

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബെഹനാന്‍ എം പി ഒഴിഞ്ഞതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പരാമര്‍ശത്തിന് മറുപടിയായി കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് കുന്നപ്പളളി കുറിച്ച വരികള്‍ സ്ത്രീ വിരുദ്ധമാണെന്ന് ആരോപിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രന്‍. 'ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ഇട്ട രാഷ്ട്രീയ പരാമര്‍ശത്തിന് എത്ര നികൃഷ്ടവും സ്ത്രീ വിരുദ്ധവുമായ രീതിയിലാണ് കമന്റ് ചെയ്തിരിയ്ക്കുന്നത്. കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി പുലര്‍ത്തുന്ന മൃദു ഹിന്ദുത്വത്തിനെ പരാമര്‍ശിച്ചിട്ട ഒരു എഫ് ബി പോസ്റ്റില്‍ അദ്ദേഹത്തിന്റെ ഭാര്യയെയും വിവാഹത്തെയും പരാമര്‍ശിക്കാതെ മറുപടി പറയാനുള്ള രാഷ്ട്രീയ സാക്ഷരത അങ്ങേക്കില്ലെന്ന് വിശ്വസിയ്ക്കണമെന്നാണോ ?'- രശ്മിത രാമചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'സൈബറിടത്തിലെ ഡോ. വിജയന്‍ നായരും പെരുമ്പാവൂര്‍ എംഎല്‍എയും തമ്മില്‍ ആശയപരമായി എന്തു വ്യത്യാസം എന്ന് തൊട്ടടുത്ത നിയോജക മണ്ഡലത്തിലെ ഒരാള്‍ ചോദിച്ചാല്‍ നാട്ടുകാര്‍ എന്തു പറഞ്ഞ് പ്രതിരോധിയ്ക്കണം ? സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ച് പരദൂഷണ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന അങ്ങേയ്ക്ക് നെഹ്രു മുതല്‍ തരൂരും വരെയുള്ളവരുടെ കോണ്‍ഗ്രസ്സിനേക്കാള്‍ സംഘപരിവാരത്തിനോടാവില്ലേ ഐക്യദാര്‍ഡ്യം!' - രശ്മിത ചോദിക്കുന്നു.
കുറിപ്പ്:
പ്രിയപ്പെട്ട എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് അങ്ങയുടെ നിയോജകമണ്ഡലത്തിലെ അന്തേവാസി നടത്തുന്ന അഭ്യര്‍ത്ഥന .....
സൈബറിടങ്ങള്‍ അങ്ങേയറ്റം സ്ത്രീ വിരുദ്ധമാകുന്നതിനെക്കുറിച്ച് കേരള സമൂഹം ആശങ്കപ്പെടുന്നതിന്നിടയില്‍ വന്ന ഏറ്റവും സ്ത്രീ വിരുദ്ധമായ നിലപാട് അങ്ങയുടെ താണ് എന്നു പറയേണ്ടി വരുമ്പോള്‍ അങ്ങയുടെ നിയോജക മണ്ഡലത്തില്‍ താമസിയ്ക്കുന്ന എനിയ്ക്ക് തികച്ചും ലജ്ജയുണ്ട്. ഡി വൈ എഫ് ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റ് ഇട്ട രാഷ്ട്രീയ പരാമര്‍ശത്തിന് എത്ര നികൃഷ്ടവും സ്ത്രീ വിരുദ്ധവ്യമായ രീതിയിലാണ് അങ്ങ് കമന്റ് ചെയ്തിരിയ്ക്കുന്നത്. കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി പുലര്‍ത്തുന്ന മൃദു ഹിന്ദുത്വത്തിനെ പരാമര്‍ശിച്ചിട്ട ഒരു എഫ് ബി പോസ്റ്റില്‍ അദ്ദേഹത്തിന്റെ ഭാര്യയെയും വിവാഹത്തെയും പരാമര്‍ശിക്കാതെ മറുപടി പറയാനുള്ള രാഷ്ട്രീയ സാക്ഷരത അങ്ങേക്കില്ലെന്ന് ഞങ്ങള്‍ പെരുമ്പാവൂരുകാര്‍ വിശ്വസിയ്ക്കണമെന്നാണോ ? അതിനെ പിന്‍ താങ്ങി അങ്ങയുടെ പാര്‍ട്ടിക്കാര്‍ ഇട്ട അശ്ലീല ട്രോള്‍ അങ്ങും ആസ്വദിച്ചുവെന്ന് ഞങ്ങള്‍ കരുതണമോ? ഒരിയ്ക്കല്‍ പശുവായി ജനിയ്ക്കണമെന്ന് അങ്ങ് ആഗ്രഹം പ്രകടിപ്പിയ്ക്കുന്നത് ഞാന്‍ ടി വിയില്‍ കണ്ടിട്ടുണ്ട്. ആ ആഗ്രഹം മനസ്സില്‍ വെച്ച് ഈ ജന്‍മത്തില്‍ തന്നെ കന്നുകാലികളുടെ ബോധ്യങ്ങള്‍ക്കും താഴെയിറങ്ങി അങ്ങ് രാഷ്ട്രീയ മറുപടികള്‍ പറയുന്നത് ശരിയാണോ ? 2016 ഡിസമ്പറില്‍ ദില്ലിയില്‍ കേന്ദ്ര ശിശു -സ്ത്രീ സുരക്ഷാ വകുപ്പ് മന്ത്രിയുടെ വീടിനു മുമ്പില്‍ വെച്ച് അങ്ങയുടെ കാല്‍ കടിച്ചു പറിച്ച തെരുവു നായ്ക്കളുടെ വിവേകമാണോ സൈബറിടത്തില്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ അങ്ങയെ ഭരിയ്ക്കുന്നത് ? സൈബറിടത്തിലെ ഡോ. വിജയന്‍ നായരും പെരുമ്പാവൂര്‍ MLA യും തമ്മില്‍ ആശയപരമായി എന്തു വ്യത്യാസം എന്ന് തൊട്ടടുത്ത നിയോജക മണ്ഡലത്തിലെ ഒരാള്‍ ചോദിച്ചാല്‍ ഞങ്ങള്‍ നാട്ടുകാര്‍ എന്തു പറഞ്ഞ് പ്രതിരോധിയ്ക്കണം ? സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ച് പരദൂഷണ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന അങ്ങേയ്ക്ക് നെഹ്രു മുതല്‍ തരൂരും വരെയുള്ളവരുടെ കോണ്‍ഗ്രസ്സിനേക്കാള്‍ സംഘപരിവാരത്തിനോടാവില്ലേ ഐക്യദാര്‍ഡ്യം! നെഹ്രുവിന്റെ പരസ്ത്രീ ബന്ധം, ഇന്ദിരയുടെ ആണ്‍ സൗഹ്യദങ്ങള്‍, രാഹുലിന്റെ പട്ടയ തുടങ്ങിയ സംഘപരിവാര്‍ നുണനിര്‍മ്മിതികളും താങ്കള്‍ ഈ കമന്റിട്ട മനോനിലയില്‍ സ്വീകരിച്ചിട്ടുണ്ടാവില്ലേ? അപ്പോള്‍ ഡി വൈ എഫ് ഐ നേതാവ് ആരോപിച്ച മൃദു ഹിന്ദുത്വം ശരിയല്ലേ ? അല്ലെങ്കില്‍ രാഷ്ട്രീയ മറുപടി അന്തസ്സായി പറഞ്ഞു കൂടെ? ദയവു ചെയ്ത് സ്ത്രീ വിരുദ്ധ കമന്റ് പിന്‍വലിയ്ക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates