വി ടി ബല്‍റാമിന്റെ നീചമായ വാക്കുകളോട് പ്രബുദ്ധകേരളം പൊറുക്കില്ല: കോടിയേരി 

എകെജിയെ ബാലപീഡകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച വി ടി ബല്‍റാം എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
വി ടി ബല്‍റാമിന്റെ നീചമായ വാക്കുകളോട് പ്രബുദ്ധകേരളം പൊറുക്കില്ല: കോടിയേരി 
Updated on
1 min read

തിരുവനന്തപുരം:  എകെജിയെ ബാലപീഡകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച വി ടി ബല്‍റാം എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രിയും ആര്‍ എസ് എസ് പ്രചാരകനുമായ നരേന്ദ്രമോദിയെ 'നീച് ആദ്മി' എന്ന് വിശേഷിപ്പിച്ചതിന് മണിശങ്കര്‍ അയ്യരെ പുറത്താക്കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. ഈ പശ്ചാത്തലത്തില്‍ സ്വതന്ത്ര്യസമരസേനാനിയും ആദ്യകാല കോണ്‍ഗ്രസ്സ് നേതാവുമായ എ കെ ജിയെ നീചമായ വാക്കുകളിലൂടെ  കോണ്‍ഗ്രസ് എം എല്‍ എ അധിക്ഷേപിച്ചതില്‍ രാഹുല്‍ ഗാന്ധിയും എ കെ ആന്റണിയും നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

എ കെ ജിയുടെ മരണത്തിന് കൊതിച്ച് 'കാലന്‍ വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ' എന്ന് മുദ്രാവാക്യം വിളിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. അന്നുപോലും നികൃഷ്ട മനസുകളില്‍ നിന്നുയരാത്ത കുപ്രചരണമാണ് ഇന്ന് നടത്തുന്നതെന്നും അദ്ദേഹം ഫെയ്‌സുബുക്കില്‍ കുറിച്ചു. 

കോടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


പാവങ്ങളുടെ പടത്തലവന്‍ സഖാവ് എ കെ ജിയെ അപമാനിച്ച് ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചരണം തീര്‍ത്തും അപലപനീയമാണ്.

പ്രധാനമന്ത്രിയും ആര്‍ എസ് എസ് പ്രചാരകനുമായ നരേന്ദ്രമോദിയെ 'നീച് ആദ്മി' എന്ന് വിശേഷിപ്പിച്ചതിന് മണിശങ്കര്‍ അയ്യരെ പുറത്താക്കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. സ്വതന്ത്ര്യസമരസേനാനിയും ആദ്യകാല കോണ്‍ഗ്രസ്സ് നേതാവുമായ എ കെ ജിയെ മരണാനന്തരം നീചമായ വാക്കുകളിലൂടെ ആക്ഷേപിച്ച കോണ്‍ഗ്രസ് എം എല്‍ എയോട് എന്താണ് സമീപനമെന്ന് രാഹുല്‍ ഗാന്ധിയും എ കെ ആന്റണിയും വ്യക്തമാക്കണം.

എ കെ ജിയുടെ മരണത്തിന് കൊതിച്ച് 'കാലന്‍ വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ' എന്ന് മുദ്രാവാക്യം വിളിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. അന്നുപോലും നികൃഷ്ട മനസുകളില്‍ നിന്നുയരാത്ത കുപ്രചരണമാണ് ഇന്ന് നടത്തുന്നത്.

പാവപ്പെട്ടവര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും, തൊഴിലാളികള്‍ക്കും വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച നേതാവാണ് എ കെ ജി. സ്വാതന്ത്ര്യസമര ചരിത്രത്തിലും എ കെ ജിയുടെ പങ്ക് ചെറുതല്ല. ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള ദേശീയ നേതാക്കള്‍ എ കെ ജിയോട് കാട്ടിയ ആദരവ് പാര്‍ലമെന്റ് രേഖകലിലെ തിളക്കമുള്ള ഏടാണ്. ആദ്യ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നയിച്ച എ കെ ജി കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ ശബ്ദമുയര്‍ത്തി. ഏതൊരു ഇന്ത്യക്കാരന്റെയും എക്കാലത്തെയും അഭിമാനമാണ് എ കെ ജി എന്ന ത്രയാക്ഷരി. പാവങ്ങളുടെ പടത്തലവന്‍ എന്ന വിശേഷണം നിസ്വവര്‍ഗ്ഗത്തിന് വേണ്ടിയുള്ള നിരന്തരപോരാട്ടങ്ങളിലൂടെയാണ് എ കെ ജി ആര്‍ജ്ജിച്ചത്.

താരതമ്യമില്ലാത്ത ആ രാഷ്ട്രീയ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള പ്രചരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിവേകപൂര്‍ണ്ണമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് എം എല്‍ എയുടെ നീചമായ ഈ നടപടിയോട് പ്രബുദ്ധകേരളം ഒരിക്കലും പൊറുക്കില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com