കൊച്ചി : ഫ്‌ലാറ്റുകള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ നാളെ ആരംഭിക്കാനിരിക്കെ, മരട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ സെക്രട്ടറി ഇല്ലാത്തതിനെ ചൊല്ലിയാണ് യോഗത്തില്‍ ബഹളം ഉയര്‍ന്നത്. നഗരസഭ സെക്രട്ടറി എവിടെയെന്ന് ചോദിച്ചായിരുന്നു കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയത്. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ അതിരൂക്ഷമായ വാക് പോരാണ് നടന്നത്.
മരട് നഗരസഭയുടെ സെക്രട്ടറിയുടെ ചുമതല ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിനാണ് നല്‍കിയിട്ടുള്ളത്. അദ്ദേഹം നിലവിലെ സാഹചരത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പകരം മറ്റാരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ വലിയ ഭരണപ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെയര്‍പേഴ്‌സണ്‍ വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
മരടിലെ ഫ്‌ലാറ്റുകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തന്നെ നിയമിച്ചിരിക്കുന്നത്. നഗരസഭയിലെ മറ്റ് ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നാണ് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിന്റെ നിലപാട്. പകരം മറ്റാരെയും ചുമതലപ്പെടുത്താതിരുന്നതാണ് ഭരണപക്ഷം ഉന്നയിച്ചത്. സൂപ്രണ്ടിനെ എങ്കിലും ചുമതലപ്പെടുത്തണമായിരുന്നു എന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടപ്പോള്‍, ക്രമപ്രശ്‌നവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.
സെക്രട്ടറി ഇല്ലാതെ എങ്ങനെയാണ് കൗണ്‍സില്‍ യോഗം ചേരുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഇത് അജണ്ടയിലുണ്ടോ എന്ന് മുനിസിപ്പല്‍ എഞ്ചിനീയര്‍ ചോദിച്ചതോടെയാണ് ബഹളത്തിന് വഴിവെച്ചത്. ഭരണപക്ഷം മുനിസിപ്പല്‍ എഞ്ചിനീയറെ ചോദ്യം ചെയ്ത് രംഗത്തുവന്നപ്പോള്‍, എഞ്ചിനീയര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷവും എത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates