ശബരിമല: ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നിയമവിധേയമാക്കുന്ന സുപ്രീംകോടതി വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി. അതേസമയം, സുപ്രീം കോടതിയിലെ പുനപരിശോധനാ ഹര്‍ജികളില്‍ വിധി വരാനിരിക്കുന്നതേയുള്ളൂ.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28ന് ഉണ്ടായ ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ കേരളത്തില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്. 9000 ക്രിമിനല്‍ കേസുകള്‍ പൊലീസ് ചാര്‍ജ് ചെയ്തു. ഇതില്‍ 27,000 ആളുകളാണ് പ്രതിചേര്‍ക്കപ്പെട്ടത്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുന്‍പാകെ 2016ലാണ് ആദ്യം കേസ് വന്നത്. അന്ന് യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു അധികാരത്തില്‍. ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്നും തല്‍സ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നല്‍കി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. യുവതീപ്രവേശത്തെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നല്‍കി കോടതിയില്‍ വാദിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.
യുവതീപ്രവേശം അനുവദിച്ച് വിധി വന്നപ്പോള്‍ സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയും ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തു. പൊലീസിനെ ഉപയോഗിച്ച് സമരം നേരിടാന്‍ സര്‍ക്കാരും വിധി നടപ്പാക്കുന്നത് തടയാന്‍ ആചാര സംരക്ഷണ പ്രവര്‍ത്തകരും രംഗത്തിറങ്ങി. ഇതോടെ കേരളം പ്രക്ഷോഭ ഭൂമിയായി മാറി.
ഒടുവില്‍ മഫ്തി പൊലീസിന്റെ സഹായത്തോടെയാണ് സര്‍ക്കാര്‍ ഏതാനും യുവതികളെ സന്നിധാനത്തെത്തിച്ചത്.
വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജികളും റിട്ടും ഉള്‍പ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മുന്‍പാകെ എത്തിയത്. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് നവംബര്‍ 17ന് വിരമിക്കും. അതിനു മുന്‍പ് വിധി ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, ക്ഷേത്രാചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആചാര സംരക്ഷണ പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷികം ആചരിക്കുന്നുണ്ട്. ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു ക്ഷേത്രാചാര സംരക്ഷണ സമിതി 30ന് ഉച്ചകഴിഞ്ഞ് 3നു വലിയ കോയിക്കലില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നിന് മൂന്നുമണിക്കു ഗുരുസ്വാമിമാരുടെ സംഗമം പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പിജി ശശികുമാര വര്‍മ ഉദ്ഘാടനം ചെയ്യും.
സന്യാസിസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി അധ്യക്ഷത വഹിക്കും. ഒക്ടോബര്‍ 2ന് ഉച്ചകഴിഞ്ഞ് 3ന് പന്തളം കൊട്ടാരത്തില്‍ അയ്യപ്പ രക്ഷാ സംഗമം നടക്കും. ഉത്തരാഖണ്ഡ് ഋഷികേശ് ഗോതീര്‍ഥ കപിലാശ്രമം മഠാധിപതി ശങ്കരാചാര്യ രാമചന്ദ്ര ഭാരതി ഉദ്ഘാടനം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates