്റെ നന്മയും മഹത്വവും ഉള്‍ക്കൊള്ളുന്നതിന് പകരം ആ സംഭവത്തെ തുടര്‍ന്ന് മതവിദ്വേഷവും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വളര്‍ത്താന്‍ ഇടവരുന്ന പ്രസംഗമാണ് വെള്ളാപ്പള്ളി ആലുവയില്‍ നടത്തിയത്. ഇത് നിയമവിരുദ്ധമാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പേരില്‍ കേസ്സെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് അന്നത്തെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയത് ശരിയായ നടപടിയാണെന്ന് ഇന്നും ഉറച്ച് വിശ്വസിക്കുന്നു.
ഇത്തരത്തിലുള്ള നടപടി വെള്ളാപ്പള്ളിയുടെയോ മറ്റാരുടെയോ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ശക്തമായ നിലപാട് തന്നെയായിരിക്കും ഇനിയും സ്വീകരിക്കുക.
ജാതിമതങ്ങള്‍ക്കതീതമായി മനുഷ്യനും മനുഷ്യത്വത്തിനും പ്രാധാന്യം നല്‍കിയ ശ്രീനാരായണഗുരുസ്വാമികളുടെ ധര്‍മ്മപരിപാലനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് എസ്എന്‍ഡിപി യോഗം.ആ മഹാ പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി പദത്തിലിരുന്ന് ഗുരു അരുതെന്ന് വിലക്കിയ കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തു വരുന്ന വെള്ളാപ്പള്ളി നടത്തിവരുന്നത് തികഞ്ഞ ഗുരുനിന്ദയാണ്.
താനിരിക്കുന്ന പദവിയെ തന്നെ അവഹേളിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി ജനങ്ങള്‍ക്കിടയില്‍ സ്വയം പരിഹാസ്യനായി മാറിയിരിക്കുകയാണ്. വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങള്‍ സ്വന്തം നിലവാരത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിഫലനങ്ങള്‍ മാത്രമാണ്- സുധീരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates