

കൊച്ചി: ശബരിമലയില്‍ നിയമപരമായ പുനഃപരിശോധനകള്‍ക്കുള്ള വാതില്‍ അടഞ്ഞിട്ടില്ല എന്നതാണ് ഇന്നത്തെ സുപ്രീംകോടതി വിധിയുടെ ആകെത്തുകയെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. കഴിഞ്ഞ വര്‍ഷം ഇത്തരമൊരു പുനഃപരിശോധന സാധ്യത സര്‍ക്കാര്‍ തലത്തില്‍ തന്നെ ആരാഞ്ഞിരുന്നുവെങ്കില്‍ ഒരുപാട് ആളുകളെ വേദനിപ്പിക്കാതെ നോക്കാമായിരുന്നു. ആ നിലയ്ക്കുള്ള വലിയ കലഹങ്ങളും വൈകാരിക പ്രതികരണങ്ങളും ഒഴിവാക്കാനാകുമായിരുന്നു. ഏകപക്ഷീയവും തിരക്ക് പിടിച്ചതുമായ നടപടികള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. നേരത്തെയുള്ള വിധി സ്‌റ്റേ ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേത് പോലെ ക്ഷേത്രപ്രവേശനമാഗ്രഹിക്കുന്ന യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ മുന്‍കൈയ്യെടുക്കുമോ എന്ന് സര്‍ക്കാരാണ് വ്യക്തമാക്കേണ്ടതെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'പുരോഗമനാശയങ്ങള്‍ പ്രോആക്റ്റീവ് ആയി കൈനീട്ടി സ്വീകരിക്കുന്ന ഒരു പതിവ് മതങ്ങള്‍ക്കോ സാമൂഹികാചാരങ്ങള്‍ക്കോ ഇല്ല. സമൂഹത്തിലെ ബാക്കിയെല്ലായിടത്തും മാറ്റങ്ങള്‍ വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ നിവൃത്തിയില്ലാത്ത ഘട്ടങ്ങളിലാണ് മതങ്ങളും വിശ്വാസങ്ങളും പതിയെപ്പതിയെ മാറ്റങ്ങള്‍ക്ക് തയ്യാറാവുകയുള്ളൂ.' - ബല്‍റാം പറയുന്നു.
'മതേതര ഇടങ്ങളിലായിരിക്കണം ആദ്യം മാറ്റങ്ങള്‍ വരേണ്ടത്. മതങ്ങള്‍ പിന്നാലെ വന്നുകൊള്ളും. കേരളീയ സമൂഹത്തിലെ മതേതര ഇടങ്ങളില്‍ ലിംഗസമത്വത്തിലും സ്ത്രീ ശാക്തീകരണത്തിലുമൂന്നിയ നടപടികള്‍ എത്രത്തോളം മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ ഘട്ടത്തില്‍ സത്യസന്ധമായ ആത്മപരിശോധനക്ക് വിധേയമാക്കേണ്ടത്.'-കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ശബരിമലയില്‍ നിയമപരമായ പുനഃപരിശോധനകള്‍ക്കുള്ള വാതില്‍ അടഞ്ഞിട്ടില്ല എന്നതാണ് സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയുടെ ആകത്തുക. കഴിഞ്ഞ വര്‍ഷം ഇത്തരമൊരു പുന:പരിശോധനാ സാധ്യത സര്‍ക്കാര്‍ തലത്തില്‍ത്തന്നെ ആരാഞ്ഞിരുന്നുവെങ്കില്‍ ഒരുപാടാളുകളെ വേദനിപ്പിക്കാതെ നോക്കാമായിരുന്നു. ആ നിലക്കുള്ള വലിയ കലഹങ്ങളും വൈകാരിക പ്രതികരണങ്ങളും ഒഴിവാക്കാനാകുമായിരുന്നു. ഏകപക്ഷീയവും തിരക്ക് പിടിച്ചതുമായ നടപടികള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. നേരത്തെയുള്ള വിധി സ്‌റ്റേ ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേത് പോലെ ക്ഷേത്രപ്രവേശനമാഗ്രഹിക്കുന്ന യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ മുന്‍കൈയ്യെടുക്കുമോ എന്ന് സര്‍ക്കാരാണ് വ്യക്തമാക്കേണ്ടത്.
ജന്‍ഡര്‍ ഈക്വാളിറ്റി അടക്കമുള്ള ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ മതേതര ഇടങ്ങളില്‍പ്പോലും പരിമിതമായി മാത്രം പ്രയോഗവല്‍ക്കരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും കാര്യത്തില്‍ ഒറ്റയടിക്ക് അവ അടിച്ചേല്‍പ്പിക്കപ്പെടുന്നത് ഉള്‍ക്കൊള്ളാന്‍ മഹാഭൂരിപക്ഷത്തിനും സാധിക്കുകയില്ല എന്നത് സാമാന്യബുദ്ധിയില്‍ത്തന്നെ മനസ്സിലാക്കാവുന്നതാണ്. പുരോഗമനാശയങ്ങള്‍ പ്രോആക്റ്റീവ് ആയി കൈനീട്ടി സ്വീകരിക്കുന്ന ഒരു പതിവ് മതങ്ങള്‍ക്കോ സാമൂഹികാചാരങ്ങള്‍ക്കോ ഇല്ല. സമൂഹത്തിലെ ബാക്കിയെല്ലായിടത്തും മാറ്റങ്ങള്‍ വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ നിവൃത്തിയില്ലാത്ത ഘട്ടങ്ങളിലാണ് മതങ്ങളും വിശ്വാസങ്ങളും പതിയെപ്പതിയെ മാറ്റങ്ങള്‍ക്ക് തയ്യാറാവുകയുള്ളൂ. ഇതില്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല, ചരിത്രത്തിലെമ്പാടും അടിസ്ഥാനപരമായ മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ അതിന്റേതായ സമയമെടുത്തിട്ടുണ്ട്. ഇത് മനസ്സിലാക്കാനും സമന്വയാത്മക സമീപനങ്ങള്‍ രൂപപ്പെടുത്താനും ഒരു ജനാധിപത്യ സമൂഹത്തിലെ ഭരണാധികാരികള്‍ക്കും ഉത്തരവാദിത്തമുണ്ട്.
ആര്‍ത്തവവുമായി ബന്ധപ്പെട്ട അശുദ്ധി സങ്കല്‍പ്പങ്ങള്‍ക്ക് പിന്നില്‍ യുക്തിയോ നീതിയോ അശേഷമില്ലെങ്കിലും പല സമൂഹങ്ങളിലും പല അളവുകളില്‍ കാലങ്ങളായി അവ നിലനില്‍ക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്ത്രീകളുടെ സാമൂഹിക, സാംസ്‌ക്കാരിക, സാമ്പത്തിക, അധികാര പങ്കാളിത്തത്തിന്റെ കാര്യത്തിലും ഏറ്റക്കുറച്ചിലുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇവ പരിഹരിക്കുന്നതിനാണ് ഒരു ആധുനിക സമൂഹം മുന്‍ഗണന നല്‍കേണ്ടത്. ഇവിടെയും, മതേതര ഇടങ്ങളിലായിരിക്കണം ആദ്യം മാറ്റങ്ങള്‍ വരേണ്ടത്, മതങ്ങള്‍ പിന്നാലെ വന്നുകൊള്ളും. കേരളീയ സമൂഹത്തിലെ മതേതര ഇടങ്ങളില്‍ ലിംഗസമത്വത്തിലും സ്ത്രീ ശാക്തീകരണത്തിലുമൂന്നിയ നടപടികള്‍ എത്രത്തോളം മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ ഘട്ടത്തില്‍ സത്യസന്ധമായ ആത്മപരിശോധനക്ക് വിധേയമാക്കേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികളും ഔദ്യോഗിക സംവിധാനങ്ങളുമൊക്കെ ഇതില്‍ മുന്‍കൈ എടുക്കണം. ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവക്കുന്നു:
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളും 25 ശതമാനമെങ്കിലും സ്ത്രീ സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കുക. വനിതാ സംവരണ നിയമം നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും വ്യാപിപ്പിക്കുക.
ഗവണ്‍മെന്റ് ഡയറി പരിശോധിച്ചപ്പോള്‍ കണ്ടത് ഇന്നത്തെ മന്ത്രിമാരുടെ പ്രധാന പേഴ്‌സണല്‍ സ്റ്റാഫില്‍ സ്ത്രീ പ്രാതിനിധ്യം ഏതാണ്ട് ശൂന്യമാണ്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പോലും പ്രധാന തസ്തികകളില്‍ സ്ത്രീകളില്ല. ഇതിന് പരിഹാരമുണ്ടാകണം.
പോലീസ് അടക്കം അധികാരം കൈകാര്യം ചെയ്യുന്ന, ജനങ്ങളോട് നേരിട്ട് ബന്ധപ്പെടുന്ന പ്രധാന സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇരുപത് ശതമാനമെങ്കിലും വനിതകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണം. നിലവിലിത് പത്ത് ശതമാനത്തില്‍ താഴെയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രാതിനിധ്യവും പോലീസിലുണ്ടാവണം.
എല്ലാ മാസവും സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്ന പതിവ് പല രാജ്യങ്ങളിലുമുണ്ട്. നമ്മുടെ നാട്ടിലും ഇതേക്കുറിച്ച് ആലോചിക്കാവുന്നതാണ്.
കോര്‍പ്പറേറ്റ് രംഗത്തും സംരംഭകര്‍ക്കിടയിലും കൂടുതല്‍ വനിതകള്‍ കടന്നുവരുന്നതിനനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കണം.
പി എസ് സി പരീക്ഷകളില്‍ സ്ത്രീകള്‍ക്ക് വെയ്‌റ്റേജ് മാര്‍ക്കും പ്രായപരിധി ഇളവും നല്‍കണം.
സമൂഹത്തിലെ ജന്‍ഡര്‍ റോളുകളെ ദൃഢീകരിക്കുന്ന തരത്തില്‍ ശുചീകരണത്തൊഴിലാളികള്‍, പാചകത്തൊഴിലാളികള്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ക്കിടയില്‍ സ്ത്രീകള്‍ക്കുള്ള അമിത പ്രാതിനിധ്യം റിവേഴ്‌സ് ചെയ്യുന്നതും പരിശോധിക്കാവുന്നതാണ്.
സിംഗിള്‍ പേരന്റായി ജീവിക്കുന്ന അമ്മമാര്‍ക്ക് പ്രത്യേക സാമ്പത്തിക, സാമൂഹിക സുരക്ഷാ സഹായങ്ങള്‍ ഉറപ്പു വരുത്തണം.
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് കൂടുതല്‍ നിയമസഹായങ്ങള്‍ നല്‍കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും മറ്റും വിപുലമായ പ്രചരണങ്ങളിലൂടെ ഒരു പുതിയ ജന്‍ഡര്‍ അവബോധം ഉയര്‍ത്തിക്കൊണ്ടുവരിക.
ഇനിയുമൊരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. സര്‍ക്കാര്‍ മുന്‍കൈയില്‍ ഏറ്റെടുക്കാവുന്ന, പ്രായോഗികമായി നടപ്പാവുന്ന ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്, വ്യക്തികളും കുടുംബങ്ങളും ചെയ്യേണ്ട കാര്യങ്ങള്‍ വേറെ. ഇത്തരം നടപടികളിലൂടെ സ്ത്രീകള്‍ക്കനുകൂലമായ ഒരു ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി സമൂഹത്തില്‍ മൊത്തത്തില്‍ രൂപപ്പെടുത്തിയതിന് ശേഷം മാത്രം മതവിശ്വാസങ്ങളുടേയും കാലങ്ങളായുള്ള ആചാരങ്ങളുടേയും മേഖലകളിലേക്ക് കടക്കുന്നതാണ് അഭികാമ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates