കൊച്ചി: സംഘപരിവാറിന്റെ വര്‍ഗിയ പ്രചരണത്തെ പൊളിച്ചടുക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എ.എന്‍ ഷംസീര്‍ എംഎല്‍എയെ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കാന്‍ അനവദിക്കില്ലെന്ന പ്രചരണമാണ് സംഘപരിവാര്‍ നടത്തിയത്. തുടര്‍ന്ന് കടകംപള്ളിയുടെ ഫെയ്‌സ്ബുക്ക് പേജിലേക്ക് വ്യാപകമായി കമന്റുകള്‍ കൂടി വന്നതോടെയാണ് മന്ത്രി നുണ പ്രചരണത്തിനെതിരെ രംഗത്തെത്തിയത്.
'മലബാര്‍ ദേവസ്വം ബോര്‍ഡിന് ഒരു പ്രസിഡന്റ് ഉണ്ട്. ഒ.കെ വാസു മാഷ് എന്ന് കേട്ടിട്ടുണ്ടോ ? ആ മാഷാണ്. നിങ്ങളുടെ കൂട്ടത്തില്‍ പത്രം വായിക്കുന്നവരുണ്ടെങ്കുില് അവരോട് ചോദിച്ചു മനസിലാക്കുക. ആ മാഷ് ബിജെപി വിട്ടതെന്ത് കൊണ്ടാണെന്ന് ഇന്നെനിക്ക് നല്ല പോലെ മനസിലായി' കടകം പള്ളി പരിഹസിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ചിരിക്കാനാണ് ആദ്യം തോന്നിയത്, പിന്നെ തോന്നിയത് സഹതാപവും. മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഉദ്ഘാടനത്തെ കുറിച്ച് ഞാനിട്ട പോസ്റ്റിന് താഴെ വെട്ടുകിളി കൂട്ടത്തെ പോലെ കുറെ കമന്റുകളുമായി ഒരു സംഘം. ബുദ്ധിയും ബോധവും കുറച്ച് കുറഞ്ഞ കൂട്ടരാണെന്ന് അറിയാം. എങ്കിലും ഇത് കടുപ്പമായി പോയി. എ.എന്‍ ഷംസീര്‍ എംഎല്‍എയെ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കാന്‍ അനുവദിക്കില്ലത്രേ. ആരാ ഈ മണ്ടത്തരമൊക്കെ പറഞ്ഞ് നിങ്ങളെ പറ്റിക്കുന്നത്. വര്‍ഗീയവിഷം നിറഞ്ഞ തലച്ചോറില്‍ വെളിച്ചം കടത്തിവിടാനാകില്ലെന്നറിയാം. പക്ഷേ, നിങ്ങളുടെ ഈ പങ്കപ്പാടും വെകിളി പിടിക്കലും കണ്ട് വേറെയാരും തെറ്റിദ്ധരിക്കണ്ട എന്ന ഉദ്ദേശത്തോടെ ഒരു കഥ സൊല്ലട്ടുമാ. അതായത് രമണാ, മലബാര്‍ ദേവസ്വം ബോര്‍ഡിന് ഒരു പ്രസിഡന്റ് ഉണ്ട്. ഒ.കെ വാസു മാഷ് എന്ന് കേട്ടിട്ടുണ്ടോ ? ആ മാഷാണ്. നിങ്ങളുടെ കൂട്ടത്തില്‍ പത്രം വായിക്കുന്നവരുണ്ടെങ്കുില് അവരോട് ചോദിച്ചു മനസിലാക്കുക. ആ മാഷ് ബിജെപി വിട്ടതെന്ത് കൊണ്ടാണെന്ന് ഇന്നെനിക്ക് നല്ല പോലെ മനസിലായി.
ദേവസ്വം നിയമങ്ങളൊക്കെ വായിക്കാന്‍ നിങ്ങളോടൊക്കെ പറയാന്‍ മാത്രം മനസാക്ഷിയില്ലാത്തവനല്ല ഞാന്‍. ശ്രീ ഗുരുജി സാഹിത്യ സര്‍വസ്വം വായിച്ചിട്ടില്ലെന്ന് മാത്രമല്ല അതാര് എഴുതിയതാണെന്ന് പോലും അറിയാത്ത നേതാക്കളുള്ള സംഘടനയിലെ അണികളാണ് നിങ്ങളെന്ന പരിഗണന തരണമല്ലോ. അപ്പോ രമണാ ഒന്നു കൂടെ വിശദമാക്കാം. മലബാര്‍ ദേവസ്വം ബോര്‍ഡിന് ചെയര്‍മാന്‍ എന്നൊരു സ്ഥാനമില്ല. പ്രസിഡന്റും ബോര്‍ഡംഗങ്ങളുമാണ് ഉള്ളത്. ആ പ്രസിഡന്റ് മേല്‍പറഞ്ഞ ഒ.കെ വാസുമാഷും. വാലും തലയുമില്ലാതെ വിവരക്കേടുകള്‍ പ്രചരിപ്പിച്ച് വര്‍ഗീയ വിദ്വേഷം ഉണ്ടാക്കിയാല്‍ ഗള്‍ഫില്‍ കഷ്ടപ്പെട്ട് കഴിഞ്ഞിരുന്ന കൃഷ്ണകുമാരന്‍നായര്‍ക്ക് കിട്ടിയ ലോട്ടറി ലഭിക്കുമെന്നത് വിനയത്തോടെ ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുന്നു. അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാ, വിവരമുള്ള ഒരുത്തനുമില്ലേ ആ നാഥനില്ലാ കളരിയില്‍ ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates