

തിരുവനന്തപുരം: സംസ്ഥാനത്ത് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹ നോട്ടീസ് രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തിവെക്കാൻ നിർദേശം. പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരനാണ് ഈ നിർദേശം നൽകിയത്. പ്രത്യേക വിവാഹ നിയമത്തിൽ ചരിത്ര പ്രധാനമായ ഭേദഗതിക്ക് ഉത്തരവായി എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി സുധാകരൻ ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിലെ നോട്ടീസുകൾ ഉപയോഗിച്ച് വർഗീയ പ്രചരണങ്ങളും നോട്ടീസ് നൽകുന്നവർക്കെതിരേ ഭീഷണി ഉണ്ടാകുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അതു പോലുള്ള മറ്റു പലരുടെയും സ്വകാര്യ വിവരങ്ങൾ രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു ദുരുപയോഗം ചെയ്യുന്നതായും പരാതികളുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ മന്ത്രി ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടുകയും, പ്രശ്നം പരിഹരിക്കാൻ രജിസ്ട്രേഷൻ ഐജിക്ക് നിർദേശം നൽകുകയുമായിരുന്നു.
രജിസ്ട്രേഷൻ വകുപ്പിലെ സേവനങ്ങൾ ഓൺലൈനായി മാറിയതോടെ 2019 മുതലാണ് ഫോട്ടോയും മേൽവിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകൾ രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഇനി മുതൽ നോട്ടീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കി അപേക്ഷകരുടെ വാസസ്ഥലം ഉൾപ്പെടുന്ന സബ് രജിസ്ട്രാർ ഓഫീസുകളുടെ നോട്ടീസ് ബോർഡുകളിൽ മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്നാണ് പുതിയ നിർദേശം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
രണ്ടു ദിവസം മുമ്പ് ശ്രീമതി ആതിര സുജാത രാധാകൃഷ്ണൻ എഴുതിയ കുറിപ്പ് ശ്രദ്ധയിൽപെട്ടു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാൻ അപേക്ഷിച്ച അവരുടെയും അതു പോലുള്ള മറ്റു പലരുടെയും സ്വകാര്യ വിവരങ്ങൾ രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചായിരുന്നു അവർ എഴുതിയത്. അതിനെ കുറിച്ച് ഉടൻ തന്നെ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ഈ വിഷയത്തിൽ സംസ്ഥാന വകുപ്പിന് ചെയ്യാൻ പറ്റുന്ന നടപടികളെ കുറിച്ച് ആരായുകയും ചെയ്തു. ഒട്ടും കാലതാമസമില്ലാതെ തന്നെ പ്രശ്‍നം പരിഹരിക്കാനുള്ള നിർദേശവും രജിസ്ട്രേഷൻ ഐ.ജിക്ക് നൽകി.
സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ ഉദ്യോഗസ്ഥന് സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസ് സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിന്‍റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നടപടി നിര്‍ത്തിവയ്ക്കുന്നതിനും നിലവിലെ കേന്ദ്ര നിയമപ്രകാരം സബ് രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.
1954-ലെ പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസരണമുള്ള നോട്ടീസ് വിവാഹ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന നോട്ടീസ് വിവാഹ നിയമത്തിന്‍റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ബന്ധപ്പെട്ട ഓഫീസുകളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പൊതുജനശ്രദ്ധയ്ക്കായും വിവാഹം സംബന്ധിച്ച് നിയമപരമായ എതിര്‍പ്പുണ്ടെങ്കില്‍ ആയത് സമര്‍പ്പിക്കുന്നതിനുമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്.
2018-ലെ പ്രത്യേക വിവാഹ നിയമത്തിന്‍റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി അപേക്ഷകരുടെ ഫോട്ടോകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിരുന്നു. പ്രത്യേക നിയമപ്രകാരമുള്ള വിവാഹങ്ങള്‍ ഉള്‍പ്പെടെ രജിസ്ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ സേവനങ്ങളായി മാറിയതോടുകൂടി ഫോട്ടോയും മേല്‍വിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകള്‍ 2019 മുതല്‍ രജിസ്ട്രേഷന്‍ വകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.
എന്നാല്‍ ഇപ്രകാരം പ്രസിദ്ധീകരിക്കുന്ന വിവാഹ നോട്ടീസുകള്‍ വകുപ്പിന്‍റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത് നോട്ടീസുകളിലെ വിവരങ്ങള്‍ വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നതായും വിവാഹ നോട്ടീസ് നല്‍കുന്നവര്‍ക്കെതിരെ ഭീഷണികളും ഉപദ്രവങ്ങളും ഉണ്ടാവുന്നതായും ഉള്ള പരാതികൾ ശ്രദ്ധയിൽ പെട്ടു . അപേക്ഷകരുടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും അപേക്ഷകളുടെ സ്വകാര്യതയെ ബാധിക്കുന്നതായും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇക്കാര്യത്തില്‍ നൽകിയ നിര്‍ദ്ദേശാനുസരണം രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വകുപ്പിന്‍റെ വെബ്സൈറ്റിലൂടെ ലഭിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിവാഹ നിയമപ്രകാരം അപേക്ഷകരുടെ ഫോട്ടോയും മേല്‍വിലാസവും സഹിതം സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസുകളുടെ ദുരുപയോഗം തടയുന്നതിനും നോട്ടീസുകളിലെ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വര്‍ഗീയ പ്രചരണം തടയുന്നതിനുമായി വിവാഹ നോട്ടീസുകള്‍ രജിസ്ട്രേഷന്‍ വകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനു പകരം നോട്ടീസ് അപേക്ഷകരുടെ വാസസ്ഥലം ഉള്‍പ്പെടുന്ന സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നോട്ടീസ് ബോര്‍ഡുകളില്‍ മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശവും നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates