

കവിത കോപ്പിയടി വിവാദത്തില്‍ എം.ജെ ശ്രീചിത്രനെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ രംഗത്ത്. ശബരിമല വിഷയത്തില്‍ ശ്രീചിത്രന്‍ തന്നെ പരിസഹിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ബല്‍റാം പരിഹാസവുമായി രംഗത്ത് വന്നിരിക്കുന്നത്. 'പ്രിയപ്പെട്ട ശ്രീചിത്രന്‍, നെഹ്രുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍' എന്ന ആ പുസ്തകം എത്രയും പെട്ടെന്ന് എനിക്ക് തന്നെ തന്നോളൂ. എന്റെ കയ്യില്‍ അതിന്റെ കോപ്പി ഇല്ലാത്തത് കൊണ്ടല്ല, നിങ്ങളുടെ ഷെല്‍ഫില്‍ അതിരുന്നാല്‍ അതിലെ ഓരോ പേജും നിങ്ങള്‍ അടിച്ചുമാറ്റി സ്വന്തം പേരിലും മറ്റ് വല്ലവരുടെ പേരിലുമൊക്കെ പലയിടത്തും പ്രസിദ്ധീകരിച്ചു കളയും എന്ന പേടി കൊണ്ടാണ്.'- ബല്‍റാം ഫെയസ്ബുക്കില്‍ കുറിച്ചു.
എസ് കലേഷ് എഴുതിയ അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍നീ എന്ന കവിത ദീപാ നിശാന്തിന്റെ പേരില്‍ ഒരു സര്‍വ്വീസ് സംഘടനയുടെ മാസികയില്‍ വന്നത് ശ്രീചിത്രന്‍ പകര്‍ത്തി നല്‍കിയിട്ടാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വി.ടി ബല്‍റാം പരിഹാസവുമായി രംഗത്ത് വന്നിരിക്കുന്നത്.
ബല്‍റാമിനെ പരിഹസിച്ചുകൊണ്ട് ശ്രീചിത്രന്‍ എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു: 'ഈ ചിത്രം കാണുമ്പോഴെല്ലാം, ആ പുസ്തകം അനിവാര്യമായും ആവശ്യമുള്ളയാള്‍ തൊട്ടടുത്തുണ്ടായിട്ടും ഞാന്‍ ആ കുട്ടിക്ക് മാറിക്കൊടുത്തു പോയല്ലോ എന്ന സങ്കടം എന്നെ വന്നു പൊതിയുന്നു.
മുന്‍പൊരിക്കല്‍, ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയില്‍ ഞാനൊരു നഹ്‌റു അനുസ്മരണ പ്രഭാഷണത്തിനു പോയി. സെക്കുലറിസം, ഭരണഘടന, സയന്റിഫിക് ടെമ്പര്‍, ഇന്ത്യന്‍ ജനാധിപത്യം എന്നിവയെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്തു. ബല്‍റാമിന്റെ സാന്നിദ്ധ്യത്തില്‍ ഒരു കുട്ടിക്ക് 'ഇന്ത്യയെ കണ്ടെത്തല്‍' നല്‍കി ആ പുസ്തകത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്തു.
ഏറെ സന്തോഷമുള്ളൊരു കാര്യമാണ്, ഈ രാജ്യത്തില്‍ ഒരു കുട്ടിക്ക് 'ഇന്ത്യയെ കണ്ടെത്തല്‍' സമ്മാനമായി നല്‍കുന്നത്. ഈ രാജ്യം എന്താണെന്ന, എങ്ങനെ കണ്ടെത്തപ്പെട്ടതാണെന്ന, എങ്ങനെ ആധുനീകരിക്കപ്പെടുന്നു എന്ന തിരിച്ചറിവിന്റെ ആയുധമാണ് നല്‍കപ്പെടുന്നത്. ആ സന്തോഷം എനിക്കിപ്പോഴും ഓര്‍മ്മയിലുണ്ട്.
ഇന്ന് ബല്‍റാം എവിടെയാണെന്നെനിക്കറിയില്ല. എവിടെയായാലും പ്രളയം വന്നു പുസ്തകങ്ങള്‍ കൊണ്ടു പോയിട്ടും വിട്ടു പോകാതെ എന്റെ ഷെല്‍ഫിലുള്ള ഒരു കോപ്പി ഇന്ത്യയെ കണ്ടെത്തല്‍ എനിക്ക് ബല്‍റാമിനു നല്‍കണമെന്നുണ്ട്. ഈ ചിത്രം കാണുമ്പോഴെല്ലാം, ആ പുസ്തകം അനിവാര്യമായും ആവശ്യമുള്ളയാള്‍ തൊട്ടടുത്തുണ്ടായിട്ടും ഞാന്‍ ആ കുട്ടിക്ക് മാറിക്കൊടുത്തു പോയല്ലോ എന്ന സങ്കടം എന്നെ വന്നു പൊതിയുന്നു'.
തന്റെ കവിതയാണ് ദീപാ നിശാന്തിന്റെ പേരില്‍ എ.കെ.പി.സി.ടി.എയുടെ മാസികയില്‍ അച്ചടിച്ച് വന്നത് എന്ന് എസ് കലേഷ് വ്യക്തമാക്കിയതിന് പിന്നാലെ അത് നിഷേധിച്ച ദീപ, സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ തനിക്ക് തെറ്റുപറ്റിയെന്നും മാപ്പ് പറയുന്നുവെന്നും പറഞ്ഞ് രംഗത്ത് വന്നിരുന്നു. ശ്രീചിത്രനാണ് ഈ കവിത പകര്‍ത്തി ദീപയ്ക്ക് നല്‍കിയത് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ വെളിപ്പെടുത്തലുകള്‍ നടന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates