

കണ്ണൂർ: മയക്കുമരുന്ന് കേസിൽ ശിക്ഷാകാലാവധി കഴിഞ്ഞ നൈജീരിയൻ പൗരൻ കേരള പൊലീസിന് പൊല്ലാപ്പായി. നൈജീരിയൻ സ്വദേശി സിതാര ഫ്രാൻസിസ് (32) ആണ് പോലീസിനെ വലച്ചത്. ഇയാളെ തങ്ങൾക്ക് വേണ്ടെന്ന നിലപാട് നൈജീരിയൻ എംബസി സ്വീകരിച്ചു. ഇതോടെ ഇയാളെ നാട്ടിലേക്ക് വിമാനത്തിൽ കയറ്റിവിടുന്നതിന് കേരള പൊലീസിന് ഒന്നരലക്ഷത്തോളം രൂപ ചെലവാക്കേണ്ടി വന്നു.
കഴിഞ്ഞവർഷമാണ് അഞ്ചുഗ്രാം കൊക്കെയ്നും യാത്രാരേഖകളുമില്ലാതെ സിതാര ഫ്രാൻസിസ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്. തുടർന്ന് കണ്ണൂർ കോടതി ഇയാളെ ഒൻപത് മാസം തടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞ് കോടതിയിൽ ഹാജരായ സിതാര ഫ്രാൻസിസ് 10,000 രൂപ പിഴയടച്ചതോടെ കോടതി വിട്ടയയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് ടൗൺ എഎസ്ഐ ഗിരീഷ് ബാബു, എഎസ്ഐ അനീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് വിമാനത്തിൽ പുറപ്പെട്ട് ഇയാളെ ഡൽഹിയിലെ നൈജീരിയൻ എംബസിയിൽ ഹാജരാക്കുകയായിരുന്നു.
എന്നാൽ, ഇയാളെ തങ്ങൾക്കു വേണ്ടെന്ന നിലപാടാണു നൈജീരിയൻ എംബസി ഉദ്യോഗസ്ഥർ സ്വീകരിച്ചത്. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിൽ ഹാജരാക്കിയ സിതാരയെ പാസ്പോർട്ട് ശരിയാക്കിയശേഷം നൈജീരിയയിലേക്ക് കയറ്റിവിടുവാൻ തീരുമാനിക്കുകയായിരുന്നു. ടിക്കറ്റ് ചാർജായി 1,44,000 രൂപ കേരള പോലീസിന് നൽകേണ്ടിയും വന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ഡൽഹിയിൽനിന്ന് എത്യോപ്യൻ വിമാനത്തിൽ സിതാരയെ കയറ്റിവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates