

വിശ്വാസികളുടെ കാരുണ്യബോധവും സഹനശീലവും ഊട്ടിയുറപ്പിക്കുന്ന വിശുദ്ധ റമദാന് പരിസമാപ്തികുറിക്കുന്ന ആഘോഷമാണ് ഈദുല്‍ഫിത്വര്‍. ഈദുല്‍ഫിത്വര്‍ ദിനത്തില്‍ ദൈവത്തിന്റെ മാലാഖമാര്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനക്ക് കടന്ന്‌പോകുന്ന വഴികളുടെ കവാടങ്ങളില്‍ നിലയുറപ്പിക്കും. തുടര്‍ന്നവര്‍ വിളിച്ച് പറയും. നിങ്ങളെ ആദരിക്കുകയും നിങ്ങള്‍ക്ക് എണ്ണമറ്റ പ്രതിഫലം ചൊരിഞ്ഞ് തരികയും ചെയ്യുന്ന ഉദാരനായ ദൈവത്തിലേക്ക് നീങ്ങിക്കൊള്ളുക. നിങ്ങളോട് വ്രതമെടുക്കാന്‍ കല്‍പിച്ചപ്പോള്‍ നിങ്ങള്‍ വ്രതമെടുത്തു. രാത്രി നമസ്‌കരിക്കാന്‍ കല്‍പിച്ചപ്പോള്‍ അതും നിര്‍വ്വഹിച്ചു. നിങ്ങള്‍ അല്ലാഹുവിനോടുള്ള അനുസരണം പൂര്‍ത്തിയാക്കിയതിനാല്‍ അവനില്‍ നിന്നുള്ള പുരസ്‌കാരം സ്വീകരിച്ച് കൊള്ളുക.
വ്രതസമാപ്തിയുടെ വിജയാഘോഷമാണ് ചെറിയ പെരുന്നാള്‍. സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും ഐശ്വര്യത്തിന്റേയും ശാന്തിമന്ത്രങ്ങളാകുന്ന തക്ബീര്‍ ധ്വനികളാണ് ഇസ്ലാം ഈ ദിനത്തില്‍ ലോകത്തെ കേള്‍പ്പിക്കുന്നത്. ചിട്ടയോടും സൂക്ഷ്മതയോടും കൂടി ഒരു മാസക്കാലം വ്രതം അനുഷ്ഠിച്ചതിന് ശേഷം കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമെല്ലാം ഒത്തുചേരലിനു കൂടി ഈദ് അവസരമൊരുക്കുന്നു. ഈദിന്റെ പ്രഭാതം ആനന്ദത്തിന്റേതാണ്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള് നമസ്‌കാരം നടക്കും. കുട്ടികളും മുതിര്‍ന്നവരും പുതു വസ്ത്രങ്ങള്‍ ധരിച്ചാണ് നമസ്‌കാരത്തിനെത്തുക. പള്ളിമിനാരങ്ങളില്‍നിന്നും നാട്ടുവഴികളില്‍നിന്നും തെരുവീഥികളില്‍നിന്നും ഈദുല്‍ഫിത്വര്‍
സംഗീതാത്മകമായ തക്ബീര്‍ മുഴങ്ങും.
ആരാധനകള്‍കൊണ്ട് തപസ്സ് നിര്‍വ്വഹിച്ചവര്‍ക്കുള്ള ആഘോഷമാണ് ഈദ്. ഒരു പെരുന്നാല്‍ ദിനത്തില്‍ പ്രവാചക ഗ്രഹത്തില്‍വെച്ച് പെണ്‍കുട്ടികള്‍ പാട്ട്പാടിയപ്പോള്‍ പ്രവാചകന്റെ അരുമശിഷ്യന്‍ അബൂബക്കര്‍ (റ) നീരസം പ്രകടിപ്പിച്ചു. അദ്ദേഹം പറഞ്ഞു. പ്രവാചക ഭവനത്തിലാണോ നിങ്ങളുടെ പാട്ടും ബഹളവും. വിനയാന്വിതനായ പ്രവാചകന്‍ (സ) പറഞ്ഞു. അബൂബക്കര്‍ അവരെ ഉല്ലസിക്കാന്‍ അനുവദിക്കുക. എല്ലാ സമൂഹങ്ങള്‍ക്കും ആഘോഷങ്ങളുണ്ട്. ഇത് നമ്മുടെ ആഘോഷദിനമാണ്.
മഹത്തായ ഈ ദിനത്തിന്റെ സന്തോഷത്തിലൂടെ കടന്നു പോകുമ്പോള്‍ റമദാനില്‍ ആര്‍ജിച്ച വ്യക്തിവൈശിഷ്ട്യങ്ങള്‍ നഷ്ടപ്പെടാനല്ല; അതിനെ കൂടുതല്‍ തെളിമയുള്ളതാക്കാനാണ് ശ്രദ്ധിക്കേണ്ടത്. അടുത്ത പതിനൊന്ന് മാസക്കാലത്തേക്കുള്ള പ്രയാണത്തിനുള്ള ഊര്‍ജമാണ് വിശ്വാസികള്‍ നേടിയെടുത്തത്. അത് കൈമോശം വന്നുപോകരുത്. അതിനെ കൂടുതല്‍ തിളക്കമുള്ളതാക്കുക.
ഒരു മാസക്കാലം നേടിയെടുത്ത ആത്മവിശുദ്ധിയും മാനസികസംസ്‌കരണവും പൊട്ടിപ്പോവാതിരിക്കാന്‍ വിശ്വാസി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം നാം ആഘോഷത്തെ വരവേല്‍ക്കുന്നത് ആദര്‍ശ പ്രതിബദ്ധത കൊണ്ടാണ്. മദ്യപിച്ച് കൂത്താടി അശ്ലീല സിനിമകള്‍ കണ്ടുള്ള ആഘോഷങ്ങള്‍ എന്തുകൊണ്ടും വര്‍ജ്ജിക്കേണ്ടതാണ്. അത് റമദാനില്‍ വിശ്വാസികളാര്‍ജ്ജിച്ച ആത്മീയോര്‍ജ്ജത്തെ ഒരൊറ്റദിനംകൊണ്ട് നശിപ്പിക്കലാണ്. അതുകൊണ്ട് ധാര്‍മ്മികതയുടെ പരിധിയില്‍ നിന്നുകൊണ്ടുള്ള പെരുന്നാളാഘോഷങ്ങള്‍ സജീവമാക്കുക.
വിശ്വസാഹോദര്യത്തിന്റെ വാക്താക്കളെന്ന നിലക്ക് പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലിലൂടെ ഇതര മതസ്ഥരോടും സമുദായങ്ങളോടും സ്‌നേഹവും വിശ്വാസവും സഹകരണവും ഊട്ടിയുറപ്പിക്കാനും നമുക്കാവണം. അതിനുള്ളതാവട്ടെ ഈ പരിശുദ്ധ ആഘോഷം.
മുസ്ലീംകള്‍ പരസ്പരം ഐക്യപ്പെട്ട് ഹൃദയങ്ങള്‍ ചേര്‍ത്ത് ദൈവീക മാര്‍ഗ്ഗത്തില്‍ നിലകൊള്ളുകയാണ് വേണ്ടത്. അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുക അപ്രകാരം നിലകൊള്ളുന്ന സംഘങ്ങള്‍ക്കാണ്. ദൈവീക മാര്‍ഗത്തില്‍ ഒന്നിച്ചൊന്നായി അണിനിരക്കാം. ഭിന്നിപ്പും പിളര്‍പ്പും മാറ്റിവച്ച് അല്ലാഹുവിന്റെ ദീന്‍ നമുക്ക് മുറുകെ പിടിക്കാം. ഇഹലോകത്തെ രക്ഷയും, പരലോകത്തെ വിജയവും കുടികൊള്ളുന്നത് ഐക്യത്തിലാണ്.
പെരുന്നാളിന്റെ സന്തോഷങ്ങളില്‍ മുഴുകുമ്പോഴും ചില കയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മറക്കരുത്. ലോകത്ത് പല ഭാഗങ്ങളിലായി ഈ ആഹ്ലാദങ്ങളില്‍ ഹൃദയം നിറഞ്ഞ് പങ്കെടുക്കാനാകാതെ ധാരാളം സുഹൃത്തുക്കളും ജനസമൂഹങ്ങളും കഴിയുന്നുണ്ട്. അന്യായമായി തടവറകളില്‍ അകപ്പെട്ടവര്‍, സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍, അധിനിവേശത്തിന്റെ കൊടുംക്രൂരതകള്‍ക്ക് വിധേയമാവുന്നവര്‍, നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ ...അവരെ മറക്കരുത്. പ്രാര്‍ഥനകളില്‍ അവരെയും ഉള്‍പ്പെടുത്തുക.
ഈദ് നല്‍കുന്നത് സ്‌നേഹത്തിന്റെ പാഠങ്ങളും സന്ദേശങ്ങളുമാണ്. സ്ഥലകാല-സാഹചര്യങ്ങള്‍ക്കതീതമായി പ്രപഞ്ചനാഥനോടുള്ള അടങ്ങാത്ത സ്‌നേഹമാണ് അത് അടയാളപ്പെടുത്തുന്നതും പെടുത്തേണ്ടതും. ആ സ്‌നേഹത്തിന്റെ ആഴം ഒരു സുഫീകാവ്യത്തില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു. സ്‌നേഹത്തെപ്പറ്റി ഞാനറിയുന്നത് നിന്നെ സ്‌നേഹിച്ചതോടെയാണ് നീയല്ലാതെ സ്‌നേഹങ്ങള്‍ക്കുനേരെ വാതിലടച്ചതും നിന്നെ വിളിച്ചു ഞാന്‍ രാവുകള്‍ തീര്‍ക്കുന്നു ഞാന്‍ കാണാതെ, എന്റെ മനസ്സിന്റെ സ്പന്ദനങ്ങറിയുന്നൂ നീ നിന്നോടെനിക്ക് ദ്വിമുഖസ്‌നേഹമുണ്ട് മോഹത്തിന്റെയും അര്‍ഹതയുടെയും നീയല്ലാതെ മറ്റൊന്നുമോര്‍ക്കാത്ത മോഹം, ദൃഷ്ടിയുടെ മൂടുപടം മാറ്റി നിന്നെകാണാന്‍ ശേഷിയേകിയ അര്‍ഹത ഇവ രണ്ടിലും സ്തുതികള്‍ എനിക്കല്ല, നിനക്ക്, നിനക്ക് മാത്രം...
ദൈവം നമ്മില്‍ നിന്ന് സ്വീകരിക്കട്ടെ - അല്ലാഹു അക്ബര്‍ ! അല്ലാഹു അക്ബര്‍! അല്ലാഹു അക്ബര്‍!
ഏവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates