പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുഞ്ഞുങ്ങള്‍ മരിച്ച സംഭവം ആത്മഹത്യയാണെന്ന് അന്വേഷണസംഘം മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. എന്നാല്‍ സാഹചര്യത്തെളിവുകളൊന്നും ആത്മഹത്യയാണെന്ന് തെളിയിക്കുന്നതല്ലെന്ന് അവരുടെ വീട് കാണുകയും പെണ്‍കുട്ടികളുടെ രക്ഷിതാക്കളോട് സംസാരിക്കുകയും ചെയ്താല്‍ ആര്‍ക്കും മനസ്സിലാവുന്നതേയുള്ളു. പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും സംഭവങ്ങള്‍ വിവരിക്കുന്ന ദൃശ്യങ്ങള്‍ ചുവടെ.
ക്യാമറ: ഷെഫീഖ് താമരശ്ശേരി
ജനുവരി 13നാണ് ഷാജി- ഭാഗ്യവതി ദമ്പതികളുടെ മൂത്തമകള്‍ വീടിനുള്ളില്‍ മരിച്ചത് ഇരുവരും അറിയുന്നത്. പെണ്‍കുട്ടി താല്‍ക്കാലികമായി ഉണ്ടാക്കിയ വീടിന്റെ കഴുക്കോലില്‍ തുണി കെട്ടി മരിച്ച നിലയിലായിരുന്നു. പോലീസ് ഒരു ദിവസത്തിനുശേഷമാണ് അവിടെനിന്നും മൃതദേഹം മാറ്റാന്‍പോലും കൂട്ടാക്കിയത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തതാണോ അല്ലയോ എന്ന കാര്യത്തില്‍ വീട്ടുകാര്‍ക്ക് വ്യക്തമായി അറിവുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ മരണം നടന്ന ദിവസം രണ്ടുപേര്‍ മുഖത്ത് ടവ്വല്‍കൊണ്ട് മറച്ച് വീട്ടില്‍നിന്നും ഇറങ്ങിപ്പോകുന്നതായി ഇളയകുട്ടി കണ്ടിരുന്നതായി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം വീട്ടുകാര്‍ പോലീസില്‍ പരാതിയായി പറഞ്ഞിരുന്നുവെങ്കിലും പോലീസ് അക്കാര്യത്തില്‍ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ ശ്രമിക്കാതെ, ''പ്രശ്‌നമൊന്നും ഉണ്ടാക്കേണ്ട. ആത്മഹത്യയാണ്'' എന്ന് വീട്ടുകാരെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. ഇത് എന്തിനായിരുന്നു?
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാതിരിക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായി. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ ടി. പ്രിയദ പെണ്‍കുട്ടി ലൈംഗിക പീഢനത്തിന് ഇരയായിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പോലീസ് അന്ന് വീട്ടുകാര്‍ക്ക് കൊടുക്കാതെ കുറച്ചുദിവസം മാറ്റിവെച്ചതെന്തിന്? രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നത് രണ്ടാമത്തെ കുട്ടി കണ്ടതിനെക്കുറിച്ച് പോലീസിനോട് പറഞ്ഞത് മൊഴിയായി രേഖപ്പെടുത്തത് പോലീസിന്റെ വീഴ്ചയല്ലേ? അങ്ങനെയാണെങ്കില്‍ അത് തെളിവായി കണക്കാക്കാമായിരുന്നില്ലേ? ആ കുട്ടിയുടെകൂടെ മരണം ഒരുപക്ഷെ പിന്നീട് കാണേണ്ടിവരില്ലായിരുന്നല്ലോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗികമായ പീഢനത്തിനിരയായിട്ടുണ്ട് എന്നറിഞ്ഞിട്ടും വീട്ടുകാരെ ഇത് ആത്മഹത്യയാണെന്ന് ബോധ്യപ്പെടുത്താന്‍ പോലീസ് ശ്രമിച്ചത് എന്തിനായിരുന്നു?
ഈ കഴുക്കോലിലായിരുന്നു മൂത്ത പെണ്‍കുട്ടിയുടെ മൃതദേഹം തൂങ്ങിക്കിടന്നിരുന്നത്. ആ കട്ടിലും കസേരയും പിന്നീടാണ് അവിടെ വച്ചത്. അതിനുമുമ്പ് മറ്റൊന്നും അവിടെയുണ്ടായിരുന്നില്ല. ഫോട്ടോ: ഷഫീഖ് താമരശ്ശേരി
ആ പെണ്‍കുട്ടിയ്ക്ക് എത്താവുന്നതിനേക്കാള്‍ ഉയരത്തിലാണ് കഴുക്കോലുണ്ടായിരുന്നത്. അവിടെ മറ്റെന്തെങ്കിലും വച്ച് അതിന്മേല്‍ കയറി കഴുക്കോലില്‍ കുരുക്കിട്ടു എന്നതിന് അന്ന് യാതൊന്നും അവിടെയുണ്ടായിരുന്നില്ല. എന്നിട്ടും എങ്ങനെ പെണ്‍കുട്ടി തനിയെ അതിന്മേല്‍ കയറി കുരുക്കിട്ടു എന്നത് പോലീസ് എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നത്? തെളിവ് കണ്ടെത്താന്‍ പറ്റിയില്ല എന്നതുകൊണ്ട് ആത്മഹത്യയാണെന്ന് പോലീസ് എങ്ങനെയാണ് എഫ്‌ഐആറില്‍ത്തന്നെ ഏതോ മനോവിഷമത്താല്‍ ആത്മഹത്യ ചെയ്തു എന്ന് എഴുതിവച്ചത്?
മൂത്ത പെണ്‍കുട്ടിയുടെ മരണത്തിനെത്തുടര്‍ന്ന് അറസ്റ്റു ചെയ്ത ഒരാളെ എന്തിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്? അതിനുശേഷവും ഇത് ആത്മഹത്യയാണെന്ന് എസ്‌ഐ ചാക്കോ എത്തി വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നല്ലോ!
പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതി: ''മൂത്ത പെണ്‍കുട്ടി മരണപ്പെട്ടശേഷം ഞാന്‍ രണ്ടാമത്തെ കുട്ടിയോട് ചോദിക്കുമായിരുന്നു: മോള്‍ക്ക് അന്നു കണ്ട ആളുകളെ ഇനി കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമോന്ന്. മുഖത്ത് ടവ്വല് കെട്ടിയിരിക്കുന്നതുകൊണ്ട് ആരാന്ന് മനസ്സിലായില്ല അമ്മാ എന്നായിരുന്നു അവള്‍ പറഞ്ഞുകൊണ്ടിരുന്നത്. അവള്‍ എന്നെ ആശ്വസിപ്പിക്കും. അമ്മാ ചേച്ചി പോയി, ഇങ്ങനെ കരയല്ലേ, ഞങ്ങളില്ലേ? ഞാനും അപ്പുവുമില്ലേ?''
ഭാഗ്യവതിയുടെ കണ്ണീരുണങ്ങുന്നില്ല. രണ്ട് മക്കള്‍ നഷ്ടപ്പെട്ടുകഴിഞ്ഞ അമ്മ നീതിക്കായി പോലീസിനെ വീണ്ടും വിശ്വസിക്കുന്നത് നീതി ലഭിക്കുമെന്ന വിശ്വസിക്കുന്നതുകൊണ്ടാണ്. രണ്ടാമത്തെ മകള്‍ ''ഞങ്ങളില്ലേ അമ്മേ, കരയല്ലേ'' എന്നാശ്വസിപ്പിച്ചുകൊണ്ടിരുന്നതാണ്. അമ്മയ്ക്കും അച്ഛനും കാവലും സാന്ത്വനവുമായിത്തീരണമെന്ന് മോഹിച്ച ആ കുരുന്നും ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ ഭാഷ്യം. ഇവിടെയും പോലീസിനോട് കുറേ ചോദ്യങ്ങള്‍ അവശേഷിക്കുന്നു.
രണ്ടാമത്തെ കുട്ടിയുടെ മരണം അറിയുന്നത് ഷാജിയും ഭാഗ്യവതിയും വീട്ടിലേക്ക് കയറിവന്നപ്പോഴാണ്. ജോലിക്കു പോകുമ്പോള്‍ അടുത്ത വീട്ടില്‍ നിര്‍ത്തിയിട്ടാണ് അവര്‍ പോയത്. മൂത്തമകളുടെ ഗതി വരരുതെന്ന് വിചാരിച്ചതുകൊണ്ട് അവളോട് എപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നു: പരിചയമില്ലാത്ത ആരു വന്നാലും പോകരുതെന്ന്. പക്ഷെ, പരിചയമുള്ളവരാരോ വിളിച്ചാണ് മകള്‍ വീട്ടിലേക്ക് വന്നതെന്ന് അവര്‍ ഉറപ്പിച്ചുപറയുന്നു. കൊത്തംകല്ല് കളിച്ചുകൊണ്ടിരിക്കെ വെള്ളം കുടിക്കാനായി അപ്പു എന്ന കുട്ടിയെയും കൂട്ടിയാണ് അവള്‍ വീട്ടിലേക്ക് വന്നതെന്ന് അപ്പു പറഞ്ഞിട്ടുണ്ട്. അപ്പു ആടിനെ നോക്കാനായി പോവുകയും ചെയ്തതു. പിന്നീട് മകള്‍ ആ വീട്ടില്‍നിന്നും ഇറങ്ങിയിട്ടില്ല.
ഷാജിയും ഭാഗ്യവതിയും ജോലിയും കഴിഞ്ഞ് എത്തുമ്പോഴേക്കും വാതില്‍ തുറന്നു കിടക്കുന്നതാണ് കണ്ടത്. ഭാഗ്യവതി അകത്തേക്ക് കയറിയപ്പോള്‍ അകത്ത് തറയില്‍ കാലൂന്ന് മകള്‍ ജനാലയോട് ചേര്‍ന്ന് നില്‍ക്കുന്നതായാണ് തോന്നിയത്. അനങ്ങാതായപ്പോള്‍ സംശയം തോന്നി അടുത്തേക്കെത്തി. അപ്പോഴേക്കും ഷാജി ഓടിവന്ന് മകളെ താങ്ങിപ്പിടിക്കാന്‍ ശ്രമിക്കുമ്പോഴേക്കും ജനാലയില്‍ കുരുക്കിയിരുന്ന ലുങ്കി മകളോടൊപ്പം ഷാജിയുടെ കൈകളിലേക്ക് ഊര്‍ന്നുവീഴുകയായിരുന്നു.
52 ദിവസത്തിനുശേഷം രണ്ടാമത്തെ കുട്ടിയും മരണപ്പെട്ടപ്പോഴും പോലീസെത്തി ആത്മഹത്യയാണ്, സഹിക്കുക എന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടാമത്തെ കുട്ടിയുടെ മരണത്തോടെയാണ് പുറംലോകം ഈ വാര്‍ത്തകളെല്ലാം അറിയുന്നത്. രണ്ടാമത്തെ കുട്ടിയുടെ മരണത്തോടെയാണ് പോലീസ് തങ്ങളെ ആത്മഹത്യയാണെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്ന് ആ അമ്മയും അച്ഛനും മനസ്സിലാക്കുന്നതും.
രണ്ടാമത്തെ കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോലീസ് സര്‍ജനായ ഡോ. പി.ബി. ഗുജ്‌റാള്‍ പെണ്‍കുട്ടി ലൈംഗിക പീഢനത്തിനിരയായി എന്ന് വ്യക്തമായി എഴുതിയിട്ടും പോലീസ് അത് ഗൗനിക്കാത്തത് എന്തുകൊണ്ടായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള സ്ഥലസാഹചര്യംപോലും പരിശോധിക്കാതെ ഈ മരണവും ആത്മഹത്യയാണെന്ന് പോലീസിന് എങ്ങനെയാണ് ഉറപ്പിക്കാന്‍ സാധിച്ചത്. എഫ്‌ഐആറില്‍ ആത്മഹത്യയെന്നായിരുന്നു എഴുതിച്ചേര്‍ത്തത്.
പെണ്‍കുട്ടികളെ പീഢിപ്പിച്ചതായി മധു എന്നയാള്‍ സമ്മതിച്ചതായി പോലീസ് തന്നെയാണ് പറഞ്ഞത്. ഇതൊന്നും തെളിവായി പരിഗണിക്കാവുന്നതല്ലേ? തെളിവുകളില്ലാത്തതെല്ലാം ആത്മഹത്യയായിരിക്കും എന്ന് എങ്ങനെയാണ് പോലീസ് എഴുതിച്ചേര്‍ക്കുന്നത്?
പോലീസ് കൃത്യവിലോപം ആദ്യമേ നടത്തിയിരുന്നു എന്നതിന്റെ തെളിവാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാതിരുന്നതും ആത്മഹത്യയാണെന്ന് അച്ഛനെയും അമ്മയെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതും. എസ്.ഐ. ചാക്കോയെ അന്വേഷണസംഘത്തില്‍നിന്നും സസ്‌പെന്റ് ചെയ്തുവെങ്കിലും അദ്ദേഹം കണ്ടെത്തിയ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പോലീസ് നല്‍കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates