

ന്യൂഡൽഹി : ശബരിമല യുവതി പ്രവേശന വിധിക്കെതിരായ ഹർജികൾ നാളെ സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ വിവിധ വ്യക്തികളും ഹിന്ദു സംഘടനകളുമാണ് സുപ്രിംകോടതിയെ സമീപിച്ചിട്ടുള്ളത്.
മണ്ഡല മകര വിളക്ക് പൂജകൾക്കായി ഈ മാസം 16 ന് നട തുറക്കാനിരിക്കെ, യുവതീപ്രവേശ വിഷയത്തിൽ സുപ്രിം കോടതിയുടെ നിലപാട് നിർണായകമാവും. റിട്ട് ഹർജികൾക്കൊപ്പം നാൽപ്പതിലധികം പുനഃപരിശോധനാ ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. അതേസമയം കോടതി ചോദിച്ചാൽ മാത്രമേ ബോർഡ് നിലപാട് വ്യക്തമാക്കൂ. എങ്കിലും നിലപാട് ആരാഞ്ഞാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ കോടതിയെ ധരിപ്പിക്കാനാണ് തീരുമാനം.
അതിനാൽത്തന്നെ യുവതീപ്രവേശത്തെ പരോക്ഷമായി എതിർക്കുന്നതാവും ദേവസ്വം ബോർഡിന്റെ നിലപാടെന്നും സൂചനയുണ്ട്. യുവതീപ്രവേശം അനുവദിച്ച കോടതിവിധിക്കുശേഷം തുലാമാസപൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനുമായി രണ്ടുതവണ നടതുറന്നപ്പോഴുമുണ്ടായ ക്രമസമാധാനപ്രശ്നങ്ങൾ കോടതിയിൽ നൽകുന്ന റിപ്പോർട്ടിലുണ്ടാകും. കോടതിവിധി എന്തായാലും അതു നടപ്പാക്കുമെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ നിലവിലെ സ്ഥിതിഗതികൾ കോടതിയെ അറിയിക്കും. ഇതിന് പോലീസിന്റെ റിപ്പോർട്ടും സർക്കാർ ശേഖരിച്ചിട്ടുണ്ട്.
അതിനിടെ നിയമപരമായ കൂടിയാലോചനകൾക്കായി ദേവസ്വം കമ്മിഷണർ എൻ വാസുവും ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസൽമാരും ഡൽഹിയിൽ എത്തി. ഹർജികൾ കോടതി നാളെ പരിഗണിക്കാനിരിക്കെ വിവിധ തലത്തിൽ കൂടിയാലോചനകൾ പുരോഗമിക്കുകയാണ്. സുപ്രിംകോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ ആര്യാമ സുന്ദരവുമായി ദേവസ്വം കമ്മീഷണർ എൻ വാസു ഇന്ന് കൂടിക്കാവ്ച നടത്തും. ബോർഡിന്റെ നിലപാടുകളും നിലവിലെ സ്ഥിതിഗതികളും അദ്ദേഹം ആര്യാമ സുന്ദരത്തെ അറിയിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates