സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്ലാം മതം നിഷ്‌കര്‍ഷിക്കുന്നില്ല; എംഇഎസിന് പിന്തുണയുമായി കേരള നദ് വത്തുള്‍ മുജാഹിദ്ദീന്‍

സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്ലാം മതം നിഷ്‌കര്‍ഷിക്കുന്നില്ലെന്ന്‌ കേരള നദ് വത്തുള്‍ മുജാഹിദ്ദീന്‍ പ്രസിഡന്റ് ടിപി അബ്ദുള്ള കോയ
സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്ലാം മതം നിഷ്‌കര്‍ഷിക്കുന്നില്ല; എംഇഎസിന് പിന്തുണയുമായി കേരള നദ് വത്തുള്‍ മുജാഹിദ്ദീന്‍
Updated on
1 min read

കോഴിക്കോട്:  മുഖാവരണ നിരോധനത്തില്‍ എംഇഎസിന് പിന്തുണയുമായി കേരള നദ് വത്തുള്‍ മുജാഹിദ്ദീന്‍. സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്ലാം മതം നിഷ്‌കര്‍ഷിക്കുന്നില്ലെന്ന്‌ കേരള നദ് വത്തുള്‍ മുജാഹിദ്ദീന്‍ പ്രസിഡന്റ് ടിപി അബ്ദുള്ള കോയ പറഞ്ഞു. ഇതേചൊല്ലി ഇപ്പോഴുണ്ടാക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എംഇഎസിനെ അനൂകൂലിച്ച് മന്ത്രി കെടി ജലീലും രംഗത്തെത്തിയിരുന്നു. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്ന് ഇസ്ലാം മതം പറയുന്നുണ്ടെന്നും ഹജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി. വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഈ വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എംഇഎസിന്റെ സര്‍ക്കുലറിനെ തള്ളി സമസ്ത രംഗത്തെത്തി.സലഫിസം വരുന്നതിനു മുന്‍പുള്ള വസ്ത്രമാണ് നിഖാബ് (മുഖവസ്ത്രം). പ്രവാചകന്റെ കാലഘട്ടം മുതലേയുള്ള വസ്ത്രമാണത്. അന്യപുരുഷന്മാര്‍ കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും അത് ധരിക്കണം.  എംഇഎസ് എന്നു പറഞ്ഞാല്‍ മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടവരല്ല. ഓരോരുത്തരുടെ സ്ഥാപനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് നടപ്പാക്കാം. മുസ്ലിം വിശ്വാസികളായ കുട്ടികള്‍ ഞങ്ങളോടൊപ്പമുണ്ടാകും. മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എംഇഎസിന് അര്‍ഹതയില്ല. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സമ്മതിക്കില്ലെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

അടുത്ത അധ്യയനവര്‍ഷം മുതല്‍ എംഇഎസ് കോളജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങിയിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമമെന്നായിരുന്നു എംഇഎസ് പ്രസിഡന്റ് ഡോ. കെ.പി. ഫസല്‍ ഗഫൂര്‍ പറഞ്ഞത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.

മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. 201920 അധ്യയന വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കണമെന്നും വിവാദത്തിന് ഇടം നല്‍കരുതെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലാണ് എതിര്‍പ്പുമായി സമസ്ത രംഗത്തെത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com