

കൊച്ചി: ഫാസിസത്തിനെതിരേ എഴുത്തുകാര്‍ സര്‍ഗാത്മക പ്രതിരോധം ഉയര്‍ത്തണമെന്നും സാഹിത്യ രംഗത്തുള്ളവര്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടരുതെന്നും പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍. സാഹിത്യത്തില്‍ ഭ്രമാത്മകതകള്‍ക്കു പകരം യാഥാര്‍ഥ്യത്തിന്റെ ആവിഷ്‌കാരങ്ങളാണ് ഇപ്പോള്‍ വായനക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃതി വിജ്ഞാനോല്‍സവത്തില്‍ എനിക്ക് പറയാനുള്ളത് എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീശാക്തീകരണം നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. വനിതകള്‍ നിശബ്ദ വിപ്ലവം പൂര്‍ത്തിയാക്കി. ശാക്തീകരണം നടന്നിട്ടും സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കാനാവില്ലെന്ന് പാശ്ചാത്യര്‍ ചോദിക്കുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിക്കു നേര്‍ക്ക് വീണ്ടും വെടിയുതിര്‍ക്കുന്ന രംഗം ഏതാനും ദിവസം മുന്‍പ് നമ്മള്‍ കണ്ടു. ഹിന്ദു മഹാസഭാ നേതാവാണ് അത് ചെയ്തത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ തീവ്ര വലതു ശക്തികള്‍ സ്വാധീനം നേടുന്നുണ്ട്. ബ്രിട്ടനില്‍ മാര്‍ക്‌സിന്റെ കല്ലറ തകര്‍ക്കപ്പെട്ടത് അടുത്തിടെയാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെയും സാര്‍ത്രിനെപ്പോലുള്ള എഴുത്തുകാരുടെയും പാരമ്പര്യമുള്ള ഫ്രാന്‍സിലും യുഎസ് അടക്കമുള്ള മറ്റ് പാശ്ചാത്യ നാടുകളിലും തീവ്ര വലത് ശക്തികള്‍ക്ക് മുന്നേറ്റമുണ്ട്. മുമ്പ് ഇടതുപക്ഷം ഉപയോഗിച്ച ഭാഷയും ഉപകരണങ്ങളും ഉപയോഗിച്ചാണ് അവര്‍ സ്വാധീനമുണ്ടാക്കുന്നതെന്നും എം മുകുന്ദന്‍ പറഞ്ഞു.
കേരളത്തില്‍ ഒരുമാസത്തിനിടെ താന്‍ പങ്കെടുക്കുന്ന നാലാമത് സാഹിത്യോല്‍സവമാണ് കൃതി എന്ന് പറഞ്ഞ മുകുന്ദന്‍ ഇന്ത്യയിലെ മറ്റിടങ്ങളിലെ സാഹിത്യോല്‍സവങ്ങള്‍ താരപ്പകിട്ടിനു പിറകേ പോവുമ്പോള്‍ കേരളം അതില്‍ വേറിട്ടുനില്‍ക്കുന്നുവെന്നും അത് അഭിമാനകരമാണെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന സാഹിത്യോല്‍സവങ്ങളില്‍ പ്രാദേശിക ഭാഷകളിലെ എഴുത്തുകാരേക്കാള്‍ ഇംഗ്ലീഷില്‍ സാഹിത്യ രചന നടത്തുന്നവര്‍ക്കാണ് പ്രാധാന്യം ലഭിക്കുന്നത്. ഒരൊറ്റ ഇംഗ്ലീഷ് രചന മാത്രം നടത്തിയവരെ താരങ്ങളായി കാണുമ്പോള്‍ പ്രാദേശിക ഭാഷകളില്‍ പതിറ്റാണ്ടുകളായി സാഹിത്യ രംഗത്തുള്ളവര്‍ക്ക് കുറഞ്ഞ പ്രാധാന്യം മാത്രം ലഭിക്കുന്നു. പ്രശസ്തര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ആള്‍ക്കൂട്ടങ്ങളെയാണ് അത്തരം മേളകളില്‍ കാണുന്നത്. എന്നാല്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. സാമൂഹിക പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണുന്ന യുവ തലമുറയാണ് കേരളത്തിലെ സാഹിത്യോല്‍സവങ്ങളില്‍ പങ്കെടുക്കുന്നത്. ഇംഗ്ലീഷ് എഴുത്തുകാരെ പ്രാദേശിക ഭാഷാ എഴുത്തുകരേക്കാള്‍ പ്രാധാന്യത്തോടെ പരിഗണിക്കുന്ന സ്വഭാവം ഇവിടത്തെ മേളകള്‍ക്കില്ല.
ഇന്ന് എഴുത്തുകാര്‍ക്ക് സാഹിത്യമേളകളടക്കം ഒട്ടേറെ വേദികള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ മുന്‍പ് ഇതല്ലായിരുന്നു സ്ഥിതി. പുസ്തകങ്ങളും എഴുത്തുകളും മാത്രമായിരുന്നു എഴുത്തുകാരെയും വായനക്കാരെയും ബന്ധിപ്പിച്ചിരുന്നത്. ഇന്ന് ഒരുപാട് സാഹിത്യ വേദികള്‍ തുറന്നിട്ടുണ്ട്. ഡല്‍ഹിയില്‍ ദലിത് എഴുത്തുകാരുടെ നേതൃത്വത്തിലുള്ള ദലിത് സാഹിത്യോല്‍സവം നടന്നു. സമൂഹത്തിലെ തെറ്റിധാരണകള്‍ തിരുത്താന്‍ ഇത്തരം വേദികള്‍ സഹാകരമാവുന്നു. ദലിത് സാഹിത്യോല്‍സവത്തില്‍ പങ്കെടുത്ത ഒരു സാഹിത്യകാരന്‍, സംവരണം കാരണം ദലിതരാണ് കൂടുതല്‍ ഔദ്യോഗിക സ്ഥാനങ്ങളിലെന്നും സവര്‍ണര്‍ക്ക് അവസരം കുറയുന്നുമെന്നുമുള്ള വാദം തെറ്റാണെന്ന് കണക്കുകള്‍ നിരത്തി തെളിയിച്ചിരുന്നുവെന്നും ഇത്തരത്തില്‍ തെറ്റിധാരണകള്‍ തകരുകയാണെന്നും എം മുകുന്ദന്‍ പറഞ്ഞു.
അമേരിക്കന്‍, യൂറോപ്യന്‍ സാഹിത്യ മേഖലകളെ നിരീക്ഷിക്കുമ്പോള്‍ സാഹിത്യം ഭ്രമാത്മതകളുടെയും അതി ഭാവനകളുടെയും ലോകത്തുനിന്ന് യാഥാര്‍ഥ്യത്തിന്റെ ലോകത്തിലേക്ക് പോവുകയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. മുന്‍പ് മാര്‍കേസിനെപ്പോലുള്ള എഴുത്തുകാരോ സാല്‍വദോര്‍ ദാലിയെപ്പോലുള്ള കലാകാരന്‍മാരോ സ്വീകരിച്ചിരുന്ന മാജിക്കല്‍ റിയലിസമോ സര്‍റിയലിസമോ പോലുള്ള ശൈലികള്‍ക്കല്ല ഇന്ന് പാശ്ചാത്യ സാഹിത്യത്തില്‍ പ്രാധാന്യം ലഭിക്കുന്നത്. സാധാരണ ജീവിതം പറയുന്ന രചനകളാണ് സ്വീകരിക്കപ്പെടുന്നത്. യൂറോപില്‍ നിന്നുള്ള ബെസ്റ്റ് സെല്ലറായ ലല്ലബി എന്ന കൃതി ഇതിന് ഉദാഹരണമാണ്. ഒരു കുടിയേറ്റ വനിതയായ ലെയ്‌ല സ്ലിമാനി എന്ന എഴുത്തുകാരിയുടെ ഈ ഗ്രന്ഥം യൂറോപ്യന്‍ നഗരങ്ങളില്‍ തിരക്കില്‍ ജിവിക്കുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ പരിപാലിക്കാനെത്തുന്ന ആയകളുടെ കഥയാണ് പറയുന്നത്. എഴുത്തുകാരും വായനക്കാരും സമാനമായാണ് ചിന്തിക്കുന്നത്. മുന്‍പ് എഴുത്തുകാര്‍ വായനക്കാരേക്കാള്‍ മുകളിലാണെന്ന ധാരണയുണ്ടായിരുന്നു. ഇന്ന് അങ്ങനല്ല. ഇപ്പോഴത്തെ എഴുത്തുകാര്‍ പ്രഭാഷകരാവുന്നില്ല. പ്രഭാഷണത്തിന്റെയും പ്രസംഗത്തിന്റെയും കാലം കഴിഞ്ഞു. ഇത് സംസാരത്തിന്റെ കാലമാണ്.
സാര്‍വലൗകികകതയില്‍ നിന്ന് സൂക്ഷ്മതകളിലേക്ക് സാഹിത്യം എത്തുകയാണ്. മുന്‍പ് മനുഷ്യന്‍ എന്ന സങ്കല്‍പത്തിലാണ് പാത്രസൃഷ്ടിയെങ്കില്‍ ഇന്ന് ഭാഷ, ദേശം, ജാതി, വംശം തുടങ്ങിയ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ അവിടെ ദൃശ്യത കൈവരിച്ചു. ഇന്ന് ലോകം കൂടുതല്‍ ചലനാത്മകമാണ്, അതിനാല്‍ തന്നെ ഒരു എഴുത്തുകാരന് കാലാകാലങ്ങളില്‍ പുനരവതരിക്കേണ്ടിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates