

കൊച്ചി: എറണാകുളം നഗരത്തിലെ കണ്ണായ സ്ഥലങ്ങള്‍ വില്‍പ്പന നടത്തിയതില്‍ അങ്കമാലി അതിരൂപതയ്ക്ക് കോടികള്‍ നഷ്ടമുണ്ടായ സംഭവത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒരു വിഭാഗം വൈദികര്‍ രംഗത്ത്. ഇടപാടില്‍ കര്‍ദിനാള്‍ക്കും പങ്കുണ്ടെന്നാണ് ഇവരുടെ ആരോപണം. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
വില്‍പ്പന നടത്തിയഭൂമിയുടെ 36 ആധാരങ്ങളിലും കര്‍ദിനാള്‍ ആലഞ്ചേരിയാണ് ഒപ്പുവെച്ചിരിക്കുന്നത്. കര്‍ദിനാളും അദ്ദേഹവുമായി അടുപ്പമുള്ള ഏതാനും പേരും മാത്രമാണ് ഇടപാടുകളെക്കുറിച്ച് യഥാസമയം അറിഞ്ഞിരുന്നത്. ഭൂമി വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് സഭാവേദികളില്‍ ചര്‍ച്ച നടത്തിയില്ലെന്നും വൈദികര്‍ ആരോപിക്കുന്നു.
അതിരൂപതയുടെ 70 കോടി രൂപ വിലമതിക്കുന്ന ഭൂമി കേവലം 27 കോടി രൂപക്കാണ് വില്‍പന നടത്തിയത്. മാത്രവുമല്ല സഭക്ക് ലഭിച്ചതാകട്ടെ വെറും ഒമ്പത് കോടി മാത്രവും. ബാക്കി പണത്തിന് പകരമായി, നിയമപ്രശ്‌നങ്ങളുള്ള ഭൂമി സഭയുടെ തലയില്‍ കെട്ടിവെച്ചു. ഇതിന്റെ ബാധ്യത തീര്‍ക്കാന്‍ സഭയ്ക്ക് കോടികള്‍ ബാങ്ക് വായ്പ എടുക്കേണ്ടി വന്നു. ഇതോടെ സഭ കടക്കെണിയിലായതായി വൈദികര്‍ ചൂണ്ടിക്കാട്ടുന്നു.
36 പേര്‍ക്ക് സാജു വര്‍ഗീസ് കുന്നേല്‍ എന്നയാളെ ഇടനിലക്കാരനാക്കിയായിരുന്നു ഭൂമി കൈമാറ്റം. 2016 സെപ്റ്റംബര്‍ ഒന്നിനും അഞ്ചിനുമായി പത്ത് പേര്‍ക്ക് ആദ്യം ഭൂമി വില്‍പ്പന നടത്തി. കാക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ഭൂമി രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2017 ജനുവരി മുതല്‍ ഓഗസ്റ്റ് 16 വരെ മറ്റ് 25 പേര്‍ക്ക് കൂടി ഭൂമി നല്‍കി. ഭൂമി കൈമാറ്റ രേഖയിലെല്ലാം ഒപ്പിട്ടിരിക്കുന്നത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ്. ഈ രേഖകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ്, ഇടപാടില്‍ ആലഞ്ചേരിയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വൈദികര്‍ രംഗത്തെത്തിയത്.
ഭൂമി കൈമാറ്റത്തിലൂടെ 28 കോടിരൂപയുടേതെങ്കിലും നഷ്ടം സഭയ്ക്ക് വന്നുവെന്നാണ് വൈദികര്‍ പറയുന്നത്. മാത്രമല്ല സാജു വര്‍ഗീസ് കുന്നേല്‍ എന്നയാളെ ഇടനിലക്കാരനാക്കിയത് വൈദിക സമിതി പോലും അറിയാതെയാണ്. ഭൂമി ഇടപാട് വിവാദമയതിനെ തുടര്‍ന്ന് സബാ നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മോണ്‍സിഞ്ഞോര്‍ പദവികളിലുള്ള രണ്ടുപേരെ അന്വേഷണവിധേയമായി മാറ്റി നിര്‍ത്തിയിട്ടുണ്ട്. അതിനിടെ കൂട്ടായെടുത്ത തീരുമാനമാണ് ഭൂമി വില്‍പ്പനയെന്ന് വ്യക്തമാക്കി, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് ഇന്ത്യന്‍ കാത്തലിക് ഫോറം രംഗത്ത് വന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates