ആലപ്പുഴ; മലേഷ്യയിലെ ജോലിസ്ഥലത്തു ക്രൂരപീഡനത്തിന് ഇരയായി മലയാളി. മലേഷ്യയിലെ പെനാങ് സ്‌റ്റേറ്റില്‍ ജോലിക്കുപോയ ആലപ്പുഴ പള്ളിപ്പാട് സ്വദേശി ഹരിദാസനാണ് ക്രൂരതയ്ക്ക് ഇരയായത്. ശമ്പളകുടിശ്ശിക ചോദിച്ചതിന് തൊഴിലുടമ ശരീരത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി വെക്കുകയായിരുന്നു. മലേഷ്യയില്‍ കുടുങ്ങിയ ഹരിദാസിനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ആലപ്പുഴ എസ്പിക്കും നോര്‍ക്കയിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
നാലു വര്‍ഷം മുന്‍പാണ് ബാര്‍ബര്‍ ജോലിക്കായി ഹരിദാസന്‍ മലേഷ്യയിലെത്തിയത്. ആലപ്പുഴ ചിങ്ങോലിയിലുള്ള ഏജന്റാണ്, ജോലി തരപ്പെടുത്തിയത്. 30000 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തു മലേഷ്യയില്‍ ബാര്‍ബര്‍ ജോലിക്കു കൊണ്ടുപോയ ഹരിദാസിന് പലപ്പോഴും 16,000 രൂപയാണ് ശമ്പളമായി ലഭിച്ചിരുന്നതെന്നും പരാതിയുണ്ട്. 7മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ഹരിദാസനെ വല്ലപ്പോഴും മാത്രമേ കുടുംബവുമായി സംസാരിക്കാന്‍ പോലും തൊഴില്‍ ഉടമ അനുവദിച്ചിരുന്നുള്ളു.
ശമ്പളകുടിശ്ശിക കിട്ടിയിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മലേഷ്യയില്‍ ഹരിദാസന്‍ ജോലി ചെയ്യുന്ന സ്ഥാപത്തിനു സമീപത്തുള്ള ഒരു തമിഴ്‌നാട് സ്വദേശിയുടെ ഫോണില്‍ നിന്നും ഞായറാഴ്ച ഭാര്യയെ വിളിച്ചു രക്ഷപ്പെടുത്തണം എന്ന് മാത്രം പറഞ്ഞു കോള്‍ കട്ട് ചെയ്യുകയായിരുന്നു. ശേഷം ക്രൂരമായ പീഡനത്തിനിരയായ ഫോട്ടോയും അയാള്‍ നാട്ടിലേക്ക് അയച്ചു കൊടുത്തു. ശരീരമാസകലം പൊള്ളലേല്‍പ്പിച്ചതിന്റെ പാടുകളോടെ കമഴ്ന്നു കിടക്കുന്നതായിരുന്നു ചിത്രം.
പിന്നീട് ആ നമ്പറിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോള്‍ തൊഴിലുടമ മറ്റൊരു സ്ഥലത്തേക്ക് ഹരിദാസനെ കൊണ്ട് പോയി എന്നുള്ള വിവരമാണ് ലഭച്ചിരിക്കുന്നത്. ഫോണ്‍ വിളിക്കാനോ പുറത്തിറങ്ങാനോ തൊഴിലുടമ അനുവദിക്കാറില്ലെന്നും ഭാര്യ പറയുന്നു. ഹരിദാസന്റെ കൂടെ ഉത്തര്‍പ്രദേശ് കാരനായ മറ്റൊരാള്‍ക്കും സമാന പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ അയാളെ കുറിച്ച് കൂടുതല്‍ വിവരമൊന്നുമില്ല. മലേഷ്യയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് ഇന്ത്യന്‍ എംബസ്സിക്ക് പരാതി നല്‍കിയിട്ടുണ്ട്. വൈകാതെ ഇയാളെ നാട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിവിധ സംഘടനാ നേതാക്കള്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates