

ജനകോടികളുടെ മനസ്സില്‍ ആവേശം വിതറിയ ചുവപ്പന്‍ അനശ്വര ഗാനം ബലികുടീരങ്ങളെ എന്ന ഗാനത്തിന് '60' വയസ്സ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച അനശ്വര ഗാനമാണിത്.ബലികുടീരങ്ങളേ .. എന്ന് തുടങ്ങുന്ന വിപ്ലവഗാനം പഴയ തലമുറ മാത്രമല്ല പുതിയ തലമുറയും ആവേശത്തോടെ ഇന്നും ഏറ്റു പാടുന്നു എന്നത് ഈ ഗാനം മലയാളിയുടെ മനസ്സിനെ എത്രമാത്രം സ്വാധീനിച്ചു എന്നതിന്റെ ഉദാഹരണമാണ്.സി.പി.എം, സി.പി.ഐ പാര്‍ട്ടികളുടെയും അവയുടെ വിദ്യാര്‍ത്ഥി സംഘടനകളുടെയും പരിപാടികളില്‍ ഇന്നും ഏറ്റവും കൂടുതല്‍ മുഴങ്ങി കേള്‍ക്കുന്ന ബലികുടീരങ്ങളേ .. എന്ന ഗാനം ധീര രക്തസാക്ഷികള്‍ക്കുള്ള പ്രണാമം കൂടിയാണ്.
കാലമെത്ര ചെന്നാലും പുതുമ വറ്റാത്ത വിപ്‌ളവ വീര്യമായിരുന്നു ബലികുടീരങ്ങളേ എന്നാരംഭിക്കുന്ന ഗാനത്തിലെ വരികളിലൂടെ വയലാര്‍ രാമവര്‍മ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഒന്നാം സ്വാതന്ത്യ സമരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 1957ല്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചു.ഇതിന്റെ ഉദ്ഘാടന വേളയില്‍ ആഗസ്റ്റ് 14ന് ആലപിക്കാനാണ്ആദ്യത്തെ ലക്ഷണമൊത്ത വിപ്ലവഗാനമായ 'ബലികുടീരങ്ങളേ' .. എന്ന ഗാനം തയ്യാറാക്കിയത്. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ മുഴുവന്‍ പേര്‍ക്കുമുള്ള സ്മാരകത്തിന്റെ ഉദ്ഘാടന വേളയില്‍ ആവേശം പകരുന്ന ഗാനം തന്നെ ഒരുക്കണമെന്ന് സംഘാടകര്‍ക്ക് നിര്‍ബന്ധമായിരുന്നു.
രചന വയലാറും സംഗീതം ജി ദേവരാജനും ആകണമെന്ന് നിര്‍ദ്ദേശിച്ചത് ജോസഫ് മുണ്ടശേരിയായിരുന്നു. 1957 ജൂലൈ മാസത്തില്‍ കോട്ടയം 'ബെസ്‌റ്റോട്ടലി'ല്‍ താമസിച്ച് മൂന്നുദിവസം കൊണ്ട് വയലാര്‍ ഗാനരചന പൂര്‍ത്തിയാക്കി. വയലാറിനെ പുറത്തു വിടാതെ പിടിച്ചിരുത്തി പാട്ടെഴുതിക്കാന്‍ 'സര്‍വസന്നാഹവുമായ്' ഒരു സഹായിയെയും നല്‍കിയിരുന്നു. പിന്നീട് ദേവരാജന്‍ മാഷ് വിപ്ലവവീര്യം സിരകളില്‍ നിറയ്ക്കുന്ന സംഗീതം പകര്‍ന്നു. ആദ്യം പാടിയതും ഈണമിട്ട മാഷായിരുന്നു.
പാളയം രക്തസാക്ഷി മണ്ഡപം തുറന്നുകൊടുത്തത് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദായിരുന്നു. ഇതിന്റെ ഭാഗമായാണ് വി.ജെ.ടി ഹാളില്‍ 60 ഗായകര്‍ ചേര്‍ന്ന് 'ബലികുടീരങ്ങളേ' ആദ്യമായി ആലപിച്ചത്. ഗായകരില്‍ കെ.എസ് ജോര്‍ജ്, കെ.പി.എ.സി സുലോചന പിന്നീട് നടനായി മാറിയ ജോസ് പ്രകാശ്, അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്, എല്‍.പി.ആര്‍ വര്‍മ്മ, സി.ഒ.ആന്റോ, കവിയൂര്‍ പൊന്നമ്മ, കൊടുങ്ങല്ലൂര്‍ ഭഗീരഥിയമ്മ, സുധര്‍മ,ബിയാട്രീസ്, വിജയകുമാരി, അന്റണി എലിസബത്ത് എന്നിവരുമുണ്ടായിരുന്നു.
ഗാനം രചിക്കാന്‍ അന്ന് മറ്റു പല രചയിതാക്കളുടെയും പേര്‍ നിര്‍ദ്ദേശിച്ചെങ്കിലും വിപ്‌ളവത്തിന്റെ തീയുള്ള മനസ്സില്‍ നിന്നാവണം വരികളെന്ന തീരുമാനമാണ് വയലാര്‍രാമവര്‍മയില്‍ എത്തിയത്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയ വര്‍ഷം കൂടിയായിരുന്നു അത്.
'ബലികുടീരങ്ങളേ! ബലികുടീരങ്ങളേ!
സ്മരണകളിരമ്ബും രണസ്മാരകങ്ങളേ!
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍.
(ബലികുടീരങ്ങളേ)
ഹിമഗിരിമുടികള്‍ കൊടികളുയര്‍ത്തീ
കടലുകള്‍ പടഹമുയര്‍ത്തി
യുഗങ്ങള്‍ നീന്തിനടക്കും ഗംഗയില്‍
വിരിഞ്ഞു താമരമുകുളങ്ങള്‍
ഭൂപടങ്ങളിലൊരിന്ത്യ നിവര്‍ന്നു
ജീവിതങ്ങള്‍ തുടലൂരിയെറിഞ്ഞു
ചുണ്ടില്‍ ഗാഥകള്‍ കരങ്ങളിലിപ്പൂച്ചെണ്ടുകള്‍
പുതിയ പൗരനുണര്‍ന്നൂ.
(ബലികുടീരങ്ങളേ)
തുടിപ്പു നിങ്ങളില്‍ നൂറ്റാണ്ടുകളുടെ
ചരിത്രമെഴുതിയ ഹൃദയങ്ങള്‍
കൊളുത്തി നിങ്ങള്‍ തലമുറ തോറും
കെടാത്ത കൈത്തിരി നാളങ്ങള്‍
നിങ്ങള്‍ നിന്ന സമരാങ്കണഭൂവില്‍
നിന്നണഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങള് മലനാട്ടിലെ മണ്ണില്‍
നിന്നിതാ പുതിയ ചെങ്കൊടി നേടി
ബലികുടീരങ്ങളേ..ബലികുടീരങ്ങളേ'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates