

തൃശൂർ : രാവിലെ സ്കൂളിലെത്തിയ വിദ്യാർത്ഥികളെ വരവേറ്റത് അപ്രതീക്ഷിത അതിഥി. മിഷൻ ക്വാർട്ടേഴ്സ് സെന്റ് ജോസഫ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് മുറിയിലാണ് അപ്രതീക്ഷിത അതിഥി എത്തിയത്. ടിവിയിലൂടെ മാത്രം കുട്ടികൾ കണ്ടിട്ടുള്ള വെള്ളിമൂങ്ങയായിരുന്നു ആ അതിഥി! അപൂർവ അതിഥിയെ കാണാൻ കുട്ടികൾ പ്രവഹിച്ചതോടെ ആദ്യ പീരിയഡ് മുഴുവൻ പരിസ്ഥിതി പഠനത്തിനായി അധ്യാപകർ മാറ്റിവക്കുകയായിരുന്നു.
രാവിലെ എട്ടരയോടെ സ്കൂളിലെത്തിയ വിദ്യാർഥികളാണ് ക്ലാസ്മുറിയുടെ മച്ചിൽ വെള്ളിമൂങ്ങ ഇരിക്കുന്നതു കണ്ടത്. വിദ്യാർഥികൾ ഉടൻ തന്നെ സ്റ്റാഫ് റൂമിലെത്തി അധ്യാപകരെ വിവരമറിയിച്ചു. മൂങ്ങയെ ഭയപ്പെടുത്തി ഉപദ്രവിക്കരുതെന്നും എല്ലാവർക്കും കാണാൻ അവസരമുണ്ടാക്കാമെന്നും അധ്യാപകർ അറിയിച്ചതോടെ കുട്ടികളിൽ കൗതുകം വളർന്നു.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ആയിരത്തിയഞ്ഞൂറിലേറെ കുട്ടികളാണ് സ്കൂളിലുള്ളത്. ഓരോ വിഭാഗം കുട്ടികൾക്കും ഊഴമിട്ട് അധ്യാപകർ വെള്ളിമൂങ്ങയെ കാട്ടിക്കൊടുത്തു. ചെറിയ ക്ലാസുകളിലെ കുട്ടികൾ ആഹ്ലാദശബ്ദമുണ്ടാക്കിയപ്പോൾ മൂങ്ങ ക്ലാസിലെ മറ്റൊരു മൂലയിലേക്കു മാറി. സ്കൂൾ അധികൃതർ വിവരം അറിയിച്ചത് അനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മൂങ്ങയെ പിടികൂടി. എല്ലാ വിദ്യാർത്ഥികളെയും കാണാൻ അനുവദിച്ചശേഷമാണ് മൂങ്ങയെയും കൊണ്ട് വനംവകുപ്പ് അധികൃതർ മടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates