'സവര്‍ക്കറല്ല ഞാന്‍ ഗാന്ധി'യാണെന്ന രാഹുലിന്റെ മുദ്രാവാക്യം കേരളം ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന ആശയം സാഹോദര്യത്തിന്റെ അടിത്തറയില്‍ നിന്നാണ് ഉണ്ടായത്. അതിനെ തകര്‍ക്കുന്നതാണ് പൗരത്വഭേദഗതി നിയമം.
'സവര്‍ക്കറല്ല ഞാന്‍ ഗാന്ധി'യാണെന്ന രാഹുലിന്റെ മുദ്രാവാക്യം കേരളം ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല
Updated on
1 min read

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ നടപടികള്‍ക്കൊണ്ട് രാജ്യത്താകെ ഭയാനകമായ അന്തരീക്ഷമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പലയിടത്തും മാധ്യമങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുന്നില്ല. കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ സര്‍ക്കാരിനുവേണ്ടി മാത്രമെഴുതുന്നു. ഇത് ഗുരുതരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ എത്തിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു, തിരുവനന്തപുരത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ സംയുക്ത സത്യാഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനാധിപത്യരാജ്യത്താണോ ജീവിക്കുന്നതെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ജമ്മുവില്‍ നീതിയ്ക്കായി പടപൊരുതുന്നവരെ ജയിലില്‍ അടയ്ക്കുകയാണ്. എന്നിട്ട് എല്ലാ സമാധാനപരമാണെന്നാണ് മോദിയും കൂട്ടരും പറയുന്നത്. ഭരണഘടന ലോകത്തെ മികച്ച ഭരണഘടനയില്‍ ഒന്നാണ്. എല്ലാ സ്ഥാപനങ്ങളും ഭരണഘടനയുടെ ഉത്പന്നങ്ങളാണ്. ഇവയെ നശിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ത്യ എന്ന ആശയം സാഹോദര്യത്തിന്റെ അടിത്തറയില്‍ നിന്നാണ് ഉണ്ടായത്. അതിനെ തകര്‍ക്കുന്നതാണ് പൗരത്വഭേദഗതി നിയമം. ഈ നിയമം മോദി സര്‍ക്കാര്‍ പിന്‍വലിക്കുന്നത് വരെ വിവിധതലങ്ങളില്‍ യോജിച്ച പോരാട്ടം വേണം. രാഹുല്‍ ഗാന്ധിയുടെ ഞാന്‍ സവര്‍ക്കറല്ല ഗാന്ധിയാണെന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണമെന്ന് ചെന്നിത്തല പറഞ്ഞു. 

രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് പൗരത്വഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോഴത്തെ ഗുരുതരമായ പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണ്. പൗരത്വ ഭേദഗതി നിയമത്തെ കേരളം ഒറ്റെക്കട്ടായി എതിര്‍ക്കുന്നു എന്നതാണ് ഭരണപ്രതിപക്ഷ സംയുക്ത പ്രതിഷേധം കാണിക്കുന്നതെനന് പിണറായി പറഞ്ഞു. മതനിരപേക്ഷത നാട്ടില്‍ പാടില്ലെന്ന ആര്‍എസ്എസ് അജണ്ട നാടിനെ മതാതിഷ്ഠിത രാഷ്ട്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. രാജ്യത്താകെ സ്‌ഫോടാനാത്മകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇതിലൂടെ രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലേക്ക് തിരിക്കാനുള്ള ശ്രമം നടക്കുന്നു. അത് വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഇത്തരമൊരു നിയമത്തില്‍ സംസ്ഥാനത്തിന് തീരുമാനം എടുക്കാനാകുമോയെന്നാണ് ചിലരുടെ ആശങ്ക. രാജ്യത്തെ പൗരത്വനിയമം രൂപികരിക്കുന്നതും നിലനില്‍ക്കുന്നതും ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. സംസ്ഥാന സര്‍ക്കാരിന് പ്രതിബദ്ധത ഭരണഘടനയോടാണ്. ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്താത്ത നടപടികളുമായി ആരുമുന്നോട്ടുവന്നാലും എതിര്‍ക്കുന്നത് ഭരണഘടനയോടുള്ള കൂറുപുലര്‍ത്തലാണ്. അര്‍എസ്എസിനെ പോലുള്ളവര്‍ സൃഷ്ടിക്കുന്ന അജണ്ടയെ അംഗീകരിക്കാന്‍ ഈ സര്‍ക്കാരിനെ കിട്ടില്ലെന്നും പിണറായി പറഞ്ഞു

ഭരണഘടനാ മുല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എല്ലാ മതവിശ്വാസികള്‍ക്കും ഒരു മതവിശ്വാസം ഇല്ലാത്തവര്‍ക്കും ജീവിക്കാനുള്ള മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്താണ് പൗരത്വ നിയമം പാസാക്കിയിരിക്കുന്നത്. രാജ്യമാകെ ഉയര്‍ന്നുവന്ന പ്രതിഷേധത്തില്‍ കേരളമാകെ ഒറ്റക്കെട്ടായി നീങ്ങുന്നുവെന്ന സന്ദേശം ലോകത്തിന് നല്‍കുന്നതാണ് ഈ കൂട്ടായ്മയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com