കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലപാതകങ്ങളില്‍ പിടിയിലായ മുഖ്യ പ്രതി ജോളിയുടെ കെണിയില്‍ നിന്നും കൊല്ലപ്പെട്ട റോയി തോമസിന്റെ സഹോദരങ്ങളായ റോജോയും രഞ്ജിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദുരൂഹമരണങ്ങളുടെ പിന്നാലെ റോജോയും രഞ്ജിയും നീങ്ങുകയാണെന്ന് മനസ്സിലാക്കിയതോടെയാണ് ജോളി ഇവര്‍ക്കായി കെണിയൊരുക്കിയത്. ഭര്‍ത്താവ് റോയി തോമസിന്റെ മരണശേഷമുള്ള ഇടപെടലുകളും, ടോംതോമസിന്റെ പേരിലുള്ള സ്വത്തുവകകള്‍ സ്വന്തം പേരിലേക്ക് മാറ്റിയതുമെല്ലാം ഇരുവരിലും ജോളിയെക്കുറിച്ച് സംശയം ജനിപ്പിച്ചു.
എറണാകുളത്തേക്കാണ് രഞ്ജിയെ വിവാഹം കഴിച്ച് അയച്ചത്. പലപ്പോഴും കൂടത്തായിയിലെ തറവാട്ടുവീട്ടിലെത്തിയെങ്കിലും റോജോയോ രഞ്ജിയോ ഒരിക്കല്‍ പോലും ഇവിടെ നിന്നും ഭക്ഷണം കഴിക്കാനോ അന്തിയുറങ്ങാനോ തയ്യാറായിരുന്നില്ല. പലപ്പോഴും തറവാട്ടു വീട്ടിലെത്തിയ രഞ്ജിക്ക്, ജോളി പലഹാരങ്ങളും ശീതള പാനീയങ്ങളും തളികയില്‍ വെച്ചുനീട്ടിയിട്ടും രുചിച്ചുപോലും നോക്കിയില്ല.
അമേരിക്കയില്‍ നിന്ന് മൂന്നുതവണ നാട്ടിലെത്തിയപ്പോഴും റോജോ തിരുവമ്പാടിയിലെ ഭാര്യവീട്ടിലും കോടഞ്ചേരിയിലെ ഹോട്ടലിലും സഹോദരി രഞ്ജി താമസിക്കുന്ന എറണാകുളത്തെ വീട്ടിലുമാണ് അന്തിയുറങ്ങിയിരുന്നത്. തറവാട്ടു വീട്ടിൽ നിന്നും വെള്ളം പോലും കുടിച്ചിരുന്നുമില്ല. ചേട്ടന്റെ ഭാര്യയുടെ പല നടപടികളും ദുരുഹതയുണര്‍ത്തുന്നതാണെന്ന് കൃത്യമായി മനസ്സിലാക്കിയ ഇരുവരും ഇക്കാര്യം അടുത്ത സുഹൃത്തുക്കളായ ചില ബന്ധുക്കളോട് പങ്കുവെച്ചിരുന്നതായും വിവരമുണ്ട്.
രഞ്ജിയെയും വധിക്കാന്‍ ശ്രമിച്ചിരുന്നതായി ജോളി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുമ്പ് അമ്മ അന്നമ്മ മരിച്ചതിന് ശേഷം ജോളി അരിഷ്ടം നല്‍കിയിരുന്നതായി രഞ്ജിയും വെളിപ്പെടുത്തിയിട്ടുണ്ട്. ജോളി നല്‍കിയ അരിഷ്ടം കുടിച്ച റെഞ്ചി അവശയായി. കണ്ണില്‍ ഇരുട്ടു കയറുകയും ഓക്കാനിക്കുകയും ചെയ്തു. ലീറ്റര്‍ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായത്. അന്നു സംശയമൊന്നും തോന്നിയില്ലെന്നും ഇപ്പോഴാണ് കൊലപാതക ശ്രമമാണെന്നു മനസ്സിലായതെന്നും രഞ്ജി പൊലീസിന് മൊഴി നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates