

തിരുവനന്തപുരം: യൂട്യൂബ് ചാനലുകള്‍ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. സ്ത്രീത്വത്തെ അപമാനിച്ച് വീഡിയോ ചെയ്ത യൂട്യൂബര്‍ വിജയ് പി നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷിമിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ മര്‍ദിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യൂട്യൂബ് ചാനലുകള്‍ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. ഫലപ്രദമായ നിയമ നിര്‍മ്മാണത്തിന് ഇനിയും വൈകിക്കൂട. അക്ഷരാര്‍ത്ഥത്തില്‍ പാപ്പരാസി സംസ്‌കാരമാണ് ഭൂരിഭാഗം യൂട്യൂബ് ചാനലുകളും പിന്തുടരുന്നത്. മസാല കഥകളുമായി കൂടുതല്‍ കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് ഇത്തരം ചാനലുകള്‍.-അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സൈബര്‍ ലോകം അതിവേഗം വിപുലപ്പെടുന്നു. എന്നാല്‍ ഈ വേഗതയില്‍ ഇത് സംബന്ധിച്ച നിയമ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നില്ല. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ കൂടുതല്‍ ശക്തമായ നിയമ നിര്‍മാണങ്ങള്‍ ഉണ്ടായേ മതിയാകൂ. മസ്സാലകള്‍ എഴുതി വിട്ട് ഇക്കൂട്ടര്‍ സമ്പാദിച്ചു കൂട്ടുന്നത് വലിയ തുകയാണ് എന്നത് കൂടി ഓര്‍ക്കണം. ആരെയും വ്യക്തിഹത്യ നടത്താന്‍ കഴിയുന്ന സൈബര്‍ കൊട്ടേഷന്‍ സംഘമായി ഈ യുട്യൂബ് ചാനലുകള്‍ പലതും മാറിയിരിക്കുന്നു.
സ്ത്രീ വിരുദ്ധമായ വഷളന്‍ ചാനലുകള്‍ ഇന്ന് അധികമാണ്. സ്ത്രീ വിരുദ്ധത മാത്രമല്ല, പൊതു പ്രവര്‍ത്തകരെയും, സംഘടനകളെയും, ഉദ്യോഗസ്ഥരെയും, സാംസ്‌കാരിക പ്രവര്‍ത്തകരെയും വ്യക്തിഹത്യ നടത്താനും വ്യാജ പ്രചരണം നടത്താനും പണം വാങ്ങി പ്രവര്‍ത്തിക്കുന്നുണ്ട് കുറേ യുട്യൂബ് ചാനലുകള്‍.
കാഴ്ചക്കാര്‍ വര്‍ധിക്കുന്ന മുറയ്ക്ക് യുട്യൂബില്‍ നിന്ന് ലഭിക്കുന്ന വരുമാനം തന്നെ വളരെ വലുതാണ്. അതിന് പുറമെയാണ് കൊട്ടേഷന്‍ കരാറിലൂടെയും ബ്ലാക്ക് മെയിലിങ്ങിലൂടെയും ആര്‍ജ്ജിക്കുന്ന കള്ളപ്പണം. അക്ഷരാര്‍ത്ഥത്തില്‍ മാഫിയാവല്‍കരിക്കപ്പെട്ടിരിക്കുകയാണ് ഈ യൂട്യൂബ് ചാനല്‍ വ്യവസായം. ഈ ക്രിമിനലുകള്‍ക്ക് അടിയന്തിരമായി മൂക്കുകയര്‍ ഇടണം.- റഹീം പറഞ്ഞു.
നിയമ നിര്‍മാണം മാത്രമല്ല, സാമൂഹിക അവബോധം വളര്‍ത്തുന്നതിനും നമ്മള്‍ മുന്‍കൈ എടുക്കണം. വരുമാനമാണ് ലക്ഷ്യം. കൂടുതല്‍ പേരെ ആകര്‍ഷിക്കുക കൂടിയാണ് മസാല കഥകളുടെയും അപവാദ പ്രചരണങ്ങളുടെയും ലക്ഷ്യം എന്ന് കൂടി നാം മനസ്സിലാക്കണം. തല്ലു കൊണ്ടാലും കുഴപ്പമില്ല, നല്ല വരുമാനം കിട്ടും എന്ന് കരുതുന്ന സാമൂഹ്യ വിരുദ്ധരാണ് ഇക്കൂട്ടര്‍.വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ തിരസ്‌കരിക്കാന്‍ തുടങ്ങിയാല്‍ ഈ കൊട്ടേഷന്‍ സംഘങ്ങളുടെ കച്ചവടം പൂട്ടിപ്പോകും. സാമൂഹ്യ മാധ്യമങ്ങളെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന് ചെറിയ പ്രായം മുതല്‍ വിദ്യാര്‍ഥികളെയും പൊതു സമൂഹത്തെയും പഠിപ്പിക്കാന്‍, അവബോധം വളര്‍ത്താന്‍ സര്‍ക്കാര്‍ ഏജന്‍സികളും, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും തുടര്‍ച്ചയായ ക്യാമ്പയിന്‍ ഏറ്റെടുക്കണം.
ഒരു പരിഷ്‌കൃത സമൂഹത്തിനും ഈ തെറ്റായ പ്രവണത അംഗീകരിക്കാന്‍ ആകില്ല. ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരണം. യുട്യൂബ് ചാനല്‍ മുതലാളിമാര്‍ മാത്രമല്ല, അതില്‍ ചെന്നിരുന്നു ആരെയും തെറിവിളിക്കുന്ന ചില നിരീക്ഷക പ്രമുഖരുമുണ്ട്. പൊതു മാധ്യമങ്ങളില്‍ പറയാന്‍ സാധിക്കാത്ത വ്യാജ പ്രചരണങ്ങള്‍ ഇത്തരം മഞ്ഞ മാധ്യമങ്ങളിലൂടെ ചില 'മഹാന്മാര്‍ ഇവര്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നാണ് സ്വയം വിളിച്ചു പറയുന്നത്. ആത്മാഭിമാനമുള്ള എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അപമാനമാണ് ഈ സാമൂഹ്യ വിരുദ്ധ സംഘം.
നിയമങ്ങള്‍ കര്‍ക്കശമാക്കണം, സാമൂഹ്യമായ അവബോധം വളര്‍ത്തണം, ഈ മസാല മൊത്തവ്യാപാരികളെ മൂക്കുകയറിടണം.- റഹീം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates