

തിരുവനന്തപുരം: ശബരിമലയിലെ നിര്‍ദിഷ്ട വിമാനത്താവളം എരുമേലിയില്‍ ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് ചെറുവളളി എസ്‌റ്റേറ്റില്‍ വിമാനത്താവളം പണിയാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമാണ് ചെറുവള്ളി എസ്‌റ്റേറ്റ്. എസ്‌റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
2263 ഏക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്‌റ്റേറ്റില്‍ ഉള്ളത്. രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് സ്ഥലം. ഇവിടെ നിന്ന് ശബരിമലയിലേക്ക് നാല്പത്തിയെട്ട് കിലോമീറ്ററാണ് ദൂരം. കൊച്ചിയില്‍ നിന്ന് 113 കിലോമീറ്റര്‍ ദൂരമുണ്ട്.
പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ആഗസ്റ്റ് 7 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
പി.എസ്.സി. മുന്‍ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വാര്‍ഷിക സേവനത്തിന് അടിസ്ഥാന ശമ്പളത്തിന്റെ 7.5 ശതമാനം എന്ന നിരക്കില്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. നിലവില്‍ ഒരു വര്‍ഷത്തെ സേവനത്തിന് അഞ്ച് ശതമാനം എന്നതാണ് നിരക്ക്.
താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ തിരൂര്‍ പുഴയ്ക്കു കുറുകെ പതിമൂന്ന് കോടി രൂപ ചെലവില്‍ പാലം നിര്‍മിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കിയാണ് പ്രവൃത്തി നടത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates