

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ആവണമെന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവിലെ സ്ഥിതിയില്‍ സര്‍ക്കാരിന് ഇങ്ങനെ ഒരു നിലപാട് എടുക്കാനേ കഴിയൂവെന്ന് കടകംപള്ളി പറഞ്ഞു. യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നവോഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സുപ്രീം കോടതി വിധി പരമോന്നതമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെ സുപ്രീം കോടതി ഒരു വിധി പറഞ്ഞപ്പോള്‍ അതിന് അനുസരിച്ച നിലപാട് സ്വീകരിച്ചു. ഇപ്പോഴത്തെ വിധിയില്‍ ഇങ്ങനെയൊരു നിലപാടേ സ്വീകരിക്കാനാവൂ. സുപ്രീം കോടതി വിധിയിലെ വസ്തുതകള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ തീരുമാനം. അത് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നത് ആവണമെന്നില്ല. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആ വിമര്‍ശനങ്ങളിലെ നല്ലത് ഉള്‍ക്കൊള്ളുന്ന സര്‍ക്കാരാണ് ഇതെന്ന് കടകംപള്ളി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീപ്രവേശനം വേണ്ടെന്ന നിലപാട് ശരിയല്ലെന്നാണ് പുന്നല ശ്രീകുമാര്‍ വിമര്‍ശിച്ചത്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് സര്‍ക്കാരും പാര്‍ട്ടിയും പുലര്‍ത്തുന്നതെന്നും പുന്നല കുറ്റപ്പെടുത്തി.
പുനഃപരിശോധന ഹര്‍ജികളില്‍ വിധി വരുന്നതുവരെ തല്‍ക്കാലം യുവതീപ്രവേശനം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയിലെ സത്യവാങ്മൂലത്തിന് എതിരാണ്. യുവതി പ്രവേശനത്തിന് നിലവില്‍ സ്‌റ്റേ ഇല്ല. സര്‍ക്കാരിന്റെ നയവ്യതിയാനം നവോത്ഥാന സംരക്ഷണ സമിതിയെ ദുര്‍ബലപ്പെടുത്തുമെന്നും പുന്നല പറഞ്ഞു.
ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഗൗരവമേറിയതാണ്. നവംബറില്‍ കേസ് പരിഗണിക്കുമ്പോഴും സ്‌റ്റേ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചും നേരത്തെയുള്ള വിധിക്ക് സ്‌റ്റേ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ സുപ്രിംകോടതി ഉത്തരവുമായി വരണമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ ലംഘനമാണ്. ഭരണഘടനാ പദവി വഹിക്കുന്ന ഭരണാധികാരി ഇത്തരത്തില്‍ പരാമര്‍ശിച്ചത് ഭരണഘടനാ ലംഘനവും നിയമലംഘനവുമാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
മുമ്പ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും, ഇത്തവണ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. അങ്ങനെയൊരു സത്യവാങ്മൂലം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള രാഷ്ട്രീയനേതൃത്വം ഇത്തരത്തില്‍ തീരുമാനമെടുക്കുന്നത്, യഥാര്‍ത്ഥത്തില്‍ യുഡിഎഫ് ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങളെ ശരിവെക്കുന്നതാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates