

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ തന്നെ നടത്തും. മൂന്ന് ദിവസമായി നിജപ്പെടുത്തിയാണ് ഇത്തവണ അരങ്ങേറുന്നത്. ഡിസംബര്‍ ഏഴ്, എട്ട്, ഒന്‍പത് തിയതികളിലായാണ് കലോത്സവം നടത്തുന്നത്. കലോത്സവത്തിനൊപ്പം ശാസ്‌ത്രോത്സവവും കായികമേളയും സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവവും നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഗുണമേന്‍മാ പരിശോധന സമിതി യോഗത്തിലാണ് പുതിയ തീരുമാനം.
രചനാ മത്സരങ്ങള്‍ ഇത്തവണ ജില്ലാതലത്തില്‍ അവസാനിക്കും. എല്ലാ ജില്ലാ മത്സരങ്ങളും ഒരു ദിവസം തന്നെ നടത്തും. ഒരേ വിഷയത്തിലുള്ള രചനാ മത്സരങ്ങളാകും നടത്തുക. ഓരോ ജില്ലയിലും ഒന്നാം സ്ഥാനത്തെത്തുന്ന കുട്ടികളുടെ സൃഷ്ടികള്‍ പരിശോധിച്ച് അതില്‍ ഒന്നാം സ്ഥാനം കിട്ടുന്ന കുട്ടിക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും.
കായിക മേള തിരുവനന്തപുരത്താണ് അരങ്ങേറുന്നത്. ഒക്ടോബര്‍ 26, 27, 28 തിയതികളിലായാണ് മേള അരങ്ങേറുക. യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലാകും മത്സരങ്ങള്‍. കായിക മേളയിലെ ഗെയിംസ് മത്സരങ്ങള്‍ സംസ്ഥാനതലത്തില്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ മത്സരത്തിലെ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും.
ശാസ്‌ത്രോത്സവം നവംബര്‍ 24, 25 തിയതികളില്‍ നടത്തും. കായികമേള നടക്കുന്ന ഒക്ടോബര്‍ 26, 27, 28 തിയതികളില്‍ തന്നെ സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ ആഘോഷ പരിപാടികളും ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കി പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ മന്ത്രിമാര്‍ക്കിടയില്‍ തന്നെ ഭിന്നത ഉടലെടുത്തു. വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു. ആഘോഷ പരിപാടികള്‍ റദ്ദാക്കിയ നടപടി വിവാദമായ പശ്ചാത്തലത്തില്‍ കലോത്സവം നടത്തുന്നത് സംബന്ധിച്ച് പുനരാലോചന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates