ശബരിമലയാത്രയില്‍ നിന്നും റഫീക്ക് അഹമ്മദ് പിന്‍മാറി

രാഹുല്‍ ഈശ്വറുമായി യാത്ര നടത്തുന്നതിനെതിരെ നിരവധി കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് റഫീക്ക് അഹമ്മദിന്റെ പിന്‍മാറ്റം
ശബരിമലയാത്രയില്‍ നിന്നും റഫീക്ക് അഹമ്മദ് പിന്‍മാറി
Updated on
2 min read

കോഴിക്കോട്:  വര്‍ഗീയതയ്ക്കും മതവിരുദ്ധതയ്ക്കുമെതിരെ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കെപി രാമനുണ്ണിയും, റഫീക്ക് അഹമ്മദും, രാഹുല്‍ ഈശ്വറും സംയുക്തമായി നടത്തുന്ന ശബരിമല സന്ദര്‍ശനത്തില്‍ നിന്നും റഫീക്ക് അഹമ്മദ് പിന്‍മാറി. രാഹുല്‍ ഈശ്വറുമായി യാത്ര നടത്തുന്നതിനെതിരെ നിരവധി കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് റഫീക്ക് അഹമ്മദിന്റെ പിന്‍മാറ്റം. 

എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സ്‌നേഹോഷ്മളമായ ആത്മിയസ്വത്വത്തിനായി, മതമൈത്രിയുടെ കേരള മാതൃകയ്ക്കായി, വിശ്വാസത്തിന്റെ വിമോചന വഴികള്‍ക്കായി കെപി രാമനുണ്ണിയും റഫീക്ക് അഹമ്മദും രാഹുല്‍ ഈശ്വറും സദ്ഭാവനാ യാത്രയുമായി രംഗത്തെത്തിയത്.   ഡിസംബര്‍ 27ന് കാഞ്ഞങ്ങാട്ടുനിന്നും ആരംഭിച്ച് കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് പൊന്നാനി, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം, ചങ്ങനാശ്ശേരി, ശിവഗിരി വഴി ശബരിമലയിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. 

വൈദ്യന് രോഗം പടര്‍ത്താനുള്ള കുത്സിതശ്രമങ്ങള്‍ അങ്ങിങ്ങ് നടക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടയില്‍ സംശയത്തിന്റെയും സംഘര്‍ഷത്തിന്റെയും വിത്തുകള്‍ പാകിക്കൊണ്ട്. കേരളത്തിന്റെ ആത്മീയസുകൃതത്തെ തന്നെ നശിപ്പിക്കാനുള്ള ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കേണ്ടത് പ്രധാനമായും മതവിശ്വാസികളാണ്. കാരണം സൃഷ്ടികള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്നത് ദൈവവിരോധം മാത്രമാണ്. മാത്രമല്ല അപരവിദ്വേഷം പുകയുന്ന നാടിന്റെ അന്തരീക്ഷം പ്രാര്‍ത്ഥനയെ പ്രക്ഷീണമാക്കുന്നു. ആരാധനയെ ജീര്‍ണിപ്പിക്കുന്നു. ഭക്തിയെ കളങ്കിതമാക്കുന്നുവെന്നും മൂവരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

വര്‍ഗീയതയും വംശീയതയും പോറ്റിയ നാടുകളൊന്നും ഗുണം പിടിച്ചിട്ടില്ലെന്നും അവിടങ്ങളിലെല്ലാം ദാരിദ്ര്യം പെരുകിയിട്ടേയുള്ളു, സാമ്രാജ്യത്വശക്തികള്‍ കിടന്ന് നിരങ്ങിയിട്ടേയുള്ളൂ. ജനങ്ങള്‍ ദുരിതങ്ങള്‍ കടിച്ചിറക്കിയിട്ടേയുള്ളൂ, അതിനാല്‍ പാവം കുഞ്ഞുക്കുട്ടികളുടെ മുഖങ്ങള്‍ ഓര്‍ത്തെങ്കിലും കേരളത്തിന്റെ വര്‍ഗീയവത്കരണങ്ങള്‍ നമ്മള്‍ തടയുക തന്നെ വേണം. മതത്തെ മതവിരുദ്ധമാക്കുന്ന വര്‍ഗീയതയെ നേരിടാനുള്ള പ്രാഥമിക ഉത്തരവാദിത്തം തീര്‍ച്ചയായും വിശ്വാസികള്‍ക്കാണ്. ആ പ്രവര്‍ത്തനങ്ങള്‍ക്് തുടക്കം കുറിക്കാനാണ് ഹിന്ദുമുസ്ലീം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള ശബരിമലയാത്ര സംഘടിപ്പിക്കുന്നതെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.  ജനാധിപത്യവും വിപ്ലാവത്മകവുമായ മതബോധത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന നിങ്ങളും ഓരോ കേന്ദ്രത്തില്‍ നിന്നും യാത്രക്കൊപ്പം അണിചേരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും അങ്ങനെ കാഞ്ഞങ്ങാട്ട് നിന്ന് പുറപ്പെടുന്ന മൂന്ന് പേര്‍ മൂവായിരവും മുപ്പതിനായിരവുമായി പെരുകി മലയാള ചേതനയുടെ മഹാസാഗരം ഇരമ്പിയെത്തട്ടെ എന്നതാണ്  യാത്രയുടെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ യാത്ര നീട്ടിവെക്കുകയാണെന്ന് കെപി രാമനുണ്ണി ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചിരുന്നു. സദ്ഭാവനായാത്ര എന്ന പേരില്‍ ഞാനും റഫീക് അഹമ്മദും രാഹുല്‍ ഈശ്വറും കൂടി നടത്താന്‍ നിശ്ചയിച്ചിരുന്ന വര്‍ഗ്ഗീയതക്കെതിരായ ദേവാലയ സന്ദര്‍ശനം കൂടുതല്‍ വിപുലവും ഫലപ്രദവുമായ ആസൂത്രണത്തിനായി നീട്ടിവെക്കാന്‍ തീരുമാനിച്ചു.സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് യാത്രക്ക് പിന്‍തുണ പ്രഖ്യാപിച്ച് ലഭിച്ച പ്രതികരണങ്ങള്‍ ആവേശോജ്ജ്വലമായിരുന്നു. വര്‍ഗ്ഗീയ നിര്‍മുക്തമായ കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്ക് വിടാതെ കൊണ്ടു,പോകുക തന്നെ ചെയ്യണമെന്നായിരുന്നു രാമനുണ്ണിയുടെ ഫെയ്‌സ് ബുക്ക് പോസ്്റ്റ്.

അതേസമയം രാഹുലിനൊപ്പമുള്ള ശബരിമലയാത്രയില്‍ നിന്നും പിന്‍മാറണമെന്ന് റഫീക്ക് അഹമ്മദിന്റെ അടുത്ത സുഹൃത്തുക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റഫീക്ക് അഹമ്മദ് പിന്‍മാറിയത്. ഹിന്ദുവര്‍ഗ്ഗീയതയുടെ അപ്പോസ്തലനായ തന്ത്രി കുടുംബാംഗത്തിന്റെയും ഹിന്ദുവര്‍ഗ്ഗീയതയ്ക്ക് സാഹിത്യത്തിന്റെ ചെലവില്‍ സ്വീകാര്യതയുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹിത്യകാരന്റെയുമൊപ്പം താങ്കള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന യാത്ര എത്രമേല്‍ ഹൈന്ദവ തീവ്രവാദത്തിന് ശക്തിയുണ്ടാക്കിക്കൊടുക്കുമെന്ന് മനസ്സിലായിട്ടുണ്ടോയെന്നും ചിലര്‍ റഫീക്ക് അഹമ്മദിനോട് ചോദിച്ചിരുന്നു. റഫീക്ക് അഹമ്മദ് പിന്‍മാറിയ സാഹചര്യത്തില്‍ സദ്ഭാവയാത്ര നീട്ടിവെച്ചതല്ലെന്നും യാത്ര ഉപേക്ഷിച്ചതാണെന്നുമാണ് വ്യക്തമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com