കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കുരുക്ക് മുറുക്കി വിജിലന്‍സ് സംഘം. ടി ഒ സൂരജിന്റെ വെളിപ്പെടുത്തലോടെ മുന്‍മന്ത്രിക്ക് അഴിമതിയില്‍ വ്യക്തമായ പങ്കുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. രാഷ്ട്രീയ നേതാവിനെതിരെയുള്ള നടപടി, ശക്തമായ തെളിവ് ശേഖരിച്ചശേഷം മാത്രം മതിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അന്വേഷണസംഘത്തിന് നല്‍കിയിട്ടുള്ളതെന്നാണ് സൂചന.
ഇതോടെ വിശദമായ തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് വിജിലന്‍സ് സംഘം. രാഷ്ട്രീയനേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിന്റെ തെളിവുകള്‍ അടക്കം വിജിലന്‍സിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. തെളിവുകള്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, ഏതാനും ദിവസങ്ങള്‍ക്കകം ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിൽ തീരുമാനം ഉണ്ടാകുമെന്നും അന്വേഷണസംഘ തലവന്‍ സൂചിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, പാലം നിര്‍മ്മിച്ച ആര്‍.ഡി.എസ്. പ്രോജക്ട്‌സിന്റെ എം ഡി സുമിത് ഗോയല്‍, കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ അഡീഷണല്‍ മാനേജര്‍ എം ടി തങ്കച്ചന്‍, കിറ്റ്‌കോയുടെ ജോയന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാലുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ അഴിമതിയില്‍ രാഷ്ട്രീയനേതൃത്വത്തിനും പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു.
ഇതിനിടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് വെളിപ്പെടുത്തി ടി ഒ സൂരജിന്റെ പ്രസ്താവന പുറത്തുവന്നത്. ഹൈക്കോടതിയില്‍ ജാമ്യം തേടി നല്‍കിയ ഹര്‍ജിയിലാണ് സൂരജിന്റെ വെളിപ്പെടുത്തല്‍. നിര്‍മാണച്ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് നിശ്ചിത തുക മുന്‍കൂറായി നല്‍കാന്‍ തീരുമാനിച്ചത് ഇബ്രാഹിംകുഞ്ഞാണെന്നാണ് സൂരജ് വെളിപ്പെടുത്തിയത്. നിര്‍മാണത്തിന് മുന്‍കൂറായി നിശ്ചിത തുക നല്‍കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. പലിശയൊന്നും ഈടാക്കാതെ 8.25 കോടിരൂപ മുന്‍കൂറായി കൊടുക്കാന്‍ അനുമതി നല്‍കിയത് മന്ത്രിയാണ്.
ഇതിനു സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശയെക്കാള്‍ രണ്ടുശതമാനം കൂടുതല്‍ ഈടാക്കാനാണ് താന്‍ നിര്‍ദേശിച്ചതെന്ന് സൂരജ് ഹര്‍ജിയില്‍ വ്യക്തമാക്കി. സ്വകാര്യകമ്പനിക്ക് 8.25 കോടി രൂപ പാലം നിര്‍മാണം തുടങ്ങാന്‍ മുന്‍കൂറായി നല്‍കാന്‍ നിര്‍ദേശിച്ചെന്നാണ് സൂരജിനെതിരേയുള്ള ആരോപണം. കേസില്‍ സൂരജ് അടക്കമുള്ളവരെ ഈ മാസം 19 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
എന്നാല്‍ സൂരജിന്റെ ആരോപണം ഇബ്രാഹിംകുഞ്ഞ് തള്ളിയിട്ടുണ്ട്. പ്രതിയായ ഒരാളുടെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കുന്നില്ല. മന്ത്രിയെന്ന നിലയില്‍ ഭരണാനുമതി നല്‍കുക മാത്രമാണ് ചെയ്തത്. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതില്‍ തെറ്റില്ല. മൊബിലൈസേഷന്‍ ഫണ്ട് നിയമാനുസൃതമുള്ളതാണ്. പാലത്തിന്റെ സാങ്കേതിക വിദ്യയിലാണ് പിഴവ് സംഭവിച്ചത്. കേസില്‍ അറസ്റ്റിനെ ഭയമില്ല. അറസ്റ്റ് ഭയന്നാണ് എംഎല്‍എ ഹോസ്റ്റലില്‍ കഴിയുന്നതെന്ന ആരോപണം ശരിയല്ല. ഏത് അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
പാലം നിര്‍മ്മാണ ക്രമക്കേടില്‍ ഇബ്രാഹിംകുഞ്ഞിന് പങ്കില്ലെന്നാണ് പാർട്ടിയുടെ അന്വേഷണത്തില്‍ വ്യക്തമായതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപിയും പ്രതികരിച്ചു. ആരോപണം ആര്‍ക്കും ഉന്നയിക്കാമല്ലോ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതാവായ വി കെ ഇബ്രാഹിംകുഞ്ഞ് ഇപ്പോള്‍ കളമശ്ശേരിയില്‍ നിന്നുള്ള എംഎല്‍എയാണ്. പാലാരിവട്ടം പാലം അഴിമതിയില്‍ രാഷ്ട്രീയനേതൃത്വത്തിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതിയും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം മുന്‍മന്ത്രിയെ ഏതുവിധേനയും കേസില്‍ നിന്നും ഊരിയെടുക്കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദവും ശക്തമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates