സേവനങ്ങള്‍ക്കായി  ഇനി പഞ്ചായത്തും നഗരസഭയും കയറി ഇറങ്ങേണ്ട; എല്ലാം ഓണ്‍ലൈനാക്കി തദ്ദേശവകുപ്പ്

എല്ലാവിധ സേവനങ്ങള്‍ക്കും പൊതുജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരിട്ട് ഹാജരാകാതെ തന്നെ അപേക്ഷ അയയ്ക്കാവുന്നതും സേവനങ്ങള്‍ സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാവുന്നതുമാണ്
സേവനങ്ങള്‍ക്കായി  ഇനി പഞ്ചായത്തും നഗരസഭയും കയറി ഇറങ്ങേണ്ട; എല്ലാം ഓണ്‍ലൈനാക്കി തദ്ദേശവകുപ്പ്
Updated on
1 min read


തിരുവനന്തപുരം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്വവും, കൃത്യതയും, സമയക്ലിപ്തതയും, നിരീക്ഷണവും സാങ്കേതിക മികവോടെ നടപ്പിലാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ വികസിപ്പിച്ച ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ILGMS) എന്ന സമഗ്ര സോഫ്റ്റ് വെയര്‍ ജൂലൈ മാസത്തോടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടപ്പാക്കും. ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയാണിപ്പോള്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.

നിലവില്‍ സേവന സോഫ്റ്റ് വെയറിലൂടെ ജനന/മരണ/വിവാഹ രജിസ്‌ട്രേഷനുകളില്‍ വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷയും, പേര് ചേര്‍ക്കലിനുള്ള അപേക്ഷയും മാത്രമാണ് ഇഫയലിംഗിലൂടെ സാധ്യമാകുന്നത്. അവ ഇഫയല്‍ ചെയ്താലും രേഖകളൊക്കെ നേരിട്ട് ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ സോഫ്റ്റ് വെയര്‍ നിലവില്‍ വരുന്നതോടെ ജനന/മരണ/വിവാഹ രജിസ്‌ട്രേഷന്‍, പേര് ചേര്‍ക്കല്‍, തിരുത്തല്‍ തുടങ്ങി എല്ലാവിധ സേവനങ്ങള്‍ക്കും പൊതുജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരിട്ട് ഹാജരാകാതെ തന്നെ അപേക്ഷ അയയ്ക്കാവുന്നതും സേവനങ്ങള്‍ സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാവുന്നതുമാണ്.

ഉപഭോക്താവിന് തന്റെ ഇന്‍ബോക്‌സിലും, ഇമെയിലായും സേവനം ലഭ്യമാക്കുന്ന സംവിധാനം ഇതിലുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫയലുകള്‍ ഇനി മുതല്‍ വെബ് ബേയ്‌സ്ഡ് ആയി പ്രോസ്സസ് ചെയ്യാന്‍ സാധിക്കും എന്നത് ഈ സോഫ്റ്റ് വെയറിന്റെ പ്രത്യേകതയാണ്. ഈ സോഫ്റ്റ് വെയര്‍ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും വ്യന്യസിക്കുന്നതോടെ, സേവനങ്ങള്‍ ലഭിക്കുന്നതിന് പൊതുജനങ്ങള്‍ നേരിട്ട് ഓഫീസില്‍ ഹാജരാകേണ്ട ആവശ്യം ഉണ്ടാകുന്നില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇത്തരം സംവിധാനം എടുത്തു പറയേണ്ട ഒന്നാണ്.

ജനന/മരണ/വിവാഹ രജിസ്‌ട്രേഷനകളോടൊപ്പം നിലവില്‍ വെബ് അടിസ്ഥാനത്തില്‍ അല്ലാത്ത ഫിനാന്‍സ് ആന്റ് അക്കൌണ്ടിംഗ് മൊഡ്യൂള്‍ വെബ് അധിഷ്ടിതമാകുന്നതോടെ ഓരോ തദ്ദേശ സ്വയം ഭരണസ്ഥാപനത്തിലേയും ധനകാര്യ ഇടപാടുകള്‍, തത്സമയ ധനസ്ഥിതി എന്നിവ സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും സംസ്ഥനതലത്തില്‍ യഥാസമയം ലഭ്യമാകുന്ന അവസ്ഥാ വിശേഷം ഉണ്ടാകുകയും, ആയത് വഴി സര്‍ക്കാരിന് നയപരമായ തീരുമാനമെടുക്കലുകള്‍ക്കും തദ്ദേശീയമായ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സഹായകമാകും.

നിലവില്‍ മാന്വലായി കൈകാര്യം ചെയ്യുന്ന എല്ലാ ഫയലുകളും വെബ് ബെയ്‌സ്ഡ് ആകുന്നതോടെ ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ ഗുണപരവും, കാര്യക്ഷമവും, പൗര സൗഹാര്‍ദ്ദവുമായി മാറുകയും കൂടുതല്‍ സുതാര്യവും ഉത്തരവാദിത്വവും ഉറപ്പാക്കുകയും ചെയ്യും. കൂടാതെ സോഫ്റ്റ് വെയറില്‍ ലഭ്യമാകുന്ന മോണിറ്ററിംഗ് സംവിധാനം വഴി കാര്യക്ഷമമായ ഒരു സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യം കൈവരിക്കാനും കഴിയുന്നു.

സര്‍ക്കാരിന്റെ വിവരസാങ്കേതിക നയത്തിന് ഊന്നല്‍ നല്‍കികൊണ്ട് ഓപ്പണ്‍സോഴ്‌സ് സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ഈ സോഫ്റ്റ് വെയര്‍, ആവര്‍ത്തന ചെലവ് കുറയ്ക്കുകയും അതുവഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ഇതിനെല്ലാമുപരി ഈ സോഫ്റ്റ് വെയര്‍ കസ്റ്റമൈസ് ചെയ്യുകയാണെങ്കില്‍ മറ്റ് ഏതൊരു വകുപ്പിനും ഇത് ഉപയോഗപ്രദമാക്കാവുന്നതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com