'ശ്രീധരന്‍ പിള്ളയെ കേരളത്തിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് ബഹിഷ്‌കരിക്കണം'; ഗഡ്കരിക്ക് അയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക്

'ശ്രീധരന്‍ പിള്ളയെ കേരളത്തിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് ബഹിഷ്‌കരിക്കണം'; ഗഡ്കരിക്ക് അയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക്
'ശ്രീധരന്‍ പിള്ളയെ കേരളത്തിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് ബഹിഷ്‌കരിക്കണം'; ഗഡ്കരിക്ക് അയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക്
Updated on
1 min read

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവര്‍ണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയെന്ന് ധനമന്ത്രി തോമസ് ഐസക്.  സംസ്ഥാനത്തെ ദേശീയപാതാ വികസനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് എഴുതിയ കത്ത് പുറത്തുവിട്ടുകൊണ്ടാണ്, ധനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.

കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ച ശ്രീധരന്‍ പിള്ളയെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു. രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്‌നത്തെ ചുരുക്കാനാവില്ല. ഈ നാടിന്റെ ഭാവിവികസനത്തെ പിന്‍വാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവര്‍ത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണം.

ഈ സര്‍ക്കാരിന്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സര്‍ക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവര്‍ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി- തോമസ് ഐസക് പറഞ്ഞു.

2020ല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ ചുമതലകള്‍ നിറവേറ്റുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. തൊണ്ടയാട്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ നാടിനു സമര്‍പ്പിച്ചു. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം കിഫ്ബി ഏറ്റെടുത്ത് അതിവേഗം പൂര്‍ത്തീകരിക്കുന്നു. കരമന-കളിയിക്കാവിള റോഡും കിഫ്ബിയില്‍ പെടുത്തി നാലുവരിപ്പാതയാക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു.

വെല്ലുവിളികള്‍ക്കു മുന്നില്‍ അടിപതറി 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപേക്ഷിച്ചതാണ് കേരളത്തിന്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂര്‍ കീഴാറ്റൂര്‍, മലപ്പുറം ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ് രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ കേന്ദ്രം പദ്ധതി അട്ടിമറിച്ചത്.

നവകേരളത്തിന്റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങള്‍ അതിവേഗം കരഗതമാക്കാന്‍ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങള്‍ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരന്‍ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ടിയ്ക്കും കേരളം മാപ്പു നല്‍കില്ലെന്ന് തോമസ് ഐസക് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com