

കണ്ണൂര്‍: പി ജെ ജോസഫ് വിഭാഗത്തിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റിയന്‍ രാജിവെച്ചു. പി ജെ ജോസഫിനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയാക്കത്തതില്‍ പ്രതിഷേധിച്ചാണ് രാജിവെയ്്ക്കുന്നതെന്ന് റോജസ് സെബാസ്റ്റിയന്‍ പറഞ്ഞു. ഭാര്യ ബീന റോജസ് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴിക്കാടനെ നിശ്ചയിക്കുന്നതില്‍ നീതിപൂര്‍വമായ തീരുമാനമല്ല പാര്‍ട്ടി എടുത്തതെന്നു പിജെ ജോസഫ് പ്രതികരിച്ചിരുന്നു. കേട്ടുകേള്‍വിയില്ലാത്ത വിധമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അവഗണിച്ചതില്‍ കടുത്ത അമര്‍ഷമുണ്ട്. തീരുമാനം പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷ. യുഡിഎഫുമായി കൂടിയാലോചിച്ച് തുടര്‍തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ജോസഫ് പറഞ്ഞു.
മുന്നണിയിലെ മറ്റ് കക്ഷികളുടെ അഭിപ്രായം പോലും മാനിച്ചില്ല. ജില്ല മാറി മത്സരിക്കരുതെന്ന പാര്‍ട്ടിയുടെ അഭിപ്രായം അംഗീകരിക്കാനാകില്ല. നേരത്തെ റോഷി അഗസ്റ്റിന്‍ ജില്ല മാറി മത്സരിച്ച ചരിത്രമുണ്ടെന്നും ജോസഫ് പറഞ്ഞു. എല്ലാവരുടെയും അഭിപ്രായം അവഗണിച്ചാണ് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം.
യുഡിഎഫുമായി യോജിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ ഡല്‍ഹിയിലാണ്. അവരെത്തിയ ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേരള കോണ്‍ഗ്രസ്(എം) കോട്ടയത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് പിജെ ജോസഫ് പരസ്യമായി ആവശ്യമുന്നയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു മാണിവിഭാഗത്തിന്റെ തീരുമാനം. ഇതിനുപിന്നാലെ പിജെ ജോസഫ് വിഭാഗം ജോസഫിന്റെ തൊടുപുഴയിലെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനിടെയാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates