

കോഴിക്കോട് : അഞ്ചു വയസ്സിൽ താഴെയുള്ള മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ അടച്ചുപൂട്ടിയിട്ടിട്ട് അമ്മ പോയി. ഭക്ഷണമോ വെള്ളമോ പോലുമില്ലാതെ ഒരു ദിവസം മുഴുൻ ഭയന്നുവിറച്ച് കുട്ടികൾ കഴിഞ്ഞു. അഞ്ചും മൂന്നും രണ്ടും വയസ്സുള്ള മൂന്നു കുട്ടികളെ വാടകവീട്ടിനുള്ളിൽ പൂട്ടിയിട്ടാണ് അമ്മയുടെ ക്രൂരത. പുറത്തുപോയ ഇതര സംസ്ഥാനക്കാരിയായ മാതാവ് തിരിച്ചെത്തിയില്ല.
കോഴിക്കോട് രാമനാട്ടുകര നിസരി ജങ്ഷനിലാണ് സംഭവം. അയൽവാസിയാണ് വ്യാഴാഴ്ച അർധരാത്രി കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടത്. തട്ടുകട കച്ചവടക്കാരനായ ഇയാൾ കച്ചവടം കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടികളുടെ കരച്ചിൽ കേട്ടത്. ഇദ്ദേഹം സമീപവാസിയായ രാമനാട്ടുകര ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ഹസ്സൻ മാനുവിനെ വിവരമറിയിച്ചു.
ഇദ്ദേഹം ഉടൻ കുഞ്ഞുങ്ങൾക്ക് ആഹാരം എത്തിക്കാൻ ഏർപ്പാട് ചെയ്യുകയും ഫറോക്ക് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. രാവിലെ സ്ഥലത്തെത്തിയ പൊലീസ് പൂട്ട് തകർത്താണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. കർണാടക സ്വദേശിനിയായ യുവതി, തൃശൂർ സ്വദേശിയായ ഭർത്താവിനൊപ്പമാണ് കഴിഞ്ഞ ആറുമാസമായി രാമനാട്ടുകരയിലെ വാടക വീട്ടിൽ കഴിയുന്നത്. ഇവരുടെ ഭർത്താവ് ഒരാഴ്ച മുമ്പ് വീട് വിട്ടിറങ്ങിയതാണ്. യുവതി വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കുട്ടികളെ വീട്ടിനകത്താക്കി വീട് പൂട്ടി പോയത്.
കുട്ടികളെ കോഴിക്കോട് കോടതിക്ക് സമീപമുള്ള ശിശു സംരക്ഷണകേന്ദ്രമായ സെന്റ് വിൻസൻറ് ഹോമിൽ പ്രവേശിപ്പിച്ചു. കുട്ടികളെ വീട്ടിനകത്ത് പൂട്ടിയിട്ടിട്ടു പോയതിന് രക്ഷിതാക്കൾക്കെതിരെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates