

രാജപുരം:കാസര്‍കോട് പാണത്തൂരില്‍ നാലുവയസ്സുകാരിയെ കാണാതായ സംഭവത്തില്‍ കുട്ടി തോട്ടില്‍ വീണതാകാം എന്ന പൊലീസ് അനുമാനം തള്ളി മാതാപിതാക്കള്‍. നാല് ദിവസം മുമ്പാണ് സന ഫാത്തിമയെന്ന നാലുവയസ്സുകാരിയെ കാണാതായത്.
വീടുകളില്‍ തിരയണമെന്നും കുട്ടിയെ കിട്ടിയെന്ന വ്യാജ വാട്‌സ്അപ്പ് സന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. കുട്ടിയെ കാണാതായതിന്റെ അന്ന് വൈകുന്നേരം നൗഷാദ് ഇളയമ്പാടി എന്നയാളാണ് വ്യാജ സന്ദേശം വാട്‌സഅപ്പ് ഗ്രൂപ്പുകളില്‍ അയച്ചത്. ഇയ്യാളെ മാതാപിതാക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല,പിന്നീട് ഇയ്യാള്‍ തിരികെവിളിച്ച് വ്യാജ സന്ദേശംെ പ്രചരിപ്പിച്ചതിന് മാപ്പ് പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടും പൊലീസ് അന്വേഷിച്ചില്ലായെന്നാണ് സനയുടെ മാതാപിതാക്കള്‍ പറയുന്നത്.
വ്യാഴാഴ്ച വൈകിട്ടു നാലുമണിയോടെയാണ് പാണത്തൂര്‍ ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിം-ഹസീന ദമ്പതികളുടെ മകള്‍ സന ഫാത്തിമയെ കാണാതായത്. അങ്കണവാടി വിട്ടു വീട്ടിലെത്തിയ കുട്ടി പുറത്തേക്കിറങ്ങിയതാണെന്നു വീട്ടുകാര്‍ പറയുന്നു. പിന്നീട് കുട്ടിയെ കാണാതായി. ഈ സമയത്തു ശക്തമായ മഴയുണ്ടായിരുന്നു.
അതേസമയം സമാന സാഹചര്യത്തില്‍ കാണാതായ മറ്റൊരു കുട്ടിയുടെ മാതാപിതാക്കളും അന്വേഷണം നടത്താതെ പൊലീസ് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തി. 2014ല്‍ കണ്ണൂരില്‍ നിന്നും കാണാതായ രണ്ടുവയസ്സുകാരി ദിയ ഫാത്തിമയുടെ മാതാപിതാക്കളായ സുഹൈലും ഫാത്തിമയുമാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന ഈ കുഞ്ഞിനെ മിനിറ്റുകള്‍ക്കിടയിലാണു കാണാതായത്. മാതാവ് ഭക്ഷണം എടുക്കാന്‍ അകത്തേക്കു പോയി തിരിച്ചു വന്നപ്പോള്‍ കുട്ടിയെ കാണാനില്ല.കൈത്തോട്ടില്‍ ഒഴുകിപ്പോയെന്നായിരുന്നു ആദ്യ സംശയം. സകല തോടുകളിലും പുഴകളിലും ആഴ്ചകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിച്ചവെച്ചു തുടങ്ങുന്ന കുട്ടി പുഴയിലെത്താന്‍ സാധ്യതയില്ലെന്ന് ബന്ധുക്കള്‍ അന്നുതന്നെ പറഞ്ഞിരുന്നു.
അങ്കമാലിയില്‍ സ്ത്രീക്കും പുരുഷനും മൂന്നു കുട്ടികള്‍ക്കുമൊപ്പം ദിയയുടെ രൂപസാദൃശ്യമുള്ള കുട്ടി നില്‍ക്കുന്ന വിഡിയോ ബന്ധുക്കള്‍ക്കു ലഭിച്ചിരുന്നു. ഇത് പൊലീസ് കൂടുതല്‍ അന്വേഷിച്ചില്ലെന്നു പരാതിയുണ്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ഇതുവരേയും ഒരു നടപടിയും ഉണ്ടായിട്ടില്ലായെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. രണ്ടുകുട്ടികളും കാണാതായ സാഹചര്യത്തില്‍ സാമ്യമുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates