

കൊച്ചി: കണ്ണൂര്‍ ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്റെ പേരില്‍ മനംനൊന്ത് വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയ്ക്ക് സിപിഎം ക്ലീന്‍ചിറ്റ് നല്‍കുമ്പോള്‍, സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണത്തില്‍ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭ നിരന്തരം തടസ്സവാദങ്ങള്‍ ഉന്നയിച്ചിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുനിസിപ്പല്‍ സെക്രട്ടറി എം കെ ഗിരീഷ് മുന്‍കൂര്‍ ജാമ്യത്തൊടൊപ്പം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് നഗരസഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
നിര്‍മ്മാണത്തില്‍ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അഞ്ചുതവണ സാജന്‍ പാറയിലിന് നോട്ടീസ് അയച്ചു. ആറാമത്തെ നോട്ടീസ് അയക്കാന്‍ തയ്യാറെടുക്കുന്നതിന് തൊട്ടുമുന്‍പാണ് വ്യവസായി ആത്മഹത്യ ചെയ്തത്. ജൂണ്‍ 18നാണ് സാജന്‍ ആത്മഹത്യ ചെയ്തത്. ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി സാജന് അയക്കാന്‍ നിശ്ചയിച്ചിരുന്ന നോട്ടീസ് തയ്യാറാക്കിയത് ജൂണ്‍ 15നാണ്. മേല്‍ക്കൂരയിലെ ട്രസ് വര്‍ക്ക്, സോളാര്‍ പാനല്‍, വെറുതെ കിടക്കുന്ന സ്ഥലം തുടങ്ങിയ ഏഴ് ചട്ടലംഘനങ്ങളാണ് ഇത്തവണ കണ്ടെത്തിയത്.
സാജന് വേണ്ടി ഭാര്യപിതാവാണ് കണ്‍വെന്‍ഷന്‍ സെന്ററിനായി അപേക്ഷ നല്‍കിയത്. ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചട്ടലംഘനത്തിന് നോട്ടീസ് അയക്കുമ്പോള്‍, ഇതനുസരിച്ച് നിര്‍മ്മാണത്തില്‍ വേണ്ട ഭേദഗതികള്‍ വരുത്തി വീണ്ടും അപേക്ഷ നല്‍കുന്നതായിരുന്നു പതിവ്. എന്നാല്‍ പുതിയതായി കുറ്റങ്ങള്‍ കണ്ടുപിടിയ്ക്കാന്‍ ജാഗ്രതയോടെ നോക്കിയിരിക്കുന്ന തരത്തിലായിരുന്നു നഗരസഭയുടെ ഇടപെടല്‍ എന്ന് ആക്ഷേപമുണ്ട്.
2016 മെയ് 25നാണ് കെട്ടിടം പണിയാന്‍ സാജന് നിര്‍മ്മാണാനുമതി ലഭിക്കുന്നത്. 2017 നവംബറിലാണ് ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് നഗരസഭ സാജന് ആദ്യ നോട്ടീസ് നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates