കൊല്ലം: മോഷണക്കേസിൽ പിടിയിലായ പ്രതി പൊലീസിനെ ആക്രമിച്ചു പരിക്കേൽപിച്ചു കൈവിലങ്ങുമായി കടന്നു. കൊല്ലം ജില്ലയിലെ ഓയൂരിന് സമീപം മീയനയിൽ വ്യാഴാഴ്ച രാത്രി 11.30ന് ആണ് സംഭവം. പൊലീസുകാരെ ആക്രമിച്ചതിനും പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിനും പ്രതിയുടെ ഭാര്യയും രണ്ട് മക്കളും അറസ്റ്റിൽ. ഓയൂർ മീയന പുല്ലേരി വീട്ടിൽ മുഹമ്മദ് റാഫി(50) വിലങ്ങുമായി രക്ഷപ്പെട്ട കേസിൽ ഭാര്യ സബീല (45), മക്കളായ നൗഫൽ (24), ഇബിൻ (21) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- പൂയപ്പള്ളിയിൽ ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതിയായ സുമേഷിനെ അറസ്റ്റു ചെയ്തപ്പോൾ ലഭിച്ച വിവരം അനുസരിച്ചാണു മുഹമ്മദ് റാഫിയെ തേടി ഇൻസ്പെക്ടർ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം എത്തിയത്. റാഫിയെ അറസ്റ്റു ചെയ്ത ശേഷം കൈയിൽ വിലങ്ങ് വയ്ക്കവേ ഭാര്യ സബീലയും മക്കളും വെട്ടുകത്തിയുമായി പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. പൊലീസുകാരന്റെ തലയ്ക്കു വെട്ടാൻ ശ്രമിച്ചത് ലാത്തികൊണ്ടു തടഞ്ഞതിനാൽ തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
ഈ സമയം മുഹമ്മദ് റാഫി ഓടിയൊളിച്ചു. പ്രതികൾ വടിയും ആയുധങ്ങളും ഉപയോഗിച്ചു പൊലീസുകാരുമായി ഏറ്റുമുട്ടി. സംഭവത്തിൽ എഎസ്ഐ അനിൽ, സിപിഒ മാരായ ഹരികുമാർ, ലിജു വർഗീസ് എന്നിവർക്ക് പരുക്കേറ്റിരുന്നു. വർക്കല സ്വദേശിയായ മുഹമ്മദ് റാഫി മീയനയിലാണ് താമസം. വധശ്രമം, മോഷണം ഉൾപ്പടെ ഒട്ടേറെ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
പൂയപ്പള്ളി ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ, എസ്ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മുഹമ്മദ് റാഫിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates